Image: Getty images
ഇന്നത്തെ തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിന്റെ സന്തതസഹചാരിയാണ് സ്ട്രെസ്, അഥവാ സമ്മര്‍ദം. കുട്ടികള്‍ക്ക് മുതല്‍ വയസ്സായവര്‍ക്കുവരെ 'മാനസിക പിരിമുറുക്കം' ഉണ്ടാകാറുണ്ട്. പരീക്ഷയെ കുറിച്ചുള്ള പേടിയോ ജോലിയില്‍ നിന്നുള്ള ബുദ്ധിമുട്ടുകളോ എല്ലാംതന്നെ നമ്മുടെ സമ്മര്‍ദനില ഉയര്‍ത്താറുണ്ട്. സ്ട്രെസ്, അല്ലെങ്കില്‍ മാനസിക പിരിമുറുക്കം കൊണ്ടുണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
നമ്മുടെ ശരീരത്തിന്റെ ഓരോ പ്രവര്‍ത്തനത്തിനും പിന്നില്‍ ഓരോ കാരണമുണ്ട്. ഉദാഹരണത്തിന്, രാവിലെ എഴുന്നേല്ക്കാന് വൈകുന്നു എന്നിരിക്കട്ടെ. ജോലിക്കുപോകേണ്ട സമയം അതിക്രമിച്ചു. എങ്ങനെയെങ്കിലും എല്ലാ പണികളും തീര്‍ത്തിട്ട് നിങ്ങള്‍ ബസ് സ്റ്റോപ്പിലേക്ക് നടക്കുകയാണ്. ബസ് സ്റ്റോപ്പിനടുത്ത് എത്താറാകുമ്പോഴേക്കും ബസ് വന്നത് കാണുന്നതോടെ എങ്ങനെയെങ്കിലും ബസില്‍ കയറാനായി നിങ്ങള്‍ ഓടാന്തുടങ്ങുന്നു. അതോടെ, ഹൃദയമിടിപ്പ് വര്‍ധിക്കുകയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ചെയ്യുന്നു. മാത്രമല്ല, ശരീരം വിയര്‍ക്കുകയും അതുവഴി ശരീരം തണുക്കുകയും ചെയ്യുന്നു. ഇതെല്ലാംതന്നെ ശരീരത്തിന്റെ മുന്‍കരുതല്‍ പ്രക്രിയ വഴി ഉണ്ടാകുന്നതാണ്.
തീവ്രമായ സമ്മര്‍ദത്തെ നേരിടാന്‍ വേണ്ടുന്ന ഊര്‍ജം നമ്മള് കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് നമുക്ക് ലഭിക്കുന്നത്. എങ്ങനെയാണ് വിവിധതരം ഭക്ഷണങ്ങള്‍ നമ്മെ സമ്മര്‍ദത്തില്‍നിന്ന് സംരക്ഷിക്കുന്നതെന്ന് നോക്കാം:
1. വെണ്ടയ്ക്ക
പച്ചനിറത്തിലുള്ള ഈ പച്ചക്കറി, രൂപത്തില്‍ മാത്രമാണ് ചെറുത്. 'ഫോളേറ്റ്' എന്ന വിറ്റാമിന്‍-ബി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് വെണ്ടയ്ക്ക. ഫോളേറ്റ് എന്നത് 'സന്തോഷം ഉണ്ടാക്കുന്ന ഹോര്‍മോണ്‍' എന്നറിയപ്പെടുന്ന 'ഡോപാമൈന്‍' ഉത്പാദിപ്പിക്കുന്നു. ഡോപാമൈന്‍ തലച്ചോറില്‍ ആനന്ദാനുഭൂതിയെ വര്‍ധിപ്പിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ സമ്മര്‍ദം കുറയ്ക്കാനുള്ള നല്ല ഒന്നാംതരം ഭക്ഷണം തന്നെയാണ് വെണ്ടയ്ക്ക.
2. ഓട്സ്
സങ്കീര്‍ണമായ കാര്‍ബോഹൈഡ്രേറ്റ് എന്ന് കണക്കാക്കുന്ന ഓട്സ്, 'സെറോടോണിന്‍' എന്ന രാസവസ്തു ഉണ്ടാക്കാന്‍ നമ്മുടെ മസ്തിഷ്കത്തെ പ്രേരിപ്പിക്കുന്നു. സെറോടോണിനില് ആന്റി ഓക്സിഡന്റ് ഉണ്ട്. മാത്രമല്ല, സമ്മര്‍ദത്തെ അതിജീവിക്കാന്‍ സഹായിക്കുന്ന തോന്നല്‍ സൃഷ്ടിക്കാന്‍ സെറോടോണിന്‍ കഴിയും. പ്രഭാതഭക്ഷണത്തിന് ഓട്സ് കഴിക്കുന്ന കുട്ടികള്‍ രാവിലെ മുഴുവന്‍ ഉന്മേഷവാന്മാരായിരിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ചൂടുള്ള ഓട്സ് പാനീയം അരക്കപ്പ് ശരീരത്തില്‍ എത്തേണ്ട താമസം നിങ്ങള്‍ക്ക് കൂടുതല്‍ വിശ്രമവും ശാന്തതയും അനുഭവപ്പെടും.
