രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടതോടെ നാടെങ്ങും ഭക്ഷ്യക്ഷാമം രൂക്ഷമായി. അരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ വില വന്‍തോതില്‍ ഉയര്‍ന്നു. കൂനിന്മേല്‍ കുരുപോലെ തൊഴിലില്ലായ്മയും രൂക്ഷമായി. പലേടത്തും ആളുകള്‍ പട്ടിണി കിടന്നു. മധ്യതിരുവിതാംകൂറിന്റെ ചിലഭാഗത്ത് പച്ചിലകളും പിണ്ണാക്കും തിന്ന് ചിലര്‍ വിശപ്പടക്കുന്നതായി വാര്‍ത്തവന്നു. നാട്ടിന്‍പുറങ്ങളിലെ ആളുകള്‍ ചേമ്പ്, ചേന, പയര്‍, ഉഴുന്ന് തുടങ്ങിയവയുടെ ഇലകള്‍തിന്ന് വിശപ്പടക്കാന്‍ തുടങ്ങി. പരിപ്പ്, പയര്‍, പേപ്പര്‍, ഔഷധങ്ങള്‍ സിമന്റ് വരവ് തുണി തുടങ്ങിയവ കിട്ടാതായി. സാധനങ്ങള്‍ പൂഴ്ത്തിവെച്ച് കൊള്ളലാഭംകൊയ്ത കച്ചവടക്കാര്‍ കൂടി. യുദ്ധം ആരംഭിക്കുന്നതിനുമുന്‍പ് ബര്‍മ്മയിലും മറ്റുരാജ്യങ്ങളിലുംനിന്ന് അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വന്നുകൊണ്ടിരുന്ന കപ്പലുകളുടെ പോക്കുവരവ് നിലച്ചതാണ് ഇതിനെല്ലാം കാരണമായത്.

ഭക്ഷ്യക്ഷാമം നാട്ടിന്‍പുറങ്ങളില്‍ മാത്രമല്ല, അനന്തപുരി ഉള്‍പ്പെടെയുള്ള നഗരങ്ങളെയും ബാധിച്ചു. തുടര്‍ന്നാണ് 1943 ഡിസംബറില്‍ അനന്തപുരിയിലും റേഷന്‍ സമ്പ്രദായം കൊണ്ടുവന്നത്. രണ്ടരനാഴി അരിയും ഒരുനാഴി ഗോതമ്പും അരനാഴി ബജ്റയും ആയിരുന്നു നഗരത്തിലെ റേഷന്‍ യൂണിറ്റ്. പ്രായപൂര്‍ത്തിയായ ഒരാളിന് രണ്ടു യൂണിറ്റും കുട്ടികള്‍ക്ക് ഒരു യൂണിറ്റുമാണ് ആഴ്ചയില്‍ ലഭിച്ചിരുന്നത്. പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മണ്ണെണ്ണ അനുവദിച്ചിരുന്നു. ചില സമയത്ത് ഇതിന്റെ അനുവാദത്തിന് പോലീസ് ഇന്‍സ്‌പെക്ടര്‍കൂടി ഒപ്പിടണമായിരുന്നു. അക്കാലത്ത് പഞ്ചസാര അപൂര്‍വ വസ്തുവായി മാറി

സര്‍ സി.പി.രാമസ്വാമി അയ്യരാണ് അന്നത്തെ തിരുവിതാംകൂര്‍ ദിവാന്‍. ഭക്ഷ്യസാധനങ്ങളുടെ ക്ഷാമം പരിഹരിക്കാന്‍ അദ്ദേഹം പല കര്‍ശന നടപടികളും എടുത്തു. മറ്റുരാജ്യങ്ങളില്‍നിന്ന് അരി കിട്ടാതായപ്പോള്‍ തിരുവിതാംകൂറിനാവശ്യമായ അരിക്ക് അദ്ദേഹം മദിരാശി സര്‍ക്കാരിനോട് അപേക്ഷിച്ചു. അവിടെയാണ് അരി കൂടുതല്‍ ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍, അവര്‍ക്ക് കൊച്ചിക്കും അരി കൊടുക്കേണ്ടിയിരുന്നു. ഒടുവില്‍ മദിരാശി സര്‍ക്കാര്‍ നല്‍കിയ അരിയുടെ നാലിലൊരുഭാഗം കൊച്ചിക്കുംകൂടി കൊടുത്തു. റേഷന്‍ കൊടുക്കാന്‍പോലും അത് തികഞ്ഞില്ല. സ്വകാര്യവ്യക്തികളുടെ പാടത്ത് ഉത്പാദിപ്പിക്കുന്ന നെല്ല് അവരുടെ ആവശ്യവും വിത്തിനും കഴിഞ്ഞശേഷം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. കള്ളക്കണക്ക് കാണിച്ച് നെല്ല് പൂഴ്ത്തിവയ്ക്കുന്നവരെ പിടികൂടി. കടകളില്‍ പരിശോധന കര്‍ശനമാക്കി. സ്റ്റോക്കില്‍ കൂടുതല്‍ ശേഖരിച്ചിട്ടുള്ള കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. നെല്ലും അരിയും രഹസ്യമായി സൂക്ഷിക്കുന്നു എന്ന വിവരം കിട്ടിയാല്‍ അവിടെ പോലീസ് പരിശോധന കര്‍ശനമാക്കി. ഇങ്ങനെ പിടികൂടിയവരുടെ കൂട്ടത്തില്‍ ഒരു മുന്‍ ചീഫ് സെക്രട്ടറിയുടെ മകനും ഉണ്ടായിരുന്നു.

രാത്രി പെര്‍മിറ്റ് ഇല്ലാതെ അരിയും നിത്യോപയോഗ സാധനങ്ങളും കൊണ്ടുപോകുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി ശേഖരിക്കാന്‍ 'ഗ്രെയിന്‍ പര്‍ച്ചേസിങ് ഓഫീസറെ' നിയമിച്ചു. താലൂക്ക് തോറും ഭക്ഷ്യനിയന്ത്രണ കമ്മിറ്റികളുണ്ടാക്കി. വിലനിയന്ത്രണത്തിനും റേഷന്‍ സമ്പ്രദായത്തിനും കൃത്യമായി ഉപദേശം നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു കമ്മിറ്റി ദിവാന്റെ കീഴില്‍ രൂപവത്കരിച്ചു.

രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടിണി പരിഹരിക്കാന്‍ കൂടുതല്‍ സഹായിച്ചത് മരച്ചീനി(കപ്പ)യായിരുന്നു. വ്യാപകമായി മരച്ചീനി കൃഷിചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കര്‍ഷകരില്‍നിന്നു മരച്ചീനി സംഭരിച്ച് കുറഞ്ഞവിലയ്ക്ക് അഞ്ചലോഫീസുകള്‍ വഴിയും മറ്റുസ്ഥാപനങ്ങള്‍ വഴിയും സര്‍ക്കാര്‍ വില്‍ക്കാന്‍ തുടങ്ങി. അതോടൊപ്പം കടലില്‍നിന്നുള്ള മത്സ്യബന്ധനത്തിന് പ്രോത്സാഹനം നല്‍കി. തിരുവിതാംകൂര്‍ സര്‍വകാലാശാലാ ഗവേഷണവിഭാഗം ഉത്പാദിപ്പിച്ച പ്രത്യേകതരം ഐസ് ഉപയോഗിച്ച് മത്സ്യം കേടുകൂടാതെ സൂക്ഷിക്കാന്‍ പല സ്ഥലങ്ങളിലും, പ്രത്യേകിച്ച് മലയോരസ്ഥലങ്ങളില്‍ സംവിധാനം ഉണ്ടാക്കി. അതിനുശേഷം മരച്ചീനിയും മത്സ്യവും ആണ് പ്രോട്ടീന്‍ കുടുതലുള്ള ഭക്ഷ്യസാധനം എന്ന് സര്‍ക്കാര്‍ പ്രചാരണം നടത്തി. മരച്ചീനി മറ്റുനാടുകളിലേക്കു കൊണ്ടുപോകുന്നത് സര്‍ക്കാര്‍ നിരോധിച്ചു. അനന്തപുരിയിലെ ശ്രീമൂലം ഷഷ്ട്യബ്ദപൂര്‍ത്തി (എസ്.എം.എസ്.എം.) ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍പിലുള്ള സ്ഥലം കുറഞ്ഞവിലയ്ക്ക് മരച്ചീനി വില്‍ക്കുന്ന പ്രധാനകേന്ദ്രമായി മാറി. ധാരാളം ആളുകള്‍ മരച്ചീനി വാങ്ങാന്‍ ഇവിടെ എന്നും എത്തുമായിരുന്നു.

Content Highlights: thiruvanathapuram, food scarcity in kerala, food scarcity 1943, food news, food features