തിരുവാതിരപ്പുഴുക്ക്| ഫോട്ടോ: ശ്രീജിത്ത് പി.രാജ്
ഇന്ന് ധനുമാസത്തിലെ തിരുവാതിര. തിരുവാതിരയ്ക്ക് തയ്യാറാക്കുന്ന സ്പെഷ്യല്‍ വിഭവമാണ് തിരുവാതിരപ്പുഴുക്ക്. എന്നാല്‍, തിരുവാതിരപ്പുഴുക്ക് കഴിക്കാന്‍ ഇഷ്ടമാണെങ്കിലും തയ്യാറാക്കുന്നതിലെ കഷ്ടപ്പാട് ഓര്‍ക്കുമ്പോള്‍ പലരും കൊതിയങ്ങ് മാറ്റിവെയ്ക്കും. എന്നാല്‍, ഇത്തവണ പാരമ്പര്യത്തനിമയില്‍ തയ്യാറാക്കിയ പുഴുക്ക് ചട്ടിയില്‍ വാങ്ങിക്കൊണ്ടുപോകാന്‍ അവസരമുണ്ട് കോട്ടയം നഗരത്തില്‍.
കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിന്റെ തെക്കേനടയില്‍ ശ്രീരംഗം ഓഡിറ്റോറിയത്തിന് സമീപം പാരമ്പര്യ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന 'പൈതൃകം ട്രെഡീഷണല്‍ സെന്ററി'ന് നേതൃത്വം കൊടുക്കുന്നവരാണ് 'തിരുവാതിരപ്പുഴുക്ക്' രുചിച്ചറിയാന്‍ വഴിതുറക്കുന്നത്.
കളിമണ്‍ പാത്രത്തിലാണ് പുഴുക്ക് നല്‍കുന്നതെന്ന് 'പൈതൃകം' പങ്കാളികളിലൊരാളായ കെ.പി.പ്രകാശ് പറയുന്നു.
പ്രകാശിനൊപ്പം കെ.എന്‍.വിനോദ്, മനോജ് കുമാര്‍ എന്നിവരുമുണ്ട്. നട്ടാശ്ശേരി എന്‍.എസ്.എസ്. സ്വാശ്രയസംഘത്തിന്റെ സഹായത്തോടെയാണിത് തയ്യാറാക്കുന്നത്. വിവരങ്ങള്‍ക്ക്: 9946682181.
പുഴുക്ക് തയ്യാറാക്കുന്നവിധം
ഡിസംബര്‍-ജനുവരി മാസം കിഴങ്ങുവിളകളുടെ കാലമായതിനാല്‍ തിരുവാതിരപ്പുഴുക്കിലെ മുഖ്യചേരുവയും ഇവയാണ്. കാച്ചില്, ചേന, ചേമ്പ്, കൂര്‍ക്ക, ഏത്തയ്ക്ക എന്നിവയാണ് പ്രധാനം. ഇവ കഷണങ്ങളാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കും. വെന്തുകഴിയുമ്പോള്‍ വന്‍പയര്‍ വേവിച്ചത് ചേര്‍ത്തിളക്കും. ഇതിലേക്ക് തേങ്ങ, ജീരകം, പച്ചമുളക് അല്ലെങ്കില്‍ ചുവന്നമുളക് എന്നിവ ചേര്‍ത്തിളക്കി കുഴച്ച് പച്ചവെളിച്ചെണ്ണ തൂകി കറിവേപ്പില ചേര്‍ത്ത് തീകെടുത്തി അടച്ചുവെയ്ക്കുക. അല്പംകഴിഞ്ഞ് ഒന്നുകൂടി ഇളക്കുക. തിരുവാതിരപ്പുഴുക്ക് റെഡി.
Content Highlights: Thiruvathira special Puzhukku recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..