ഡിസംബര്‍രാത്രിയുടെ തണുപ്പില്‍ ഒരു ചായക്കോപ്പയുടെ ചൂടിലേക്കും ചൂടുപൊറോട്ടയുടെ കൊതിപരത്തുന്ന മണത്തിലേക്കും ചേക്കേറുന്നവരെ ഏറെവൈകിയും കൊച്ചിയില്‍ കാണാം... ഇവിടത്തെ രാത്രികള്‍ക്ക് ഒരുപക്ഷേ, പകലിനേക്കാള്‍ ശാന്തതയുണ്ട്... ജോലിത്തിരക്കും വെപ്രാളങ്ങളും ഒതുക്കിവെച്ച് വീട്ടിലേക്കും സൗഹൃദവലയങ്ങളിലേക്കും കൂടണയുന്നവരുടെ നേരം. പകലുറങ്ങി രാത്രിയുണരുന്ന തട്ടുകടകളും ഭക്ഷണശാലകളും നഗരത്തില്‍ സുലഭം.

നീലനിറത്തിലെ 'ലാവിഷ് ഗ്രീന്‍ ബ്ലൂ ടീ' നുണഞ്ഞ് സല്‍മാന്‍ ദൗലത്തും ചെല്‍സിയയും പരസ്പരം എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു... അവര്‍ക്ക് പിന്നിലായി കളിചിരികളുമായിരുന്ന ചെറുപ്പക്കാര്‍ വീണ്ടും ഒരു 'ഗ്രില്‍ഡ് ബീഫ് ബര്‍ഗര്‍' ഓര്‍ഡര്‍ ചെയ്തു. രാത്രി 10.30ന് ഇടപ്പള്ളി 'സെല്‍ഫി ടീ'യില്‍ നിന്നുള്ള കാഴ്ചയാണ്... പേരുപോലെതന്നെ 'ചായപ്രാന്ത്' ഉള്ളവരുടെ പ്രിയപ്പെട്ടൊരിടമാണിത്. നേരം ഇരുട്ടുന്നതോടെ ഇവിടെ തിരക്ക് കൂടുന്നു. സെല്‍ഫി സാഫ്രോണും ചെമ്പരത്തിച്ചായയുമൊക്കെ തേടി ഒരുപാടുപേര്‍ ഇവിടെയെത്തുന്നു.

kochi food

40 മുതല്‍ 80 രൂപ വിലയുള്ള വിവിധ ചായകള്‍ ഇവിടെയുണ്ട്. സന്ധ്യയാകുമ്പോള്‍ തുടങ്ങുന്നതാണ് ഇവിടെ ആളുകളുടെ വരവെന്ന് ജീവനക്കാരനായ സി.എസ്. സതീഷ് പറയുന്നു.

'24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ നഗരത്തില്‍ വ്യാപകമായി വരണം. രണ്ടുമണിവരെ പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില ഹോട്ടലുകള്‍ മാത്രമാണ് ഇവിടെയുള്ളത്. കൊച്ചിയിലെ നൈറ്റ് ലൈഫില്‍ അത്തരം കടകള്‍ക്ക് വലിയ സ്ഥാനമുണ്ട്...' പറയുന്നത് മോഡല്‍ കൂടിയായ സല്‍മാന്‍ ദൗലത്ത്.

ചിക്കന്‍ ചീരയും കിഴി പൊറോട്ടയും

kizhiപേരുപോലെ തന്നെ നല്ല തറവാടിയാണ് ഇടപ്പള്ളി 'ഭാര്യാവീട്ടി'ലെ ഭക്ഷണമെന്ന് സ്ഥിരം സന്ദര്‍ശകനായ കെ. അഖില്‍ പറയുന്നു.

'ഓഫീസ് കഴിഞ്ഞാല്‍ ചങ്ങാതിമാരേയും കൂട്ടി ഇങ്ങോട്ടു പോരും. രാത്രി 11 ആയാലും ഞങ്ങളിവിടെ കാണും. ചിക്കന്‍ അവിയലും മട്ടന്‍ സാമ്പാറും ഒക്കെ ഇവിടെ സ്‌പെഷ്യലാണ്...' ഇത്രയും പറഞ്ഞ് ഒരു 'കിഴിബിരിയാണി'യും ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണ് അഖില്‍.

ഉറങ്ങാതെ വിളമ്പുന്നവര്‍

ഇടപ്പള്ളിയിലെ 'മാഷ് റെസ്‌ട്രോ കഫേ' ഏത് പാതിരാത്രിയും ഭക്ഷണംതേടിയെത്തുന്നവരുടെ ആശ്രയസ്ഥാനമാണ്. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന കെ.ആര്‍. വിഷ്ണു പറയുന്നതിങ്ങനെ: 'രാത്രി ഷിഫ്റ്റ് ആണ് കൂടുതലും ചെയ്യുന്നത് ഒരുമണിക്ക് വന്നാലും ഇവിടുന്ന് ഭക്ഷണം കിട്ടും. ഡബിള്‍ മാരിനേറ്റഡ് മിക്കും ഗ്രില്‍ഡ് ബീഫ് സലാഡും ഇവിടെ എത്തുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണമാണ്.'

അല്‍ ഷവര്‍മ കഥകളും അല്‍ഫാമും

shawarmaഇടപ്പള്ളി, എം.ജി. റോഡ്, പാലാരിവട്ടം, വൈറ്റില, കാക്കനാട് എന്നുതുടങ്ങി കൊച്ചിയിലെവിടെ നോക്കിയാലും കനലിലെരിയുന്ന ഷവര്‍മ കിട്ടും. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാത്തരം ഭക്ഷണ ശാലകളിലും സുലഭമായി വിറ്റുപോകുന്ന വിഭവമാണിത്.

