Photo: Mathrubhumi Archives
മലയാളികൾക്ക് ബ്രേക്ഫാസ്റ്റ് എന്നാൽ പുട്ടും കടലയും ദോശയും ചമ്മന്തിയുമൊക്കെയാണ്. ഇടിയപ്പവും ഇഡ്ഡലിയും ചപ്പാത്തിയുമൊക്കെ ഓപ്ഷനുകളായി ഉണ്ടാവുമെങ്കിൽ തയ്യാറാക്കാനുള്ള എളുപ്പം കൊണ്ട് പുട്ട് കൂടുതൽ തിരഞ്ഞെടുക്കുന്നവരുണ്ട്. എന്നാൽ സ്ഥിരമായി പുട്ട് വീട്ടിൽ തയ്യാറാക്കുന്നതുകണ്ട് മടുത്ത ഒരു വിദ്യാർഥിയുടെ പരീക്ഷാ പേപ്പറാണ് സാമൂഹിക മാധ്യമത്തിൽ നിറയുന്നത്. നടൻ ഉണ്ണി മുകുന്ദനാണ് രസകരമായ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
'എനിക്കിഷ്ടമില്ലാത്ത ഭക്ഷണം' എന്ന വിഷയത്തിൽ ഒരു പാരഗ്രാഫ് എഴുതൂ എന്നതായിരുന്നു ചോദ്യം. ഇതിനാണ് തനിക്കൊട്ടും ഇഷ്ടമില്ലാത്ത പുട്ടിനെക്കുറിച്ച് വിദ്യാർഥി എഴുതിയിരിക്കുന്നത്.
എനിക്കിഷ്ടമില്ലാത്ത ഭക്ഷണം പുട്ടാണ് എന്നുപറഞ്ഞാണ് ഉത്തരം ആരംഭിക്കുന്നത്. കേരള ഭക്ഷണമായ പുട്ട് അരി കൊണ്ടാണ് തയ്യാറാക്കുന്നതെന്നും ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതിനാൽ അമ്മ ദിവസവും രാവിലെ അതാണ് ഉണ്ടാക്കുന്നതെന്നും എഴുതിയതു കാണാം. ഇനി പുട്ട് അത്രത്തോളം ഇഷ്ടമില്ലാത്തതിനു പിന്നാലെ കാരണവും കുട്ടി എഴുതിയിട്ടുണ്ട്.
പുട്ട് തയ്യാറാക്കി അഞ്ചു മിനിറ്റിനുശേഷം വിളമ്പുമ്പോഴേക്കും പുട്ട് പാറപോലെ കട്ടിയാവും അപ്പോൾ അത് താൻ കഴിക്കില്ല. മറ്റൊരു ഭക്ഷണം തയ്യാറാക്കി തരൂ എന്നു പറയുമ്പോൾ അവരത് ചെയ്യുകയുമില്ല, താൻ പട്ടിണി കിടക്കുകയും ചെയ്യും. അതിന് അമ്മ വഴക്കുപറയുകയും താൻ കരയുകയും ചെയ്യും. പുട്ട് ബന്ധങ്ങളെ തകർക്കും- എന്നാണ് ഉത്തരം അവസാനിക്കുന്നത്.
നിരവധി പേരാണ് വിദ്യാർഥിയുടെ ഉത്തരം ഗംഭീരം എന്നു കമന്റുകൾ ചെയ്തിരിക്കുന്നത്. ക്രിയേറ്റീവ് റൈറ്റിങ് എന്ന ഭാഗത്താണ് വിദ്യാർഥി ഇഷ്ടമില്ലാത്ത ഭക്ഷണത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. ഇത്തരം അപ്രതീക്ഷിതമായ ഉത്തരങ്ങൾ സ്ഥിരമായി കാണാറുണ്ടെന്ന് ഒരധ്യാപിക കമന്റ് ചെയ്യുന്നു. സ്ഥിരമായി ഒരേ ഭക്ഷണം ഉണ്ടാക്കിയാൽ ആരും വെറുത്തുപോവുമെന്ന് മറ്റു ചിലർ. ചൂടോടെ വിളമ്പിയാൽ പുട്ടിനോളം രുചിയുള്ള മറ്റൊരു പ്രാതൽ ഭക്ഷണമില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നവരുമുണ്ട്.
Content Highlights: this student is not happy with mom making puttu for breakfast every day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..