പുതുവത്സര ദിനത്തില്‍ തൃപ്പൂണിത്തുറയില്‍നിന്നൊരു കേക്ക് പിറന്നു. നിരത്തിലൂടെ രാജകീയമായി വരുന്ന കെ.എസ്.ആര്‍.ടി.സി. ബോണ്ട് ബസിന്റെ മാതൃകയില്‍ അടിപൊളി കേക്ക്. ആ ബസിനോടും അതിലെ യാത്രയോടുമുള്ള ഇഷ്ടം കളക്ടറേറ്റ് ജീവനക്കാര്‍ കേക്കില്‍ ലയിപ്പിച്ചു. പുതുവര്‍ഷത്തില്‍ ഇഷ്ട ബസിന്റെ മധുരം അവരുടെ നാവിലലിഞ്ഞു.

തൃപ്പൂണിത്തുറ പുതിയകാവ് സ്വദേശിനി സൂര്യയൊരുക്കിയ കേക്കുകളാണ് ഇത്തവണ കളക്ടറേറ്റിലെ ആഘോഷം വ്യത്യസ്തമാക്കിയത്. ധനകാര്യ വകുപ്പിന്റെ ക്രിസ്മസ് ആഘോഷം രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും 'നോട്ടുകെട്ടുകള്‍' മുറിച്ച്. എന്നും കൈകാര്യം ചെയ്യുന്ന 'തപാല്‍ കവറുകള്‍' മുറിച്ചായിരുന്നു ഡെസ്പാച്ച് വകുപ്പിന്റെ ആഘോഷം. റവന്യു റിക്കവറി വകുപ്പുകാര്‍ മുറിച്ചത് 'താഴും താക്കോലും'. ലാന്‍ഡ് റിഫോംസുകാരും ഒട്ടും കുറച്ചില്ല. വീടും സ്ഥലവും അവരുടെ കേക്കായി.

കണ്‍ട്രോള്‍ റൂമുകാര്‍ പിന്നെന്തു ചിന്തിക്കാന്‍; ഫോണും വാക്കി ടോക്കിയുമെല്ലാം അവരുടെ കേക്കില്‍ ഇടംപിടിച്ചു. കളക്ടര്‍ക്കുള്ള കേക്കില്‍ തനി ക്രിസ്മസ് കഥാപാത്രങ്ങളുമായിരുന്നു.

ക്രിസ്മസ്-പുതുവത്സര കാലം കഴിഞ്ഞെങ്കിലും കേക്ക് കാലം കഴിഞ്ഞില്ലെന്നു സൂര്യക്കു കിട്ടുന്ന ഓര്‍ഡറുകള്‍ പറയുന്നു. ബര്‍ത്ത് ഡേ, ബ്രൈഡല്‍ ഷവര്‍, ബേബി ഷവര്‍, ആനിവേഴ്‌സറി കേക്കുകള്‍ക്കുള്ള ഓര്‍ഡറുകളും തേടിയെത്തുന്നുണ്ട്.

ശരീര ഊഷ്മാവില്‍ പോലും വേഗത്തില്‍ അലിഞ്ഞുപോവുന്നതാണ് ഫ്രഷ് ക്രീം കേക്കുകള്‍. പ്രത്യേകം ശീതീകരിച്ച മുറിയിലേ ശരിയായി നിര്‍മിക്കാന്‍ പറ്റൂ. പുതിയതായി നിര്‍മിക്കുന്ന വീട് ഈ സജ്ജീകരണങ്ങളോടു കൂടിയതാണ്. കേക്ക് നിര്‍മാണം വിപുലമാക്കാനാണ് സൂര്യയുടെ തീരുമാനം.

തുടക്കം യൂ ട്യൂബില്‍നിന്ന്

യു ട്യൂബ് നോക്കിയാണ് അടിസ്ഥാനകാര്യങ്ങള്‍ പഠിച്ചത്. സാധാരണ കേക്ക് ഉണ്ടാക്കാന്‍ എളുപ്പമാണ്.

പക്ഷേ ഫൗണ്ടേന്‍ കേക്കിന് കുറെയധികം സമയം വേണം. നിര്‍മാണത്തിലും ഡിസൈനിങ്ങിലും സഹോദരന്‍ ദീപുവും ഭര്‍ത്താവ് സുജിത്തും സഹായിക്കാറുണ്ട്.

''സ്‌പോഞ്ച് കേക്കിലാണ് പരീക്ഷണം തുടങ്ങിയത്, പിന്നീട് ക്രീം കേക്കുണ്ടാക്കി. ആദ്യമൊക്കെ പരാജയപ്പെട്ടു, പിന്നീടാണ് ഏകദേശം ശരിയായി തുടങ്ങിയത്. ഇപ്പോള്‍ കുറച്ചധികം കേക്കിന്റെ ഓര്‍ഡറുകള്‍ വരുന്നുണ്ട്.

കളക്ടറേറ്റില്‍ മാത്രം 20 കേക്ക് നല്‍കി. വ്യത്യസ്തമായ ശൈലികള്‍ ഇനിയും പരീക്ഷിക്കാനാണ് തീരുമാനം''- സൂര്യ പറയുന്നു.

Content Highlights: Surya, a cake maker from Kochi