Photo: Pixabay
ഏത് പ്രായക്കാര്‍ക്കും ഏത് സമയത്തും എവിടെയാണെങ്കിലും വരാവുന്നതാണ് രോഗങ്ങള്‍. സാംക്രമികരോഗങ്ങള്‍ അഥവാ വളരെ വേഗം വ്യാപിക്കുന്ന രോഗങ്ങള്‍ പലതും സൂക്ഷ്മജീവികളായ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവ പടര്‍ത്തുന്നവയാണ്. വളരെ ഹാനികരമല്ലാത്ത ജലദോഷം തുടങ്ങി ജീവന് ഭീഷണിയാകുന്ന ന്യുമോണിയ, ക്ഷയം, എച്ച്1എന്‍1, നിപ, കോവിഡ് 19 എന്നിവയെല്ലാം ഇത്തരം സൂക്ഷ്മാണുക്കള്‍ അഥവാ മൈക്രോബുകള്‍ പരത്തുന്നവയാണ്.
നാം ശ്വസിക്കുന്ന വായു, ഭക്ഷണം, വെള്ളം, അന്തരീക്ഷം, പരിസരം എന്നിവയിലെല്ലാം ധാരാളം രോഗം പരത്തുന്ന മൈക്രോബുകളെ കാണാന്‍ സാധിക്കും. രോഗാണുക്കളുമായി യുദ്ധം ചെയ്ത് രോഗവിമുക്തമാകാനുള്ള ശരീരത്തിന്റെ കഴിവിനെയാണ് പ്രതിരോധശക്തിയെന്ന് പറയുന്നത്. രക്തത്തിലെ ശ്വേതകോശങ്ങളാണ് (White blood cells) രോഗാണുക്കളില്‍നിന്ന് രക്ഷനേടാന്‍ സഹായിക്കുന്നത്. ഇവ ഹാനികരമായ മൈക്രോബുകളെ തുരത്തിയോടിക്കുന്നു. നമ്മുടെ ശരീരത്തിന് രോഗാണുക്കളെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ടെങ്കില്‍ ആരോഗ്യത്തോടെയിരിക്കാന്‍ സാധിക്കും.
പ്രതിരോധശക്തി എങ്ങനെ വര്‍ധിപ്പിക്കാം?
ആഹാരത്തില്‍നിന്ന് നമുക്കാവശ്യമായ ഊര്‍ജവും മറ്റ് പോഷകമൂല്യങ്ങളും ലഭിക്കുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. അതുപോലെ പോഷകമൂല്യങ്ങള്‍ നിറഞ്ഞ ഒരു ആഹാരത്തില്‍നിന്നുതന്നെയാണ് പ്രതിരോധശക്തിയും ലഭിക്കുന്നത്. അസുഖം വരാതിരിക്കാനുള്ള ഏറ്റവും പ്രധാന മാര്‍ഗം പ്രതിരോധശേഷി (Immuntiy) കൂട്ടുകയെന്നതാണ്. പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ചില ധാതുലവണങ്ങള്‍, പ്രോബയോട്ടിക്‌സ് എന്നിവയെല്ലാം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
പ്രോട്ടീനുകള്‍
പ്രോട്ടീനുകള്‍ കോശങ്ങളുടെ നിര്‍മിതിക്കും അവയുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും ഇമ്യൂണ്‍ പ്രോട്ടീനുകളായ ആന്റിബോഡികളുടെ ഉത്പാദനത്തിനും ആവശ്യമായ ഒരു പോഷകമൂല്യമാണ്. ആന്റിബോഡികളാണ് സൂക്ഷ്മാണുക്കളെ പ്രതിരോധിച്ച് നമുക്ക് ആരോഗ്യം നല്‍കുന്നത്. മാത്രമല്ല, പ്രോട്ടീനുകള്‍ രക്തകോശങ്ങളായ ആര്‍.ബി.സി. (RBC) ഡബ്ല്യു.ബി.സി. (WBC) എന്നിവയുടെ ഉത്പാദനത്തിനും അത്യാവശ്യമാണ്. പ്രോട്ടീനുകളുടെ അളവ് കുറയുന്നത് ക്ഷീണം, തളര്‍ച്ച, വിളര്‍ച്ച (അനീമിയ) പ്രതിരോധശേഷിക്കുറവ് എന്നിവയുണ്ടാക്കുന്നു.
