വ്യത്യസ്തമായ വിഭവങ്ങള്‍ ഒരുക്കിയും രുചിയില്‍ മാറ്റം വരുത്തിയുമൊക്കെയാണ് ഹോട്ടലുകള്‍ ഉപഭോക്താക്കളെ നേടുന്നത്. ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി പലവഴികള്‍ അവര്‍ പരീക്ഷിക്കാറുണ്ട്.

കളിത്തീവണ്ടിയില്‍ തീന്മേശയിലേക്ക് വിഭവങ്ങള്‍ എത്തിച്ചു നല്‍കുന്ന ഹൈദരാബാദിലെ ഒരു ഹോട്ടലിന്റെ ദൃശ്യങ്ങളാണ് ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്. ഹര്‍ഷ് ഗോയെങ്ക ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് തീവണ്ടി യാത്ര മിസ് ചെയ്യുന്നുണ്ടെങ്കില്‍, ഹൈദരാബാദിലെ അപൂര്‍വ ഹോട്ടലിതാ എന്ന ക്യാപ്ഷനോടെയാണ് ഹര്‍ഷ് ഗോയെങ്ക വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

 
എന്തായാലും വീഡിയോ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. 39 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ 32000-ല്‍ പരം ആളുകളാണ് കണ്ടത്. ആയിരത്തിലധികം ലൈക്കുകളും കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. 
 
ഹോട്ടലിന്റെ അടുക്കളയില്‍നിന്ന് തീന്‍ മേശയിലേക്ക് വിഭവങ്ങളുമായെത്തുന്ന കുഞ്ഞു ട്രെയിനാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ഗ്രേവിയും ബ്രെഡും പപ്പടവുമൊക്കെയായാണ് തീവണ്ടി എത്തുന്നത്. വെയിറ്ററുടെ ജോലി തീവണ്ടി ഏറ്റെടുത്തുവെന്ന് ചുരുക്കം. കോവിഡ് കാലത്ത് ഹോട്ടലില്‍ ഇടപെടല്‍ കുറയ്ക്കാന്‍ ഇതുവഴി കഴിയും.

ഇതുവരെ കണ്ടിട്ടില്ലാത്ത ഈ നൂതന ആശയം പരീക്ഷിച്ചുനോക്കണമെന്ന് വീഡിയോ കണ്ട് പലരും പറഞ്ഞു. എന്നാല്‍, ഹൈദരാബാദില്‍ മാത്രമല്ല, ഇന്ത്യയിലെ പ്രസിദ്ധമായ ഒട്ടേറെ നഗരങ്ങളിലെ ഹോട്ടലുകളില്‍ ഇത്തരത്തില്‍ ഭക്ഷണം വിളമ്പുന്നുണ്ടെന്ന് കുറെപ്പേര്‍ പറഞ്ഞു.

Content highlights: this unique restaurant serves food on toy train twitter approves