പാചകം ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് എത്ര സമയം അതിനായി ചെലവഴിക്കാനും യാതൊരു മടിയുമുണ്ടാവില്ല, ചിലര്‍ക്കാണെങ്കില്‍ അതൊരു ബാലികേറാ മലയുമാണ്. എന്നാല്‍ ചെന്നൈയില്‍ നിന്നുള്ള ഒരു കൊച്ചു പെണ്‍കുട്ടിക്ക് പാചകമൊക്കെ വെറും കുട്ടിക്കളി മാത്രം. അമ്പത്തെട്ടു മിനിറ്റുകൊണ്ട് നാല്‍പത്താറ് വിഭവങ്ങളൊരുക്കിയാണ് എസ് എന്‍ ലക്ഷ്മി സായി ശ്രീ എന്ന പെണ്‍കുട്ടി ലോകറെക്കോഡ് നേടിയിരിക്കുന്നത്. 

അമ്മയുടെ പാചകം കണ്ട് ഇഷ്ടം തോന്നിയാണ് ലക്ഷ്മിയും ഒരു കൈനോക്കാന്‍ തീരുമാനിച്ചത്. 'അമ്മയില്‍ നിന്നാണ് ഞാന്‍ പാചകം പഠിച്ചത്. ഈ നേട്ടത്തില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്.' എഎന്‍ഐയോട് ലക്ഷ്മി യുണിക്കോ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് (UNICO Book of World Records) ലഭിച്ച സന്തോഷം പങ്കുവച്ചത് ഇങ്ങനെ. 

ലോക്ഡൗണ്‍കാലത്താണ് ലക്ഷ്മി പാചകപരീക്ഷണങ്ങള്‍ തുടങ്ങിയത്. അമ്മ എന്‍ കലൈമകളുടെ സഹായത്തോടെ ആദ്യം വിഭവങ്ങളൊക്കെ ഉണ്ടാക്കി. പിന്നെ ഒറ്റയ്ക്കായി പാചകം. മകള്‍ നന്നായി ഭക്ഷണമുണ്ടാക്കുമെന്ന് കണ്ട അച്ഛനാണ് ലോക റെക്കോര്‍ഡ് നേടാന്‍ ഒരു ശ്രമം നടത്താമെന്ന് അവളോട് പറഞ്ഞത്. 

കേരളത്തില്‍ നിന്നുള്ള 10 വയസ്സുകാരി സാന്‍വിയുടെ റെക്കോര്‍ഡാണ് ലക്ഷ്മി മറികടന്നത്. സാന്‍വി 30 വിഭവങ്ങളായിരുന്നു പാകം ചെയ്തത്.

Content Highlights: Tamil Nadu Girl Creates World Record By Cooking 46 Dishes In 58 Minutes