പെയ്തിറങ്ങും മഞ്ഞും തണുപ്പും, കൂടെ ചൂടുകട്ടനും; പ്രവാസനാട്ടിലും സജീവമായി ചായക്കടകൾ


Representative Image

പെയ്തിറങ്ങും മഞ്ഞും തണുപ്പും, കൂടെ ചൂടുകട്ടനും കൂടിയായാലോ. തണുപ്പിൽ നാടൻ സമോവർചായ, കൂടെ എണ്ണപ്പലഹാരങ്ങൾ. ചായകുടിക്കിടയിലെ കളിതമാശയും നാട്ടിലെ രാഷ്ട്രീയവും വീട്ടുകാര്യങ്ങളും ചേർത്ത് സൊറ പറയൽ. നാടൻ ചായക്കടകളെ ഓർമിപ്പിക്കുന്ന യു.എ.ഇ.യിലെ കഫിറ്റീരിയകളിൽ കാണുന്ന പതിവുദൃശ്യങ്ങളാണിത്. മഴയും തണുപ്പും പ്രവാസിമലയാളികൾ ശരിക്കും ആസ്വദിക്കുന്നത് ചായയിലൂടെയാണെന് പറയാം. വൈകീട്ട് ചായക്കടകളിൽനിന്നുള്ള ചൂടുചായ ഊതിക്കുടിക്കുന്ന സുഖം വീടുകളിൽ ലഭിക്കില്ലെന്ന ഗൃഹാതുരതയാണ് ഭൂരിഭാഗംപേർക്കും പറയാനുള്ളത്.

ആ സമയമാണ് ആകാശത്തിനുകീഴെയുള്ള ഏതുവിഷയവും ചർച്ചകളിൽ കടന്നുവരുന്നത്. വ്യത്യസ്ത രാഷ്ട്രീയക്കാരായവരും ഒന്നിച്ചിരുന്ന് ചായ കുടിക്കുമ്പോഴാണ് തങ്ങളുടെയെല്ലാം രാഷ്ട്രീയം പ്രവാസമാണെന്ന് തിരിച്ചറിയുന്നതും. ചായയിൽ മധുരംകുറച്ചും കൂട്ടിയും മധുരംതീരെയിടാതെയും പാലുകുറച്ചും സ്‌ട്രോങ്ങാക്കിയും സുലൈമാനിയുമെല്ലാം ഓർഡർവരും. അപ്പോൾ ഓരോരാളുടെയും ഇഷ്ടമനുസരിച്ച് ചായയുണ്ടാക്കികൊടുക്കാൻ ശ്രമിക്കുമെന്ന് ചായക്കടക്കാരും പറയുന്നു. ചൂടോടെ എണ്ണക്കടികളും അലമാരകളിൽ അപ്പപ്പോൾ നിറയ്ക്കും, തീരുന്നമുറയ്ക്ക് ഉണ്ടാക്കിക്കൊണ്ടുവരും.

