ചായ എന്നത് ചിലര്‍ക്കൊരു വികാരം തന്നെയാണ്. ചായയിലെ വ്യത്യസ്തതകള്‍ തേടാന്‍ ഇഷ്ടമുള്ളവരുമുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ നിറയുന്നതും ഒരു ചായവിശേഷമാണ്. മറ്റൊന്നുമല്ല, ഒരു കപ്പ് ചായയുടെ വിലയാണത്. പത്തും നൂറുമല്ല, ആയിരം രൂപ വിലയുള്ള ചായയാണ് താരമായിരിക്കുന്നത്. 

കൊല്‍ക്കത്തയിലെ ഒരു ചായക്കടയില്‍നിന്നാണ് ഈ വാര്‍ത്ത. മുകുന്ദപുരില്‍ പാര്‍ഥ പ്രതിം ഗാംഗുലി എന്നയാള്‍ നടത്തുന്ന ചായക്കടയിലാണ് രുചിയിലും വിലയിലും കെങ്കേമന്മാരായ ചായകളുള്ളത്. ഒരു കപ്പിന് പന്ത്രണ്ട് രൂപ മുതല്‍ ആയിരം രൂപ വരെ വിലയുള്ള ചായകളാണ് ഇവിടെയുള്ളത്. നൂറോളം വ്യത്യസ്ത രുചിയിലുള്ള ചായകളും ഇവിടെ ലഭ്യമാണ്. 

ഇനി ആയിരം രൂപ വില വരാന്‍ മാത്രം ഈ ചായക്കെന്തു പ്രത്യേകതയെന്നല്ലേ? കിലോ ഗ്രാമിന് മൂന്നു ലക്ഷത്തോളം വിലവരുന്ന ബോ ലേ ടീയാണ് ഇവിടെ തയ്യാറാക്കുന്നത്. ചൈനയിലെ യുനാനില്‍ മാത്രം നിര്‍മിച്ചുവരുന്ന പ്രത്യേക തരം ചായയാണിത്. തേയിലകള്‍ കാലങ്ങളോളം എടുത്തുവച്ച് ഉണക്കി ഉപയോഗിക്കുന്ന രീതിയാണിതില്‍ സ്വീകരിക്കുന്നത്. 

തീര്‍ന്നില്ല, സില്‍വര്‍ നീഡില്‍ വൈറ്റ് ടീ, ലാവെന്‍ഡര്‍ ടീ, ചെമ്പരത്തി ടീ, വൈന്‍ ടീ, തുളസി-ഇഞ്ചി ചായ തുടങ്ങി നിരവധി വ്യത്യസ്ത ചായകളും ഇവിടെയുണ്ട്. ഏഴു വര്‍ഷം മുമ്പ് ഒരു കമ്പനിയില്‍ ജോലി ചെയ്യവേയാണ് പാര്‍ഥ വ്യത്യസ്തമായ ഈ ചായക്കടയെക്കുറിച്ച് ചിന്തിക്കുന്നത്. സാധാരണ ചായകള്‍ എങ്ങനെയാണ് ഒരു ട്വിസ്റ്റോടെ അവതരിപ്പിക്കുക എന്ന ചിന്തയില്‍ നിന്നാണ് ഈ സംരംഭം പിറന്നതെന്നും അദ്ദേഹം പറയുന്നു. 

Content Highlights: This Kolkata tea stall serves special tea for Rs 1,000 per cup