കൊറോണയും ലോക്ഡൗണുമൊക്കെ ആളുകളുടെ മാനസിക നിലയെയും ബാധിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. രോഗഭീതിയും ഒറ്റപ്പെടലും സമൂഹത്തില്‍ നിന്നുള്ള വിട്ടു നില്‍ക്കലും ഒപ്പം ജോലിഭാരവും ഉണ്ട് പലര്‍ക്കും. ഇവയെല്ലാം തരുന്ന സ്‌ട്രെസ്സിനൊപ്പം ഈ സമയത്ത് നമ്മള്‍ കഴിക്കുന്ന ഭക്ഷണവും കൂടി സ്‌ട്രെസ്സിന് കാരണമായാലോ. സ്‌ട്രെസ്സ് കുറയ്ക്കാന്‍ ഭക്ഷണ രീതികളില്‍ വരുത്തുന്ന മാറ്റവും സഹായകമാകും. എങ്കില്‍ ഇന്നുതന്നെ ഈ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കിയാലോ.
കഫീന്‍- കോഫി
രാവിലെ ഉണരുമ്പോള്‍ ഒരു കപ്പ് കാപ്പികുടിക്കുന്ന ശീലമുള്ളവര്‍ ഏറെയുണ്ട്. എന്നാല്‍ അത് ദിവസത്തില്‍ പലതവണയായാലോ. മടുപ്പ് തോന്നുമ്പോഴും, ഉറക്കം വരുമ്പോഴും ക്ഷീണമനുഭവപ്പെടുമ്പോഴും എല്ലാം കോഫികുടിച്ച് ഉന്മേഷം വീണ്ടെടുക്കുന്നവരാണ് ഏറെയും. എന്നാല്‍ കോഫിയിലെ കഫീനെന്ന ഘടകം നിങ്ങളുടെ അഡ്രിനാല്‍ ഗ്രന്ഥിയെ കൂടുതല്‍ പണിയെടുപ്പിക്കുമെന്നാണ് പഠനം. ഇത് സ്‌ട്രെസ്സ് കൂടുന്നതിന് കാരണമാകും. രക്തസമ്മര്‍ദ്ദം ഉയരാനും ഉത്കണ്ഠകള്‍ കൂടാനും ഇത് വഴിവയ്ക്കും. കോഫിയില്‍ മാത്രമല്ല കഫീനുള്ളത്. സോഫ്റ്റ്ഡ്രിങ്ക്‌സ്, എനര്‍ജി ഡ്രിങ്ക്‌സ്, ചോക്ലേറ്റ് ന്നെിവയിലും കഫീനുണ്ട്. ഒന്നും അമിതമാവേണ്ട എന്ന് ചുരുക്കം.
ആല്‍ക്കഹോള്‍
ഒരു ഗ്ലാസ് വൈന്‍ കുടിച്ചാല്‍ റിലാക്‌സിങ് ഫീലിങ് അനുഭവപ്പെടുമോ. അല്ലെങ്കില്‍ സുഹൃത്തുക്കല്‍ക്കൊപ്പം ഒരു കോക്ടെയ്ല്‍. ഇല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളും മദ്യം തന്നെയും സ്‌ട്രെസ്സ് ഹോര്‍മോണുകളെ കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നവയാണ്. സ്‌ട്രെസ്സ് ഇരട്ടിയാവാനെ ഇത് സഹായിക്കൂ. അതുപോലെ കടുതല്‍ മദ്യപാനം ഉറക്കത്തെയും ബാധിക്കും. നന്നായി മദ്യപിച്ച് ഉറങ്ങി എണീക്കുമ്പോഴും ഒരു ലക്കുകെട്ടതുപോലെ തോന്നാറില്ലെ. ഒരിക്കലും ഉന്മേഷത്തോടെ അന്നത്തെ ദിവസം കടന്നുപോകുകയുമില്ല.
പ്രൊസസ്ഡ് കാര്‍ബോഹൈഡ്രേറ്റ്‌സ്
ഒരു പോഷകഗുണങ്ങളുമില്ലാത്ത പ്രൊസസ്ഡ് പായ്ക്ക്ഡ് ഫുഡ് ഒഴിവാക്കുന്നത് സ്‌ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കും. ഇത്തരം ഭക്ഷണസാധനങ്ങളിലെ കൂടിയ മധുരവും ഉപ്പും ബ്ലഡ് പ്രഷര്‍ കൂടാനേ ഉപകരിക്കൂ.
കൃത്രിമ മധുരപലഹാരങ്ങള്‍
സ്‌ട്രെസ്സ് മാത്രമല്ല തലവേദന, മെറ്റാബോളിക് ഡിസീസ്, ഹൃദയരോഗങ്ങള്‍ ഇങ്ങനെ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വരെ കൃത്രിമമധുരം ചേര്‍ന്ന ഭക്ഷണസാധനങ്ങള്‍ കാരണമാകും.
പഞ്ചസാര
സ്‌ട്രെസ്സ് കുറയ്ക്കണോ, ആദ്യം പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാം. സ്‌ട്രെസ്സ് കൂടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കും. സ്‌ട്രെസ്സ് കുറയ്ക്കാനാണിത്. ശരീരത്തിലെ ഷുഗര്‍ നിലയും കൃത്യമായി നിലനിര്‍ത്തുന്നത് ഈ ഹോര്‍മോണാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയാല്‍ കൂടുതല്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് ഉറക്കക്കുറവ്, രോഗപ്രതിരോധശക്തിയുടെ കുറവ്, തലവേദന, അമിതവിശപ്പ് എന്നിവയ്ക്ക് കാരണമാകും. മധുരം അധികം ചേര്‍ന്ന ഭക്ഷണം കുറയ്ക്കുന്നതാണ് നല്ലത്.
Conent Highlights: Stress Causing foods