ക്കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തിലും പതിവു തെറ്റിക്കാതെ തൃശ്ശൂര്‍ കളക്ടറേറ്റിനു മുന്നിലെ 'സ്വാമീസ് കഫേ' തുറന്നു. കടയ്ക്കുമുന്നില്‍ വീണ്ടും ആ ബോര്‍ഡ് തൂക്കിയിട്ടുണ്ട്, 'ഇന്ന് ഹര്‍ത്താലിന് ഭക്ഷണം സൗജന്യം'. 

ഇത്തവണയും ഹര്‍ത്താലിന്റെ ദുരിതത്തില്‍ നിന്ന് വിശപ്പകറ്റാന്‍ സ്വാമീസ് കഫേയില്‍ ഭക്ഷണം തേടി ഒട്ടേറെ പേരെത്തി. സീതാദേവി അവര്‍ക്കെല്ലാം ഭക്ഷണം വിളമ്പി. പക്ഷേ ഹോട്ടല്‍ അടപ്പിക്കാന്‍ മാത്രം ആരും എത്തിയില്ല. 

കാരണം എല്ലാവര്‍ക്കുമറിയാം, സീതാദേവി ഹര്‍ത്താല്‍ ദിനത്തില്‍ 'കച്ചവടം' നടത്താറില്ല. രണ്ടു വര്‍ഷം മുമ്പ് മുന്നറിയിപ്പില്ലാതെ ഒരു ഹര്‍ത്താല്‍ നടന്നു. തയ്യാറാക്കിയ ഭക്ഷണം പാഴാക്കേണ്ടെന്ന് കരുതി സ്വാമീസ് കഫേ തുറന്നു. 

അന്ന് സീതാദേവി ഇല്ലാത്തതിനാല്‍ അവരുടെ മകന്‍ കണ്ണനായിരുന്നു കൗണ്ടറിലിരുന്നത്. ഹര്‍ത്താല്‍ അനുകൂലികളെത്തി കണ്ണനെ ഭീഷണിപ്പെടുത്തി. ഭക്ഷണമെല്ലാം നിലത്തിട്ട് ചവിട്ടി. കടയടപ്പിച്ചു. 

കൂട്ടിന് ഒരു ഭീഷണിയും, അങ്ങനെ ഹര്‍ത്താലിന് കച്ചവടം നടത്തി പണമുണ്ടാക്കേണ്ട. അടുത്ത ഹര്‍ത്താലിനും സീതാദേവി കടതുറന്നു. ഇതറിഞ്ഞ് ഹര്‍ത്താല്‍ അനുകൂലികളെത്തി. 

തര്‍ക്കത്തിനും വഴക്കിനുമൊന്നും സീതാദേവി മുതിര്‍ന്നില്ല. പകരം കടയുടെ മുന്നിലെ ബോര്‍ഡ് അവര്‍ക്കു കാണിച്ചുകൊടുത്തു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു - 'ഇന്ന് ഹര്‍ത്താലിന് ഭക്ഷണം സൗജന്യം'. 

ആ ബോര്‍ഡ് ഇപ്പോഴും സൂക്ഷിക്കുന്നു, അടിക്കടിയെത്തുന്ന ഹര്‍ത്താലിന് കടയുടെ മുന്നില്‍ തൂക്കാനായി. ഹര്‍ത്താല്‍ ദിനത്തില്‍ ക്യാഷ് കൗണ്ടറില്‍ സീതാദേവി ഇരിക്കാറില്ല. പകരം അവിടെ ഒരു പാത്രം വയ്ക്കും. ഭക്ഷണം കഴിക്കുന്നവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ പണം ഈ പാത്രത്തില്‍ ഇടാം. 

ഇങ്ങനെ കിട്ടുന്ന പണവും സീതാദേവി ഉപയോഗിക്കില്ല. അത് മകന്‍ കണ്ണനെ ഏല്‍പ്പിക്കും. ആ പണം കൊണ്ട് കണ്ണന്‍ അടുത്ത ഹര്‍ത്താലിന് ജില്ലാ ആസ്പത്രിയിലെത്തി ആവശ്യക്കാര്‍ക്ക് ഭക്ഷണപ്പൊതി നല്‍കും. 

'സേ നോ ടു ഹര്‍ത്താല്‍' എന്ന കൂട്ടായ്മയുടെ തൃശ്ശൂര്‍ ജില്ലാ കണ്‍വീനറാണ് കണ്ണന്‍. ബുധനാഴ്ചത്തെ ഹര്‍ത്താല്‍ കഴിഞ്ഞപ്പോള്‍ 1500 രൂപയാണ് ഇപ്രകാരം കണ്ണനു കിട്ടിയത്. 

സാമ്പാര്‍, തോരന്‍, അച്ചാര്‍ എന്നീ കറികളോടെ 20 കിലോ അരിയുടെ ഊണ്, 10 ലിറ്റര്‍ പാലിന്റെ ചായ, 25 കിലോ റവയുടെ ഉപ്പുമാവ്... ഇവയാണ് ബുധനാഴ്ചത്തെ ഹര്‍ത്താല്‍ ദിനത്തില്‍ സ്വാമീസ് കഫേയില്‍ നല്‍കിയത്.

ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണമുണ്ടാക്കാന്‍ ഇവരെ സഹായിക്കാനായി പലരും സ്വാമീസ് കഫേയിലെത്താറുണ്ട്. കോടതിയില്‍ ഡ്രൈവറായ പി.എസ്. ശ്രീധരനും സ്വാമീസ് കഫേയുടെ അടുത്ത മുറിയില്‍ ബിസിനസ് നടത്തുന്ന ജോസുമൊക്കെ മുടങ്ങാതെ സേവനത്തിന് എത്തുന്നവരാണ്. 

Content Highlights: Ensuring food on hartal days, hartal days, hartal effects, hartal issues, free food, food, Say no to hartal