വിശ്രമമില്ലാത്ത ജോലി, സമയത്തിനകത്ത് ചെയ്തുതീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങള്‍, വീട്ടിലെയും ഓഫിസിലെയും പ്രശ്‌നങ്ങള്‍, ഇതൊക്കെ നിങ്ങളില്‍ മാനസികസമ്മര്‍ദം അഥവാ സ്‌ട്രെസ് ഉണ്ടാക്കുന്നുണ്ടോ? എന്നാല്‍ അതിനെ അങ്ങനെയങ്ങ് അവഗണിക്കേണ്ട. അത് ഭാവിയില്‍ രക്താതിസമ്മര്‍ദം, പ്രമേഹം, രോഗപ്രതിരോധശേഷി കുറയല്‍ എന്നിങ്ങനെ പല ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. ചിട്ടയായ ആഹാരക്രമത്തിലൂടെയും വ്യായാമത്തിലൂടെയും മാനസികസമ്മര്‍ദം വലിയൊരളവുവരെ നിയന്ത്രിക്കാം. സ്‌ട്രെസ് കുറക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുമുണ്ട്.
ഇലക്കറികള്‍
ചീര, മുരിങ്ങയില, അമരാന്ത് തുടങ്ങിയ തുടങ്ങിയ ഇലവര്‍ഗങ്ങളില്‍ ഫൊലേറ്റ്(folate) ധാരാളമായി അടങ്ങിയിട്ടുണ്ട്. മനോനിലയെ നിയന്ത്രിക്കുന്ന ന്യൂറോട്രാന്‍സ്മിറ്റേഴ്‌സ് നമ്മുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്നത് ഫൊലേറ്റ് ആണ്. കൂടാതെ വിഷാദത്തെ ചെറുക്കുകയും ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇലക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്ന്.
വാഴപ്പഴം
രക്താതിസമ്മര്‍ദം, മലബന്ധം, വിളര്‍ച്ച തുടങ്ങി വിഷാദത്തിലേക്ക് നയിച്ചേക്കാവുന്ന പല ശാരീരിക അവസ്ഥകള്‍ക്കും ഒരു പരിഹാരമാണിത്. പുകയില, മദ്യം, ലഹരിവസ്തുക്കള്‍ തുടങ്ങിയവയുടെ അമിതോപയോഗം മൂലം രക്തത്തില്‍ അടിഞ്ഞുകൂടുന്ന വിഷാംശങ്ങള്‍(toxictiy) നീക്കി ഉണര്‍വും ഉന്മേഷവും നല്‍കുന്നു. കൂടാതെ വാഴപ്പഴത്തില്‍ അടങ്ങിയിട്ടുള്ള റ്റിഫ്‌റ്റോഫാന്‍ എന്ന പ്രൊട്ടീനും ബി വൈറ്റമിനുകളും സെറോടോണിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്ററിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു. സന്തോഷം, സ്വാസ്ഥ്യം എന്നിവ അനുഭവപ്പെടാന്‍ സഹായിക്കുന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ ആണ് സെറോടോണിന്‍.
ഫാറ്റി ഫിഷ്
മഞ്ഞക്കോര, മത്തി, ചൂര എന്നിവയാണ് ഫാറ്റി ഫിഷ് വിഭാഗത്തില്‍ പെടുന്ന മത്സ്യങ്ങള്‍. ഇവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. സ്‌ട്രെസ് കൂട്ടുന്ന കോര്‍ട്ടിസോള്‍(cortisol) ഹോര്‍മോണിന്റെ ഉത്പാദനം കുറയ്ക്കാനും ഇത് സഹായിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനുകള്‍, അയഡിന്‍, വൈറ്റമിന്‍ ഡി എന്നിവ ഹൃദ്രോഗത്തെയും മസ്തിഷ്‌കാഘാതത്തെയും തടയുന്നു. ആഴ്ചയില്‍ മൂന്നോ നാലോ തവണ ഇവ കഴിക്കാം.
ഡാര്‍ക്ക് ചോക്കളേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കുകയും മാനസികസമ്മര്‍ദമുണ്ടാക്കുന്ന സാഹചര്യങ്ങളെ മറികടക്കാന്‍ സഹായിക്കുകയും ചെയ്യും.