ചിക്കന്‍, ബീഫ്, മട്ടണ്‍, മീന്‍, മുട്ട, പാല്‍, പയറുവര്‍ഗങ്ങള്‍, നട്ട്‌സ് എന്നിവയിലെല്ലാം ധാരാളം പ്രോട്ടീനുകളുണ്ട്. മുതിര്‍ന്ന ഒരു വ്യക്തിക്ക് ദിവസവും 50 ഗ്രാം പ്രോട്ടീന്‍ വിവിധ ആഹാരങ്ങളില്‍നിന്ന് ലഭ്യമാക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ പകര്‍ച്ചവ്യാധികളുള്ള (Infectious diseases) അവസ്ഥയില്‍ പ്രോട്ടീന്റെ അളവ് ശാരീരികസ്ഥിതിയനുസരിച്ച് 100 ഗ്രാംവരെ വര്‍ധിപ്പിക്കണം. പ്രോട്ടീന്റെ ഘടകങ്ങളായ എല്ലാത്തരം അമിനോ ആസിഡുകളും അടങ്ങിയ പാല്‍, മുട്ട, മാംസാഹാരങ്ങള്‍ എന്നിവ രോഗസ്ഥിതിയനുസരിച്ച് കഴിക്കാം. ഇത് രോഗികള്‍ക്ക് വേഗം ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും. അതിനാലാണ് പല അസുഖങ്ങള്‍ക്കും ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, കുരുമുളക് എന്നിവയെല്ലാം ചേര്‍ന്ന ഒരു മട്ടണ്‍/ചിക്കന്‍സൂപ്പ് നല്ലതാണെന്ന് പറയുന്നത്.
നമ്മുടെ നാടന്‍ വിഭവങ്ങളായ ഇഡ്ഡലി, ദോശ, സാമ്പാര്‍, പുട്ട്, കടലക്കറി, പയര്‍ കറി, കഞ്ഞി പയര്‍, പരിപ്പുകറി, മത്തങ്ങ പയര്‍ എരിശ്ശേരി, സുഖിയന്‍, പരിപ്പുവട, ഉഴുന്നുവട, പരിപ്പുപായസം എന്നിവയും പ്രോട്ടീനുകളാല്‍ സമ്പുഷ്ടവും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നവയുമാണെന്ന് മറക്കരുത്.
വിറ്റാമിനുകള്‍, മിനറലുകള്‍
പ്രതിരോധവ്യൂഹത്തെ(Immune system) ശക്തിപ്പെടുത്തുന്നതില്‍ വിറ്റാമിനുകള്‍ക്കും മിനറലുകള്‍ക്കും വളരെയധികം പങ്കുണ്ട്. ശരീരപ്രവര്‍ത്തനങ്ങള്‍ക്ക് വളരെ കുറച്ച് മതിയെങ്കിലും ഇവയുടെ പ്രവര്‍ത്തനമേഖല വളരെ വലുതാണ്. അതിനാല്‍ ആഹാരത്തിലൂടെ വിറ്റാമിനുകളായ എ, ബി, സി, ഡി, ഇ, മിനറലുകളായ അയണ്‍, സിങ്ക്, സെലീനിയം എന്നിവ കൃത്യമായ അളവില്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം.
