വ്യത്യസ്ത ആകൃതിയിലും രുചിയിലുമെത്തുന്ന വിഭവങ്ങളുടെ ചിത്രങ്ങളും വീഡിയോയും മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. അത്തരമൊരു വിഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

രണ്ടുകിലോ ഭാരമുള്ള, ഉള്ളില്‍ പച്ചക്കറിയും ചീസും നിറച്ച മോമോ. ആ മോമോയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഭക്ഷ്യയോഗ്യമായ 24 കാരറ്റ് സ്വര്‍ണം പൂശിയതാണ് ഈ മോമോ. 

മുംബൈയിലെ മെസ്സി അദ്ദാ കഫെ ആണ് ഈ സ്‌പെഷ്യല്‍ മോമോ ഉണ്ടാക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ whatafoodiegirl എന്ന ഫുഡ് ബ്ലോഗറാണ് ഈ മോമോയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സ്റ്റീല്‍ പാത്രത്തില്‍ വെച്ചിരിക്കുന്ന ഈ ഭീമന്‍ മോമോയുടെ മുകളില്‍ മുറിച്ച കാരറ്റ് കഷണങ്ങള്‍ വെച്ചിട്ടുണ്ട്. ചോക്കലേറ്റ് നിറച്ച രണ്ട് മോമോയും ചട്ണിയും മയൊണൈസും മിന്റ് ചട്ണിയും സ്‌പെഷ്യല്‍ മോമോയ്ക്ക് ഒപ്പമുണ്ട്.
1299 രൂപയാണ് ഇതിന്റെ വില. ഒരു മോമോ ആറു മുതല്‍ എട്ടുപേര്‍ക്ക് വരെ കഴിക്കാനുണ്ട്. 60,000-ല്‍ അധികം പേരാണ് ഇതുവരെ ഈ വീഡിയോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.

മോമോയ്ക്ക് സ്വല്‍പം വില കൂടുതലാണെന്ന് വീഡിയോയ്ക്ക് ചിലര്‍ കമന്റ് ചെയ്തു. അതേസമയം, സാധാരണയുള്ള മോമോയുടെ രുചി ഭീമന്‍ മോമോയ്ക്ക് കിട്ടുമോയെന്ന് ചിലര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Content highlights: this 24 karat gold plated momo has our attention