പാല്‍,യൊഗര്‍ട്ട്
പാലിനും യൊഗര്‍ട്ടിനും സ്‌ട്രെസിനെ ചെറുക്കാനുള്ള കഴിവുണ്ട്. തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഞരമ്പുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായകമായ കാല്‍സ്യം, ബി വൈറ്റമിനുകള്‍ എന്നിവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മൂഡ് സ്റ്റബിലൈസര്‍ ആയ ട്രിപ്‌റ്റോഫാന്‍ (trytophan) എന്ന പ്രൊട്ടീനും ധാരാളം.
ഗ്രീന്‍ടീ
ഗ്രീന്‍ ടീ യില്‍ അടങ്ങിയിട്ടുള്ള L-theanine എന്ന അമിനോ ആസിഡുകളും ആന്റി ഓക്‌സിഡന്റുകളും മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്നു. ഗ്രീന്‍ ടീ ഒരു ശീലമാക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍, അമിതവണ്ണം, ആസ്ത്മ എന്നീ രോഗങ്ങള്‍ പ്രതിരോധിക്കാനും സഹായിക്കും.
ഓട്‌സ്
ഓട്‌സ് ഹോര്‍മോണുകളെ നിയന്ത്രിക്കുകയും സ്‌ട്രെസ് കുറക്കുന്ന ആന്റിഡിപ്രസന്റ് ഹോര്‍മോണ്‍ ആയ സെറോടോണിന്റെ അളവ് കൂട്ടുകയും ചെയ്യും. Aventhreamides എന്ന ആന്റിഓക്‌സിഡന്റ് രക്തത്തിലെ കൊളസ്‌ട്രോള്‍, പഞ്ചസാര എന്നിവയുടെ അളവ് നിയന്ത്രിക്കുന്നു. ഓട്‌സ് പാലുചേര്‍ത്ത് പ്രഭാതഭക്ഷണമായി കഴിക്കുന്നത് ആരോഗ്യവും, ഉന്മേഷവും ഉണര്‍വും നല്‍കും.
അവൊക്കാഡോ
അവൊക്കാഡോയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ബി, ഇ എന്നിവ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ മറ്റൊരു ഘടകമായ ഗ്ലുടാതിയോണ്‍ (glutathione) എന്ന ആന്റിഓക്‌സിഡന്റ് ശരീരത്തിലെ അനാവശ്യകൊഴുപ്പിനെ നീക്കം ചെയ്യും. ഒപ്പം യുവത്വവും നിലനിര്‍ത്തും.
കാരറ്റ്
കാരറ്റില്‍ ഉള്ള ബീറ്റാകരോട്ടിനുകളും ആന്റിഓക്‌സിഡന്റുകളും ശരീരത്തിന് യുവത്വം നല്‍കുന്നു. വൈറ്റമിന്‍ സി യാകട്ടെ ത്വക്കിന് ആരോഗ്യവും സംരക്ഷണവും പ്രദാനം ചെയ്യും. പൊട്ടാസ്യം കൊളസ്‌ട്രോളും, ഹൃദ്രോഗവും മസ്തിഷ്‌ക്കാഘാതവും തടയും. ശ്വാസകോശ കാന്‍സര്‍, ബ്രെസ്റ്റ് കാന്‍സര്‍, കോളന്‍ കാന്‍സര്‍ എന്നിവ തടയുന്നതിനും കാരറ്റ് കഴിക്കുന്നത് നല്ലതാണ്.
ഓറഞ്ച്
ഓറഞ്ചില്‍ ശരീരത്തിലെ സ്‌ട്രെസ് ഹോര്‍മോണുകളെ കുറയ്ക്കുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിലെ ആന്റി ഓക്‌സിഡന്റുകള്‍ ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുകയും ഫ്രീ റാഡിക്കല്‍സിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.
കടപ്പാട്: ഡോ. കരുണ എം. എസ്.
ഡോ. കരുണ ഡയറ്റ് സെന്റര്‍ , തൃശ്ശൂര്‍
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Stress reduce foods