വിറ്റാമിന്‍ എ രോഗാവസ്ഥയില്‍ ഉണ്ടാകാറുള്ള നീര്, വീക്കം, ശരീരവേദന, മാനസിക പിരിമുറുക്കം, ഉറക്കമില്ലായ്മ എന്നിവയെ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ബി വിറ്റാമിനുകളില്‍ ബി6 ആണ് പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്. രോഗപ്രതിരോധവ്യൂഹത്തിലെ രാസപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാനും ഇമ്യൂണ്‍പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും ഡബ്ല്യു.ബി.സി.യുടെ ഉത്പാദനത്തിനും ബി6 ആവശ്യമാണ്.
വിറ്റാമിന്‍ സി, ഏറ്റവും വലിയ ഇമ്യൂണ്‍ സിസ്റ്റം ബൂസ്റ്റര്‍ എന്നാണ് അറിയപ്പെടുന്നത്. പവര്‍ഫുള്‍ ആന്റി ഓക്‌സിഡന്റായ വിറ്റാമിന്‍ സി, ഇമ്യൂണ്‍ സിസ്റ്റത്തിന്റെ ആരോഗ്യപ്രദമായ പ്രവര്‍ത്തനത്തിനും ഡബ്ല്യു.ബി.സി.യുടെയും ആന്റിബോഡിയുടെയും ഉത്പാദനത്തിനും സഹായിക്കുന്നു. അതിനാല്‍ ഇതിന്റെ അഭാവം രോഗാണുക്കളെ ക്ഷണിച്ചുവരുത്തിയേക്കാം. രോഗാണുക്കള്‍ ശരീരത്തിലെത്തിയാലുടന്‍ പ്രതിരോധിക്കാനുള്ള പ്രേരണ നല്‍കി ഇമ്യൂണ്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നു വിറ്റാമിന്‍ സി.
വിറ്റമിന്‍ E, ഇമ്മ്യൂണ്‍ സിസ്റ്റത്തിന്റെ ക്രമീകരണത്തിനും കോശ നശീകരണം (cell damage) തടയുന്നതിനും സഹായിക്കുന്നു.
ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും ആവശ്യാനുസരണം ഓക്‌സിജന്‍ എത്തിക്കുക എന്ന മുഖ്യ ജോലിയാണ് അയണ്‍ അഥവാ ഇരുമ്പിന്. ഇമ്യൂണ്‍ സെല്ലിന്റെ വളര്‍ച്ചയ്ക്കും വര്‍ധനവിനും ഇത് ആവശ്യമുണ്ട്.
സെലീനിയം നല്ലൊരു ആന്റി ഓക്‌സിഡന്റ് ആയതിനാല്‍ കോശനശീകരണം തടയുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. സിങ്ക് ഇമ്യൂണ്‍ കോശങ്ങള്‍ ഉണ്ടാകുന്നതിനും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഉപകരിക്കുന്നു.
പ്രോബയോട്ടിക്‌സ്
പ്രോബയോട്ടിക്‌സില്‍ ധാരാളം ഗുണകരങ്ങളായ സൂക്ഷ്മാണുക്കളുണ്ട്. ഇവ ബി വിറ്റാമിനുകളെ ഉത്പാദിപ്പിക്കുന്നതു വഴി ഇമ്യൂണിറ്റി നിലനിര്‍ത്തുന്നു. മാത്രമല്ല ഇമ്യൂണ്‍ സെല്ലുകളെ ഉത്തേജിപ്പിച്ച് രോഗകാരണങ്ങളായ സൂക്ഷ്മാണുക്കളെ പ്രതിരോധിക്കുകയും രോഗാവസ്ഥയില്‍ ഉണ്ടാകാറുള്ള ശാരീരിക അസ്വസ്ഥതകളെ കുറയ്ക്കുകയും ചെയ്യുന്നു. തൈര്, പനീര്‍, ചീസ്, ഇഡ്ഡലി, ദോശ, അപ്പം എന്നീ വിഭവങ്ങളെല്ലാം പ്രോബയോട്ടിക്‌സിന് ഉദാഹരണങ്ങളാണ്.
Content Highlights: strengthen your immunity during the corona virus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..