പാലാരിവട്ടത്തെ കഫേ ഡി ബാങ്കോക്കിൽ തായ് ഫുഡ് ഫെസ്റ്റിവലിനെത്തിയ തായ്ലൻഡ് കോൺസൽ ജനറൽ നൈറ്റിറൂജ് ഫോൺപ്രസേർട്ട് മറ്റ് തായ് പ്രതിനിധികൾക്കൊപ്പം
കൊച്ചി: ‘നന്ദി നമസ്കാരം’ എന്നു മലയാളത്തിലായിരുന്നു നൈറ്റിറൂജ് ഫോൺപ്രസേർട്ട് കൊച്ചിയിലേക്കുള്ള സ്വാഗത വചനത്തിന് മറുപടി പറഞ്ഞത്. കൊച്ചിയിലെത്തിയ നേരത്ത് പഠിച്ച മലയാളം വാക്കുകൾ ഫോൺപ്രസേർട്ട് മറന്നിട്ടില്ല.
ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചിയിലേക്കു വരാനായതിൽ വലിയ സന്തോഷം. ഇവിടെ നിന്നു പട്ടായയിലേക്കു സഞ്ചാരികളെത്തുന്നതിലും അതുപോലെ തന്നെ സന്തോഷവാനാണ് ഫോൺപ്രസേർട്ട്. പാലാരിവട്ടത്തെ കഫേ ഡി ബാങ്കോക്കിൽ തായ് ഫുഡ് ഫെസ്റ്റിവലിനെത്തിയ തായ്ലാൻഡ് കോൺസൽ ജനറൽ നൈറ്റിറൂജ് ഫോൺപ്രസേർട്ട് ‘മാതൃഭൂമി’യുമായി സംസാരിക്കുന്നു.
കേരളത്തിലേക്ക് ആദ്യമാണോ ?
അല്ല. മുമ്പ് രണ്ടുതവണ വന്നിട്ടുണ്ട്. 2019-ൽ തിരുവനന്തപുരത്ത് വന്നു. അന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നു. 2020-ൽ കോവിഡ് മഹാമാരി തുടങ്ങുന്നതിനു തൊട്ടുമുമ്പ് കൊച്ചിയിലും ഞാൻ വന്നിരുന്നു. അന്ന് പോർട്ട് ട്രസ്റ്റും സ്മാർട്ട് സിറ്റിയുമൊക്കെ സന്ദർശിച്ചു.
ഞങ്ങളുടെ നഗരം ഇഷ്ടമായോ ?
നിങ്ങളുടെ കൊച്ചിയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക. കൊച്ചി വളരെ സമാധാനമുള്ള ഒരു നഗരമായിട്ടാണ് എനിക്കു തോന്നുന്നത്. രാവിലെ നഗരത്തിലൂടെ യാത്ര ചെയ്തപ്പോൾ ഒരു പോസിറ്റീവ് എനർജിയാണ് എനിക്കു കിട്ടിയത്. നിങ്ങളുടെ നാടിന്റെ ഏറ്റവും വലിയ സവിശേഷത കടലും മലനിരകളും ഒരുപോലെ അനുഗ്രഹിക്കുന്നുവെന്നുള്ളതാണ്. ഇത്തരമൊരു നാട് എനിക്കിഷ്ടമാണ്.
ഇവിടെയുള്ള പലരും പട്ടായയിലേക്കു പോകാൻ ആഗ്രഹിക്കുന്നവരാണ്
പട്ടായയിലേക്ക് എല്ലാവർക്കും എപ്പോഴും സ്വാഗതം. (പിന്നെ ഒരു പൊട്ടിച്ചിരി) എനിക്കറിയാം, നിങ്ങളിൽ പലർക്കും പട്ടായ എന്നു കേൾക്കുമ്പോൾ എന്താണ് മനസ്സിലെന്ന്... ? എന്നാൽ വൈവിധ്യസുന്ദരമായ പ്രകൃതിസൗന്ദര്യവും സംസ്കാരവും ചരിത്ര സ്മാരകങ്ങളുമൊക്കെ കൈകോർക്കുന്ന സുന്ദരനഗരമാണ് പട്ടായ. തലസ്ഥാനമായ ബാങ്കോക്കിൽ നിന്നു 130 കി.മീ. അകലെയാണ് ഈ തീരദേശ സുഖവാസകേന്ദ്രം. ഇപ്പോൾ ബാങ്കോക്കിൽ നിന്ന് ഹൈസ്പീഡ് ട്രെയിനുകളുള്ളതു കൊണ്ട് വളരെ വേഗം പട്ടായയിലെത്താം.
കൊച്ചിയിലെ തായ് ഫുഡ് ഫെസ്റ്റിവലിൽ ഏതൊക്കെ വിഭവങ്ങളാണ് അവതരിപ്പിക്കുന്നത്
തായ് വിഭവങ്ങളുടെ യഥാർഥ രുചി കൊച്ചിയിലുള്ളവർക്കു സമ്മാനിക്കാൻ തായ് ഷെഫുകൾ നേരിട്ടു മേൽനോട്ടം വഹിക്കുന്ന ഫുഡ് ഫെസ്റ്റിവലാണ് ഒരുക്കുന്നത്. ചിക്കൻ സതയ്, പാഡ് തായ്, തായ് ഗ്രീൻ കറി, ടോം യും സൂപ്പ്, ബോവ്സ്, മാംഗോ സ്റ്റിക്കി റൈസ് തുടങ്ങി ഒട്ടേറെ തായ് വിഭവങ്ങൾ ഒരുക്കുന്നുണ്ട്. കഫേ ഡി ബാങ്കോക്കിന്റെ ഉടമകളായ സന്തോഷ് ബേബിയും സുജേഷും തായ് വിഭവങ്ങളുടെ ആരാധകരാണെന്നത് വലിയ സന്തോഷമാണ്.
ഇന്ത്യൻ വിഭവങ്ങൾ ആസ്വദിക്കാറുണ്ടോ. ഏതൊക്കെയാണ് കൂടുതൽ ഇഷ്ടം ?
ഇന്ത്യൻ സ്റ്റൈൽ ബിരിയാണി എനിക്കു വളരെ ഇഷ്ടമാണ്. ചെന്നൈയിൽ വെച്ച് കഴിക്കാറുള്ള ദോശ ഐറ്റംസും ഇഷ്ടമാണ്. കേരളത്തിൽ എത്തിയപ്പോൾ ഇലയിൽ പൊള്ളിച്ച മീൻ ഞാൻ ആസ്വദിച്ചു കഴിച്ചിട്ടുണ്ട്. അതിനോടു സാമ്യമുള്ള ഇലയിൽ പൊള്ളിച്ച തായ് വിഭവമാണ് ‘ഹാ മോക് പ്ലാ’. മീൻ വിഭവങ്ങൾ ഏതായാലും എനിക്ക് ഒരുപാടിഷ്ടമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..