ചുമ്മാ ഇരുന്ന് കൊറിക്കാന്‍ പോപ്‌കോണ്‍ ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്. ചോക്ലേറ്റ്, നെയ്യ് എന്നിവ ചേര്‍ത്തും വിവിധതരം രുചിയിലും മണത്തിലും ലഭ്യമായ പോപ്‌കോണ്‍ നമുക്കറിയാം. ഉത്സവങ്ങളിലും പള്ളിപ്പെരുന്നാളിനും പോപ്‌കോണ്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. മുട്ടചേര്‍ത്ത വെറൈറ്റി പോപ്‌കോണ്‍ ഉണ്ടാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായിരിക്കുന്നത്. 

മുട്ട കൊണ്ടുണ്ടാക്കുന്ന വിവിധ വിഭവങ്ങള്‍ നമുക്കറിയാം. എന്നാല്‍, മുട്ടയുടെ ഫ്‌ളേവര്‍ ഉപയോഗപ്പെടുത്തി തയ്യാറാക്കുന്ന വിഭവങ്ങള്‍ വളരെ ചുരുക്കമാണ്. അതുകൊണ്ട് തന്നെ മുട്ട ചേര്‍ത്തുണ്ടാക്കുന്ന പോപ്‌കോണ്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ചില്ലറ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നുണ്ട്. 

സ്‌കോട്ടേഴ്‌സ് റിയാലിറ്റി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വൈറല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വലിയൊരു ചീനചട്ടിയിലേക്ക് ചോളം ഇട്ടതിനുശേഷം അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുന്നു. ഇതിലേക്ക് കുറച്ച് എണ്ണ കൂടി ചേര്‍ത്ത് അടപ്പ് വെച്ച് മൂടുകയാണ് ചെയ്യുക. ഏതാനും മിനിറ്റുകള്‍ക്കുശേഷം അടപ്പ് മാറ്റി നോക്കുമ്പോള്‍ പോപ്‌കോണ്‍ തയ്യാറായിട്ടുണ്ടാകും. 

ഏകദേശം 31 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. 16000-ത്തോളമാളുകള്‍ വീഡിയോയ്ക്ക് ലൈക്കു ചെയ്തു.

Content highlights: this bizarre egg popcorn recipe has the internet confused