തന്തൂരി കുൽച്ച ഓംലെറ്റ്
വഴിയോര ഭക്ഷണശാലകളില്‍ പരിണാമത്തിന്റെ കാലമാണ്. മിശ്രരുചികളില് രസമുകുളങ്ങളെ വിസ്മയിപ്പിക്കുന്ന ഫ്യൂഷന്‍ ഭക്ഷണങ്ങളുടെ പട്ടികയിലേക്ക് പുതുതായെത്തിച്ചേര്ന്ന അതിഥിയാണ് 'തന്തൂരി കുല്‍ച്ച ഓംലെറ്റ്'. തണുപ്പുതുടങ്ങിയാല്പ്പിന്നെ വഴിനീളെ ഓംലെറ്റ് കച്ചവടക്കാരെ കാണുന്നത് പുതുമയുള്ള കാഴ്ചയൊന്നുമല്ല. എങ്കിലും വികാസ്പുരിയിലെ പി.വി.ആര്. കോംപ്ലക്സിനു മുന്നിലെ 'അങ്കിള്‍ അണ്ഡേ വാല'യാണ് ആദ്യമായി ഡല്‍ഹിയില്‍ 'തന്തൂരി കുല്‍ച്ച ഓംലെറ്റ്' അവതരിപ്പിച്ചത്.
നാടന്‍ ഓംലെറ്റ് ഉണ്ടാക്കാനെന്നപോലെ മുട്ട, തക്കാളി, സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. അതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, തന്തൂരി മസാലകള്‍ എന്നിവ ചേര്‍ത്തിളക്കുക. ഇതിനുശേഷം, ഈ മിശ്രിതം ചൂടുള്ള കല്ലിലേക്ക് ഒഴിച്ച് വെന്തുതുടങ്ങുമ്പോള്‍ അതില്‍ ചീസ് കഷ്ണങ്ങളും മയോണൈസും അങ്കിള്‍ അണ്ഡേ വാലയുടെ രഹസ്യ മസാലയും ചേര്‍ക്കുക. പകുതി വേവാകുമ്പോള്‍ ഇതിലേക്ക് കുല്‍ച്ച വെക്കുക. എന്നിട്ട് മുട്ട മിശ്രിതത്തില്‍ ഇരു വശവും പൊതിഞ്ഞ്, മറച്ചിട്ട് വേവിക്കുക. പൂര്‍ണമായി മൊരിഞ്ഞ മുട്ട മറ്റൊരു പാത്രത്തിലേക്ക് മാറ്റി തന്തൂരി മസാലയും വെണ്ണയും തേച്ച് പിടിപ്പിച്ച് ടോസ്റ്റ് ചെയ്യണം.
ചൂടോടെ വിളമ്പുന്നതിനു മുമ്പ് ചെറുനാരങ്ങ പിഴിയണം. ചെറിയ പുളിയും ഒപ്പം നല്ല വെണ്ണയില്വെന്ത മസാലയുടെയും രുചിയുമാണ് തന്തൂരി കുല്‍ച്ച ഓംലെറ്റിന്റെ ഹൈലൈറ്റ്. തണുപ്പുകാലത്ത് ചൂടുപകരാന്‍ ഡേസി ഓംലെറ്റിന്റെ പരിഷ്കൃത രൂപമായ തന്തൂരി കുല്‍ച്ച ഓംലെറ്റ് തേടിയെത്തുന്നവര്‍ കുറച്ചൊന്നുമല്ല. ഇരുപത്തിയഞ്ചിലധികം വിഭവങ്ങള്‍ ഇവിടെയുണ്ടെങ്കിലും ആവശ്യക്കാരേറെയുള്ളത് ഇതിനാണ്. ഒരു പ്ലോറ്റിന് 180 രൂപയാണ് വില. ആവശ്യത്തില്‍ കൂടുതല്‍ കലോറിയുള്ളതിനാല്‍ ഒരാള്‍ ഒന്ന് മുഴുവന്‍ കഴിക്കുന്നത് ആരോഗ്യകരമായിരിക്കില്ലെന്ന് ഓര്‍മപ്പെടുത്തട്ടെ !
Content Highlights: delhi delicacy, tandoori kulcha omelette, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..