3. മത്സ്യം
('ഫാറ്റി ഫിഷ്' എന്നറിയപ്പെടുന്ന സാല്‍മണ്‍, ചാള മുതലായവ)
ഒമേഗ-3 ഒരു 'ഫാറ്റി ആസിഡ്' ആണ്. ഇത് ശരീരത്തിന്റെ അത്യാവശ്യ പ്രവര്‍ത്തനങ്ങളും മാനസികാരോഗ്യവും തമ്മില്‍ വളരെ നല്ല ബന്ധം ഉണ്ടാക്കുന്നു. മത്സ്യത്തില്‍ ഒമേഗ-3 നില ധാരാളമുണ്ട്. ബ്രെയിന്‍, ബിഹേവിയര്‍ ആന്‍ഡ് ഇമ്യൂണിറ്റി വിഭാഗത്തില്‍ നടത്തിയ ഒരു പഠനത്തില്‍നിന്ന് കാണാന്‍ കഴിഞ്ഞത് 12 ആഴ്ചയോളം ദിവസേന ഒമേഗ-3 സപ്ലിമെന്റ് (ഡി.എച്ച്.എ., ഇ.പി.എ. എന്നിവ അടങ്ങിയിരിക്കുന്ന) സ്വീകരിച്ച വ്യക്തികളില്‍ ഉത്കണ്ഠ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ 20 ശതമാനം കുറവായിരുന്നു എന്നാണ്.
4. ഉരുളക്കിഴങ്ങ്
സമ്മര്‍ദം ഉണ്ടാകുമ്പോള്‍ വലിച്ചുവാരി ഭക്ഷണം കഴിക്കുന്ന ശീലം കുറച്ചുപേരിലെങ്കിലും കാണാന്‍ കഴിയാറുണ്ട്. ഇങ്ങനെയുള്ള വിശപ്പിനെ വിളിക്കുന്ന പേരാണ് 'ഹെഡോണിക് ഹംഗര്‍'. ഊര്‍ജം നല്കുന്നതിനാല് ഉയര്‍ന്ന കലോറി ഭക്ഷണസാധനങ്ങള്‍ നമ്മെ ആകര്‍ഷിക്കും. മധുരക്കിഴങ്ങ് ശരീരത്തിന് വേണ്ടുന്ന ഊര്‍ജം നല്കുന്നു.
5. കിവി പഴം
ഈ കുഞ്ഞുപഴം 'ട്രിപ്റ്റോഫന്‍' കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ട്രിപ്റ്റോഫന്‍ എന്നത് ശരീരത്തില്‍ എത്തുമ്പോള്‍ ചില പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെറോടോണിന്‍ ആയി മാറുന്നു, അത് നമ്മുടെ ഞരമ്പുകള്‍ ശമിപ്പിക്കുകയും മാനസികാവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്നു. സമ്മര്‍ദം എന്നത് നമ്മുടെ ഉറക്കത്തെ വല്ലാതെ താറുമാറാക്കുന്ന ഒന്നാണ്. 'കിവി' പഴം സ്ഥിരമായി കഴിക്കുന്നതുമൂലം നമുക്ക് വേഗം ശാന്തമായി ഉറങ്ങാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്
6. ചീര
സമ്മര്‍ദം കാരണം നമ്മുടെ പേശികള്‍ വലിഞ്ഞുമുറുകുകയും രക്തസമ്മര്‍ദം വര്‍ധിക്കുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍, ഇവയെ എല്ലാം ശാന്തമാക്കാന്‍ സഹായിക്കുന്ന ഒന്നാണ് 'മഗ്നീഷ്യം'. 'ചീര' മഗ്നീഷ്യത്തിന്റെ കലവറയാണ്. ചീര കഴിച്ചാല്‍ ശരീരത്തിന് ഉറക്കമില്ലായ്മ, സമ്മര്‍ദം എന്നിവയെ അകറ്റിനിര്‍ത്താന്‍ ഒരളവുവരെ കഴിയുന്നു.
7. ബ്ലൂബെറി
'ബ്ലൂബെറി'യില്‍ കാണപ്പെടുന്ന ആന്റി ഓക്സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും സമ്മര്‍ദത്തിന് എതിരേ ശരീരത്തിന്റെ പ്രതികരണശേഷി മെച്ചപ്പെടുത്തുന്നതിനും സ്ട്രെസ്സിനോട് ബന്ധപ്പെട്ട ഫ്രീ റാഡിക്കലുകളെ നിര്‍മാര്‍ജനം ചെയ്യുന്നതിനും സഹായിക്കുന്നു.
പ്രതിരോധശേഷിയില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്ന 'വൈറ്റ് ബ്ലഡ് സെല്‍സ്' ഉത്പാദിപ്പിക്കുന്നതിനും ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്.
പുതിയ ഭക്ഷണപദാര്‍ഥങ്ങള്‍ ഡയറ്റില്‍ ഇതുവരെ ഉള്‍പ്പെടുത്താത്തവര്‍, പ്രത്യേകിച്ച് മരുന്നുകള്‍ കഴിക്കുന്നവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങളുടെ ഡോക്ടറോടോ ഡയറ്റീഷ്യനോടോ ചോദിച്ചതിന് ശേഷം മാത്രമേ അവ ഡയറ്റില്‍ ഉള്‍പ്പെടുത്താവൂ. ചിലയിനം പച്ചക്കറികളും ഫലങ്ങളും നിങ്ങള്‍ ഇപ്പോള്‍ കഴിക്കുന്ന മരുന്നുമായി ചേരാതെവന്നേക്കാം എന്നുള്ളതാണ് ഒരു പ്രധാന കാരണം.
Content Highlights: Stress and food
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..