ഗൾഫിൽ ചായകുടിയൻമാരിൽ മുന്നിൽ മലയാളികൾത്തന്നെ. ചായക്കടയുടെ ഉടമകൾ കൂടുതലും മലയാളികൾത്തന്നെയെന്ന് പറയാം. രാഷ്ട്രീയം മാത്രമല്ല പരദൂഷണങ്ങളും ചായകുടിക്കിടെയാണ് പുറത്തേക്കുവരികയെന്ന് പരസ്പരം പഴിപറയുന്ന മലയാളികളുമുണ്ട്. ചിട്ടിയുടെ കണക്കും ചിട്ടിപ്പണം പിരിവും നടക്കുന്നതും ചിലപ്പോൾ ചായക്കടകളിലായിരിക്കും. പ്രവാസികളുടെ ക്ഷണംസ്വീകരിച്ചെത്തുന്ന കേരളത്തിലെ രാഷ്ട്രീയനേതാക്കൾ സ്വന്തം നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും കൂടെയിരുന്ന് ചായക്കടകളിലെ ‘സൊറ പറയലിൽ’ പങ്കാളികളാകുന്ന കാഴ്ച യു.എ.ഇ.യിലെമ്പാടും കാണാറുണ്ട്. നാട്ടിലെ തിരക്കൊഴിഞ്ഞ് ഇത്തരം കൂടിച്ചേരലുകളിൽ ഉൾപ്പെടുന്നത് സുഖമാണെന്ന് നേതാക്കളും പറയും. ഏതായാലും നാട്ടിൽപ്പോലും വൈകീട്ട് ചായക്കടകളിൽ ആളുകുറയുമ്പോൾ പ്രവാസനാട്ടിൽ സജീവമാകുന്ന ചായക്കടകൾ സന്തോഷംനൽകുന്ന കാഴ്ചകളാണ്. ചായ ഊതിക്കുടിക്കാൻ കുപ്പിഗ്ലാസ്സുകൾതന്നെ വേണമെന്ന് നിർബന്ധമുള്ളവരുമുണ്ട്. കോവിഡ്കാലത്താണ് ഡിസ്‌പോസിബിൾ ഗ്ലാസ്സുകൾ ഉപയോഗം വർധിച്ചത്. യു.എ.ഇ.യിലെ മിക്ക ചായക്കടകളിലും ഒരു ചായയും പലഹാരവും വാങ്ങിയാൽ രണ്ട് ദിർഹമാണ് വില. ചിലയിടങ്ങളിൽ അത് മൂന്നായിരിക്കും. മുന്തിയ റെസ്റ്റോറന്റുകളിൽ വിലകൂടും.

രണ്ടുപേർ ചേർന്നിരിക്കുമ്പോൾ അവർക്കിടയിൽ ചായ കടന്നുവരുന്നതൊരു ജീവിതശീലമായിമാറിയിരിക്കുന്നു. ആഹാരം കഴിച്ചയുടൻ ചായവേണമെന്ന നിർബന്ധക്കാരും കുറവല്ല. ജോലിസ്ഥലങ്ങളിലും ഒരു കട്ടനെങ്കിലും വേണമെന്നായി. ചായ മലയാളികൾക്കൊരു ഉണർവും ഉന്മേഷവുമാണ്. യു.എ.ഇ.യിൽ നാട്ടിലെപോലെ ‘തട്ടുകടകൾ’ അടക്കം വ്യാപകമാണ്. ചായക്കടകളിൽ സമോവർചായ വ്യാപകമായിട്ട് ഏതാണ്ട് അഞ്ചുവർഷമായെന്ന് പറയാം. വടക്കേ ഇന്ത്യക്കാർക്കിഷ്ടം ‘മസാലചായ’ തന്നെ. അടുത്തകാലത്തായി ചായയിൽ മധുരംകുറയ്ക്കാനും മലയാളികൾ ശീലിച്ചിട്ടുണ്ട്. ചായയോടൊപ്പം നാടൻ എണ്ണപലഹാരങ്ങൾതന്നെ ഇഷ്ടം. റെസ്റ്റോറന്റുകളിൽ ഉണ്ടാക്കുന്നതിനുപുറമെ വീടുകളിൽനിന്നും മറ്റിടങ്ങളിൽനിന്നും പലഹാരങ്ങൾ കൊണ്ടുവരികയുമാണ്. സ്വദേശികൾക്കും അടുത്തിടെയായി പരമ്പരാഗത ‘ഗാവ’ കൂടാതെ കുറച്ചുമാത്രം പാലുചേർത്ത ചായയും ഇഷ്ടപ്പെടാൻ തുടങ്ങിയിട്ടുണ്ട്. യു.എ.ഇ.യിലെ ചെറിയ ചായക്കടകളുടെ ചുമരുകളിൽ മലയാളികളെ ആകർഷിക്കാനായി മമ്മൂട്ടി, മോഹൻലാൽ തുടങ്ങി സൂപ്പർസ്റ്റാർമുതൽ ജഗതി, മാമുക്കോയ, കുഞ്ചൻ അടക്കമുള്ളവരുടെ ചിത്രങ്ങളും അവരുടെ പല ചിത്രങ്ങളിലെയും നർമസംഭാഷണങ്ങളും എഴുതിക്കാണാം. ‘മാമുക്കോയ’ എന്നപേരിൽ ദുബായിൽ ചായക്കടത്തന്നെയുണ്ട്. നാട്ടിലെ തട്ടുകടകളുടെ ചിത്രങ്ങളും പല റെസ്റ്റോറന്റുകളിലും പതിപ്പിച്ചിട്ടുണ്ട്. പ്രവാസികൾക്ക് ചായയിലൂടെ ഗൃഹാതുരതകൂടി അനുഭവിക്കണമെന്ന് സാരം.