എം.ജി. റോഡ് 'തമറി'ല്‍ അര്‍ധരാത്രിയിലും ഷവര്‍മ തേടിയെത്തുന്നവരുടെ തിരക്കാണ്. അറേബ്യന്‍, പെപ്പര്‍, ചീസ് എന്നുതുടങ്ങി ഷവര്‍മയുടെ ഏത് വെറൈറ്റിയും വിറ്റുപോകുമെന്നതാണ് സത്യം.

ഷവര്‍മ മാത്രമല്ല, കൊച്ചിയിലെ രാത്രിഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് 'അല്‍ഫാം'. അല്‍ഫാം കഴിച്ചാല്‍ വേറൊന്നും വേ?െണ്ടന്ന പക്ഷക്കാരാണ് ന്യൂജെന്‍ പിള്ളേര്‍.

നാടന്‍ ദോശയും പൊറോട്ടയും

എത്രയൊക്കെ വെറൈറ്റികളുണ്ടായാലും എവര്‍ഗ്രീന്‍ ഹിറ്റ് 'നാടന്‍ ദോശ'യും 'പൊറോട്ട'യും ബീഫും തന്നെയാണ്. എണ്ണിയാല്‍ തീരാത്ത 'തട്ടുകട'കളാണ് രാത്രിയില്‍ നഗരത്തില്‍ പലഭാഗത്തും കൂണുപോലെ മുളച്ചുപൊങ്ങുന്നത്. വെളുക്കുന്നതുവരെ തുറന്നിരിക്കുന്ന ചായക്കടകളും ധാരാളം.

ചെലവുകുറഞ്ഞ ഭക്ഷണം എന്നതു തന്നെയാണ് തട്ടുകടകളിലേക്കും ചായക്കടകളിലേക്കും ആളുകളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. 200 രൂപയ്ക്ക് രണ്ടുപേര്‍ക്ക് സുഭിക്ഷമായി കഴിക്കാമെന്നത് ചില്ലറക്കാര്യമല്ല.

ബീഫും പൊറോട്ടയും എത്ര വൈകിയും ചെലവാകും. രാത്രി 10ന് പാലാരിവട്ടം 'റപ്പായീസ്' എന്ന കടയില്‍ വലിയ ക്യൂവാണ്.

'ഇവിടത്തെ പൊറോട്ടയ്ക്ക് പ്രത്യേക രുചിയാണ്. ചിക്കനും സൂപ്പര്‍...' പറയുന്നത് കാക്കനാട് സ്വദേശിയായ ബിയോണ്‍. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയതാണ് ബിയോണ്‍.

ബൂസ്റ്റ് കുലുക്കിയും ഷേയ്ക്കും

വൈറ്റില 'തക്കാര'ത്തില്‍ രാത്രി 11ന് 'ബൂസ്റ്റ് ഷെയ്ക്ക്' തേടി ഒരുകൂട്ടം ആണ്‍കുട്ടികള്‍.

'ഞങ്ങള്‍ ഇവിടെ സ്ഥിരം വരാറുണ്ട്. ആഴ്ചയിലൊരിക്കല്‍ എല്ലാവരും കൂടി ഒരു നൈറ്റ് റൈഡ് പതിവാണ്. കൂട്ടത്തിലിവിടെ എത്തി ബൂസ്റ്റ് ഷെയ്ക്കും കുടിക്കും. പകല്‍ മുഴുവനുള്ള ജോലിയും സ്ട്രസും രാത്രിയിലെ ഈ കറക്കത്തില്‍ റിലാക്‌സ് ആകും' പറയുന്നത് ലിജോ.

മറൈന്‍ഡ്രൈവിലും ചാക്യാത്ത് ക്യൂന്‍സ് വാക്‌വേയിലും ഇതുപോലെ സ്ഥിരം എത്തുന്ന നിരവധി നൈറ്റ് റൈഡേഴ്‌സും ഉണ്ട്.

ജോലിത്തിരക്കും അങ്കലാപ്പും വലിച്ചെറിഞ്ഞ് രാത്രിയുടെ സന്തോഷങ്ങളില്‍ അലിഞ്ഞിറങ്ങുന്നവരാണവര്‍. ബൂസ്റ്റ് കുലുക്കിയും ഷേയ്ക്കും ജ്യൂസും അങ്ങനെ വഴിയോരങ്ങളിലെ കൊച്ചുകടകള്‍ അവര്‍ക്കായി രാത്രിയും തുറന്നിരിക്കുന്നു.

രാത്രി 12ന് ചാത്യാത്ത് വാക്‌വേയില്‍ സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ ജിന്നി പറയുന്നതിങ്ങനെ: ''കഴിഞ്ഞ ദിവസമാണ് ഞങ്ങള്‍ക്ക് ഇത്തരം അനുഭവമുണ്ടാകുന്നത്... 'എന്തിനാണ് ഇവിടെ നില്‍ക്കുന്നത്... വീട്ടില്‍ പോയ്‌ക്കോളൂ... ഇവിടെ സേഫ് അല്ല...' എന്ന് പോലീസ് പറഞ്ഞു.

ഐ.ഡി. കാര്‍ഡ് ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തു. പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലാണ് പ്രതികരണമുണ്ടായത്.''

Content Highlights: thattukada food lovers, south indian food