വാഷിങ്ടണ്‍: യു.എസ്. സെനറ്റിലെ മറ്റ് ഫര്‍ണിച്ചറിനെപ്പോലെ തന്നെയാണ് ഈ മേശയും. വ്യത്യസ്ത വിഷയങ്ങളില്‍ വാഗ്വാദങ്ങളും തമ്മില്‍ തല്ലും നടക്കുമ്പോള്‍ ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങളെ തമ്മില്‍ ചേര്‍ത്തു നിര്‍ത്തുന്ന ഇടമാണ് ഈ മേശ. കാരണമെന്താണല്ലേ, ഈ മേശയുടെ അറയ്ക്കുള്ളില്‍ നിറയെ മിഠായികളാണ്. ചോക്കലേറ്റുകളും കോലുമിഠായികളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഇടമാണിത്.
അരനൂറ്റാണ്ടിലേറെയായി സെനറ്റംഗങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഇടം. റിപ്പബ്ലിക്കൻ അംഗങ്ങളാണ് ഈ മിഠായി അറയുടെ സൂക്ഷിപ്പുകാർ. 

റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ഇരിക്കുന്ന ഭാഗത്ത് കയറിച്ചെല്ലുന്ന വാതിലിനു സമീപത്തായാണ് ഈ മേശയുടെ സ്ഥാനം. മേശയുടെ അറ എപ്പോഴും മിഠായികളാല്‍ നിറഞ്ഞിരിക്കണമെന്നുള്ളത് നിര്‍ബന്ധമാണ്. 

സഭയില്‍ ആഴമേറിയ വിഷയങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോഴും അറയ്ക്കുള്ളില്‍ മിഠായി ഉണ്ടെന്ന് ഉറപ്പുവരുത്തണം. 
നിലവില്‍ ഈ മേശ ഉപയോഗിക്കുന്നത് പെന്‍സില്‍വാനിയയില്‍നിന്നുള്ള സെനറ്റംഗം പാറ്റ് ടൂമെയ് ആണ്. മേശയുടെ അറ നിറയെ ഇപ്പോഴും എപ്പോഴും നിറഞ്ഞിരിക്കുമെന്ന് ഉറപ്പുതരുന്നതായി ടൂമെയ് പറഞ്ഞു. ഒരിക്കലും അവസാനിക്കാത്ത ചൂടുപിടിച്ച ചര്‍ച്ചകളില്‍ അംഗങ്ങളുടെ വിശപ്പകറ്റുക എന്നതല്ല ഈ മിഠായി കൊണ്ട് അര്‍ത്ഥമാക്കുന്നത്. 

സെനറ്റംഗങ്ങളില്‍ മൂന്നിലൊന്ന് പേരു 70 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവരാണ്. അതിനാല്‍, ചെറിയ സമയങ്ങളില്‍ അംഗങ്ങളെ ഉത്സാഹഭരിതരായി നിര്‍ത്താനാണ് ഈ മിഠായിപ്പെട്ടി കൊണ്ട് ഉദ്ദേശിക്കുന്നത്.
മണിക്കൂറുകള്‍ നീണ്ട സമ്മേളനങ്ങളില്‍ സെനറ്റംഗങ്ങളെ ഊര്‍ജസ്വലതയോടെ നിലനില്‍ത്തുന്നതിനാണ് ഈ മിഠായി വിദ്യയെന്നും പെന്‍സില്‍വാനിയയില്‍നിന്നുള്ള സെനറ്റംഗം സാന്റോറിയം കഴിഞ്ഞ വര്‍ഷം ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

2020-ല്‍ മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേയുള്ള ആദ്യ ഇംപീച്ച്‌മെന്റ് നടപടികള്‍ നടക്കുന്ന സമയത്ത്, വലിയ പെട്ടികളില്‍ മിഠായികള്‍ ടൂമെയ് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയെന്നതായിരുന്നു. 2015 മുതല്‍ മിഠായി മേശയുടെ ചുമതലയും പരിപാലനവും ടൂമെയ്‌യുടെ ഉത്തരവാദിത്വം ആണ്. 

കാലിഫോര്‍ണിയയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റംഗമായ ജോര്‍ജ് മുര്‍ഫിയാണ് 1968-ല്‍ ആദ്യമായി മിഠായി മേശയ്ക്ക് തുടക്കമിട്ടത്. നടനും ഡാന്‍സറുമൊക്കെയായിരുന്നു അദ്ദേഹം. തന്റെ മേശവലിപ്പില്‍ മിഠായികള്‍ സൂക്ഷിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ഇരിപ്പിടം മാറ്റിയപ്പോഴെല്ലാം മിഠായിയും ഒപ്പം കൊണ്ടുപോയി. അവസാനം അദ്ദേഹം മിഠായികള്‍ സൂക്ഷിച്ച സ്ഥലത്താണ് ഇപ്പോള്‍ മിഠായികളിരിക്കുന്നത്. ജോര്‍ജ് മുര്‍ഫിയ്ക്കുശേഷം ഒട്ടേറെ റിപ്പബ്ലിക്കന്‍ സെനറ്റംഗങ്ങള്‍ ഈ മിഠായി അറയുടെ ഉത്തരവാദിത്വം വഹിച്ചു. 

1980 കാലഘട്ടം വരെ സെനറ്റില്‍ മേശവലിപ്പില്‍ മിഠായി സൂക്ഷിക്കുന്ന വിവരം പുറംലോകം അറിഞ്ഞിരുന്നില്ല. വാഷിങ്ടണില്‍നിന്നുള്ള സെനറ്റംഗമായ സ്ലേഡ് ഗോര്‍ട്ടണ്‍ താന്‍ ഇരിക്കുന്നത് മിഠായി മേശയ്ക്ക് അരികിലാണെന്ന് പറഞ്ഞപ്പോഴാണ് സെനറ്റില്‍ അങ്ങനെയൊരു സംഭവമുള്ളതായി എല്ലാവരും അറിയുന്നതു തന്നെ. സെനറ്റിനുള്ളില്‍ ഭക്ഷണം കഴിക്കുന്നതിന് അനുമതി ഇല്ലാത്തതിനാലാണ് ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചത്.

Content highlights: the history of us senate sweet candy desk heres all you need to know