ഒന്നുകിൽ ചായ, അല്ലെങ്കിൽ ഞാൻ

അടുത്തിടെ പുറത്തിറങ്ങിയ കെ.വി. മോഹൻകുമാറിന്റെ ‘മഹായോഗി’ എന്ന കൃതിയിലും ചായ പ്രധാനവിഷയമാണ്. പതിനാറാംനൂറ്റാണ്ടിലാണ് സംഭവം. നോവലിലെ കഥാപാത്രങ്ങളായ അഭയ് ചരൺഡേയും ഭാര്യ രാധാറാണിയും തമ്മിലുണ്ടായ പ്രധാന അഭിപ്രായവ്യത്യാസം ചായയുടെ പേരിലായിരുന്നു. ചൈതന്യ മഹാപ്രഭുവിന്റെ പാരമ്പര്യത്തെ അംഗീകരിച്ച് ജീവിതം നയിക്കുന്ന ‘ഗൗഡീയ വൈഷ്ണവ’ സമൂഹത്തിന് വെള്ളക്കാരുടെ പാനീയമായ ചായ നിഷിദ്ധമായിരുന്നുവെന്ന് വിശ്വസിക്കുന്ന ആളാണ് അഭയ് ചരൺ ഡേ. എന്നാൽ, ഭാര്യ രാധാറാണിയാവട്ടെ ചായകുടിക്കാതെയുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കാനേ ഒരുക്കമല്ല. ഇക്കാര്യമാണ് ഈ ദമ്പതികളെ ഏറ്റവുംകൂടുതൽ അകറ്റാൻ കാരണമായതെന്ന് മോഹൻകുമാർ നോവലിൽ പറയുന്നു. അഭയ് ചരൺ ഡേ ഒരുദിവസം ഭാഗവതം അന്വേഷിച്ച് കാണാതെയാകുമ്പോൾ രാധാറാണിയോട് ചോദിക്കുന്നു. തേയിലപ്പൊടി വാങ്ങാൻ പണമില്ലാതായപ്പോൾ ഭാഗവതം വിൽക്കേണ്ടിവന്നുവെന്ന് രാധാറാണി മറുപടിനൽകി. കോപിഷ്ഠനായ അഭയ് ചരൺ ഡേ ഭാര്യയോട് പറയുന്നു, ‘‘ഒന്നുകിൽ ചായ, അല്ലെങ്കിൽ ഞാൻ. രണ്ടിലൊന്ന് തിരഞ്ഞെടുത്തേ പറ്റൂ.’’ ഇതുകേട്ട രാധാറാണി പറഞ്ഞത് ‘‘അങ്ങിനെയെങ്കിൽ എനിക്ക് നിങ്ങളെ ഉപേക്ഷിക്കേണ്ടിവരും’’ എന്നായിരുന്നു. ഇതുകേട്ടതോടെ അഭയ് ചരൺ ഡേ വീട് വിട്ടിറങ്ങുന്നതും പിന്നീടൊരിക്കലും സ്വന്തംഭവനത്തിലേക്ക് തിരിച്ചുവരാതിരിക്കുന്നതുമാണ് നോവലിലുള്ളത്. അങ്ങിനെ അഭയ് ചരൺ ഡേ ഭക്തിവേദാന്ത പ്രഭുപാദർ എന്ന പരിവ്രാജകൻ ആവുന്നതാണ് സന്ദർഭം. ചായ പണ്ടുകാലംമുതൽ മനുഷ്യജീവിതത്തിൽ സങ്കീർണപ്രശ്നങ്ങളുമുണ്ടാക്കിയെന്നുകൂടി പറയുകയാണിവിടെ.

Content Highlights: tea culture in uae why people love tea

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented