അമ്മയില്ലാത്തതിന്റെ ശൂന്യതയില്‍ നീറിനിന്ന ആണ്‍വീട്ടില്‍ നിന്നൊരു ഷെഫ്


സിറാജ് കാസിം

അമ്മ തങ്ങളെ തനിച്ചാക്കിപ്പോയപ്പോള്‍ അനുജന്റേയും അച്ഛന്റേയും മുന്നില്‍ അമ്മയുടെ സാന്നിധ്യമായി മാറുകയായിരുന്നു സന്തോഷ്.

സന്തോഷ് പപ്പൻ, ജമൈക്കൻ ജെർക്ക്' ചിക്കനും ബീൻസ് റൈസും

ജീവനെപ്പോലെ നെഞ്ചോടുചേര്‍ത്തിരുന്ന അമ്മ പൊടുന്നനെ മരണത്തിലേക്ക് നടന്നുപോയപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു സന്തോഷ്. അമ്മയില്ലാത്തതിന്റെ ശൂന്യതയില്‍ നീറിനില്‍ക്കുമ്പോള്‍ സന്തോഷും അനുജനും അച്ഛനും മാത്രമായ ആ വീട് അവരറിയാതെ ഒരു 'ആണ്‍വീട്' ആകുകയായിരുന്നു. അമ്മ തങ്ങളെ തനിച്ചാക്കിപ്പോയപ്പോള്‍ അനുജന്റേയും അച്ഛന്റേയും മുന്നില്‍ അമ്മയുടെ സാന്നിധ്യമായി മാറുകയായിരുന്നു സന്തോഷ്.

സ്‌കൂളില്‍ പഠിക്കുന്ന അനുജനുള്ള ഉച്ചഭക്ഷണം തയ്യാറാക്കി ഇലയില്‍ പൊതിഞ്ഞുകൊടുക്കുമ്പോഴും അച്ഛനുള്ള പ്രഭാതഭക്ഷണം മേശപ്പുറത്ത് എടുത്തുവെയ്ക്കുമ്പോഴുമൊക്കെ സന്തോഷിന്റെ മിഴികള്‍ അമ്മയെ ഓര്‍ത്ത് നനഞ്ഞിട്ടുണ്ട്. പക്ഷേ, അമ്മയില്ലാത്തതിന്റെ സങ്കടം അവരാരും അറിയരുതെന്ന കരുതലില്‍ സന്തോഷ് എല്ലാം ചെയ്തപ്പോള്‍ അവന്റെ മനസ്സില്‍ അറിയാതെ ഒരിഷ്ടം വളരുന്നുണ്ടായിരുന്നു... 'പാചകത്തോടുള്ള ഇഷ്ടം'.

അന്നേ മനസ്സില്‍ മൊട്ടിട്ട ആഗ്രഹത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച സന്തോഷ് ഒരുപാട് രാജ്യങ്ങളിലൂടെ ഷെഫിന്റെ കുപ്പായത്തില്‍ യാത്ര തുടര്‍ന്നു. ആ യാത്ര അബാദ് ഹോട്ടലുകളുടെ 'കോര്‍പ്പറേറ്റ് ഷെഫ്' എന്ന മേല്‍വിലാസത്തില്‍ എത്തിനില്‍ക്കുമ്പോള്‍ സന്തോഷ് പപ്പന്‍ പറയുന്നത് ഒന്നുമാത്രം... 'എല്ലാം അമ്മയുടെ അനുഗ്രഹം'.

കല്യാണവീട്ടിലെ ഉപദേശം

പ്രീഡിഗ്രി പരീക്ഷയെഴുതിനില്‍ക്കുന്ന സമയത്താണ് സന്തോഷിനെ ഒരു കല്യാണവീട്ടില്‍വെച്ച് കണ്ടുമുട്ടിയ ബന്ധു കാര്യമായൊന്ന് ഉപദേശിച്ചത്. പാചകലോകത്തിന്റെ വൈവിധ്യങ്ങളും സാധ്യതകളും രസങ്ങളുമൊക്കെ വര്‍ണിച്ചുള്ള കസിന്റെ ഉപദേശം കേട്ടപ്പോള്‍ സന്തോഷിന്റെ മനസ്സിലും പഴയ ആ മോഹം വീണ്ടും തളിരിട്ടു.

'അമ്മ മരിച്ചതോടെ പെട്ടെന്ന് തനിച്ചായിപ്പോയതിന്റെ ശൂന്യതയില്‍ കഴിയുമ്പോള്‍ ജീവിതം ഒരുപാട് സങ്കടകരമായിരുന്നു. അപ്പോഴാണ് കല്യാണവീട്ടില്‍ കണ്ടുമുട്ടിയ കസിന്റെ ഉപദേശം സ്വീകരിച്ചാലോയെന്ന് ചിന്തിച്ചത്. അങ്ങനെയാണ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പഠിക്കാന്‍ തീരുമാനിച്ചത്. അവിടെ പഠിച്ചിറങ്ങിയ ശേഷവും രണ്ടുവര്‍ഷത്തോളം ഞാന്‍ മറ്റു ചില ജോലികളാണ് ചെയ്തത്. പിന്നീടാണ് പാചകംതന്നെയാണ് എന്റെ വഴിയെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. ഗോവയിലെ ക്ലബ്ബ് മഹീന്ദ്രയിലായിരുന്നു ആദ്യം ജോലിക്കുകയറിയത്. പിന്നീട് ഗോവയിലെ റമദയിലും താജ് എക്‌സോട്ടിക്കയിലുമൊക്കെ ജോലിചെയ്തു. അതിനുശേഷം 2004ലാണ് ഞാന്‍ അബാദില്‍ ജോലിക്കു കയറുന്നത്...' സന്തോഷ് പാചകലോകത്തേക്കെത്തിയ വഴികള്‍ വരച്ചിട്ടു.

കടല്‍ കടന്നൊരു കപ്പലില്‍

അബാദില്‍ ജോലിചെയ്യുന്നതിനിടെ ഫുഡ് ഫെസ്റ്റിവലുകളിലൂടെ പരിചയപ്പെട്ട വിദേശി ഷെഫുമാരുമായുള്ള ബന്ധം... 'കടല്‍കടന്നൊരു കപ്പലില്‍' ചെന്നണയാന്‍ സന്തോഷിന് തുണയായത് അതുമാത്രമായിരുന്നു. 'ഗ്രീക്ക് കപ്പലായ ലൂയിസ് ക്രൂസ്‌ലൈനില്‍ ഷെഫ് ആകാന്‍ കിട്ടിയ അവസരമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്.

കരീബിയന്‍ കടലുകളിലും ലാറ്റിനമേരിക്കന്‍ തീരങ്ങളിലും മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലുമൊക്കെയായി കപ്പലിലൂടെ ഒഴുകിയ പാചകജീവിതമാണ് എന്നെ പലതും പഠിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ പാചകവുമായുള്ള സഞ്ചാരം വലിയൊരു അനുഭവമായിരുന്നു. കപ്പലില്‍ ജോലിക്കുകയറിയതിന്റെ തുടക്കത്തില്‍ ഭാഷ വലിയൊരു പ്രശ്‌നമായിരുന്നു.

സ്പാനിഷും പോര്‍ച്ചുഗീസും ജര്‍മനുമൊക്കെ മുന്നിലെത്തിയപ്പോള്‍ ഞാന്‍ ശരിക്കും അന്ധാളിച്ചുപോയിട്ടുണ്ട്. ഇംഗ്ലീഷാണെങ്കില്‍ ഒരുവിധം പറഞ്ഞൊപ്പിക്കാം. എന്നാല്‍, മറ്റു ഭാഷകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല. പക്ഷേ, പതുക്കെപ്പതുക്കെ അതെല്ലാം സ്വായത്തമാക്കാന്‍ കഴിഞ്ഞതോടെ കാര്യങ്ങളെല്ലാം ഈസിയായിത്തുടങ്ങി...' സന്തോഷ് കപ്പലിലെത്തിയ കഥ പറഞ്ഞു.

സഗനാക്കിയും യുവസ്തിയും

കപ്പലിലെ നീണ്ട പാചകസഞ്ചാരത്തില്‍ സന്തോഷിന് ഏറ്റവും വലിയ വെല്ലുവിളി സമ്മാനിച്ചത് കനേറിയന്‍ പ്രദേശങ്ങളിലൂടെയുള്ള യാത്രകളായിരുന്നു. 'അതിശൈത്യവും വീശിയടിക്കുന്ന കാറ്റുമുള്ള പ്രദേശങ്ങളിലൂടെ കപ്പല്‍ പോകുമ്പോള്‍ പാചകം വലിയൊരു പ്രശ്‌നംതന്നെയായിരുന്നു. കപ്പലിന്റെ മുകള്‍ഡെക്കില്‍ ഭക്ഷണത്തിനായി ആളുകള്‍ എത്തുമ്പോഴാണ് കുടുങ്ങിപ്പോകുന്നത്.

വളരെപ്പെട്ടെന്ന് തണുത്തുപോകുന്ന ഭക്ഷണം അവര്‍ക്ക് വേഗത്തില്‍ നല്‍കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. കപ്പലില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളുണ്ടാകും.

അവരുടെയെല്ലാം ഇഷ്ടങ്ങളും വ്യത്യസ്തമായിരിക്കും. ഗ്രീക്ക് കപ്പലില്‍ ഞാന്‍ സ്‌പെഷ്യലൈസ് ചെയ്തത് സഗനാക്കി, യുവസ്തി എന്നിങ്ങനെ രണ്ട് ഗ്രീക്ക് വിഭവങ്ങളിലായിരുന്നു. ചെമ്മീനും തക്കാളിച്ചാറും അല്‍പ്പം ആല്‍ക്കഹോളും ചേര്‍ത്തുണ്ടാക്കുന്ന വിഭവമാണ് 'സഗനാക്കി'.

ബീഫും പാസ്തയും ചേര്‍ത്തുണ്ടാക്കുന്ന 'യുവസ്തി'ക്കും സഞ്ചാരികളില്‍ ഏറെ ആരാധകരുണ്ടായിരുന്നു. സ്പാനിഷ് വിഭവമായ 'പയല', ഫ്രഞ്ച് വിഭവമായ 'ബോഗിനൂണ്‍', ലെബനീസ് വിഭവമായ 'താജിന്‍' തുടങ്ങിയവയും കപ്പലില്‍ സ്‌പെഷ്യലൈസ് ചെയ്ത ഇനങ്ങളായിരുന്നു. ബീഫും ചോക്ലേറ്റും വൈനും ചേര്‍ത്തുണ്ടാക്കുന്ന ബോഗിനൂണും കടല്‍മത്സ്യങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന പയലയുമൊക്കെ ഉണ്ടാക്കുന്നത് പഠിക്കാന്‍ ഞാന്‍ ഒരുപാട് സമയം കപ്പലില്‍ ചെലവഴിച്ചിട്ടുണ്ട്...'. സന്തോഷ് കപ്പലിലെ പാചകക്കാലം ഓര്‍ത്തെടുത്തു.

ജമൈക്കയിലെ'ജെര്‍ക്ക് ചിക്കന്‍'

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെയുള്ള സഞ്ചാരങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണ് പാചകജീവിതം മുന്നോട്ടുപോകുന്നതെന്നാണ് സന്തോഷ് പറയുന്നത്. ഭാര്യ ഷീബയും മക്കളായ അഹല്യയും ആദിലക്ഷ്മിയും സന്തോഷിന്റെ പാചകപരീക്ഷണങ്ങള്‍ക്ക് എപ്പോഴും കൂടെയുണ്ട്. 'പാചകത്തില്‍ കൈപ്പുണ്യത്തേക്കാള്‍ പ്ലാനിങ്ങും ശ്രദ്ധയുമാണ് പ്രധാനമെന്നാണ് ഞാന്‍ കരുതുന്നത്. കോര്‍പ്പറേറ്റ് ഷെഫ് ആയതുകൊണ്ട് ഗാലറിയിലിരുന്ന് കളികാണാമെന്ന ചിന്ത എനിക്കില്ല. ഗ്രൗണ്ടിലിറങ്ങി കളിച്ചാലേ അത് ആസ്വദിക്കാന്‍ കഴിയൂ.

ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അത് ആദ്യം കൃത്യമായി പ്ലാന്‍ ചെയ്ത് നിരീക്ഷണം നടത്തണം. കരീബിയന്‍ ദ്വീപുകളിലൂടെ സഞ്ചരിച്ചകാലത്ത് 'ജമൈക്കന്‍ ജെര്‍ക്ക് ചിക്കന്‍' ഉണ്ടാക്കുന്നത് പഠിക്കാന്‍ എത്രയോ ദിവസങ്ങളാണ് ഞാന്‍ കരീബിയന്‍ തീരത്ത് ചെലവഴിച്ചത്.

ഇറ്റലിയിലുണ്ടായിരുന്ന സമയത്ത് ഇറ്റാലിയന്‍ പിസ ഉണ്ടാക്കുന്നത് പഠിക്കാന്‍ അവിടത്തെ ഒട്ടേറെ റസ്റ്റോറന്റുകളില്‍ പോയിട്ടുണ്ട്. നേരിട്ടുകണ്ട് തുടര്‍ച്ചയായി പഠിക്കുമ്പോള്‍ ഏറ്റവും സ്വാദിഷ്ടമായ വിഭവം ഉണ്ടാക്കാന്‍ കഴിയും. ജമൈക്കന്‍ ജെര്‍ക്ക് ചിക്കന്‍ വളരെ സ്‌പൈസിയാണ്. പലവട്ടം രുചിച്ചുനോക്കി പഠിച്ചാലേ അതിന്റെ കൃത്യതയില്‍ ജെര്‍ക്ക് ചിക്കന്‍ ഉണ്ടാക്കാന്‍ കഴിയൂ...'. പാചകത്തിന്റെ വിശ്വാസപാഠങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ സന്തോഷിന്റെ മുന്നിലെ പാത്രത്തില്‍ ജമൈക്കന്‍ ജെര്‍ക്ക് ചിക്കന്‍ രൂപപ്പെടുന്നുണ്ടായിരുന്നു.

സന്തോഷ് പപ്പന്റെ സ്‌പെഷ്യല്‍ വിഭവമായ 'ജമൈക്കന്‍ ജെര്‍ക്ക്' ചിക്കനും ബീന്‍സ് റൈസും ഉണ്ടാക്കുന്ന വിധം

ആവശ്യമായി ചേരുവകള്‍

1. ചിക്കന്‍ ലെഗ് എല്ലില്ലാതെ അഞ്ച് എണ്ണം

2. മല്ലിയില 30 ഗ്രാം

3. കുരുമുളക് 20 ഗ്രാം

4. ഇഞ്ചി 20 ഗ്രാം

5. വെളുത്തുള്ളി 20 ഗ്രാം

6. സ്പ്രിങ് ഒനിയന്‍ 30 ഗ്രാം

7. റിഫൈന്‍ഡ് ഓയില്‍ 30 മില്ലി

8. നാരങ്ങാനീര് 30 മില്ലി

9. സവാള 70 ഗ്രാം

10. ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്നവിധം

രണ്ട് മുതല്‍ 10 വരെയുള്ള ചേരുവകള്‍ അരച്ചെടുത്ത് കുഴമ്പുപരുവത്തിലാക്കി ചിക്കനില്‍ പുരട്ടി കുറഞ്ഞത് രണ്ടുമണിക്കൂര്‍ വെയ്ക്കണം. അതിനുശേഷം ഗ്രില്‍ ചെയ്‌തെടുത്ത് ബീന്‍സ് റൈസിനോടൊപ്പം സെര്‍വ് ചെയ്യുക.

ബീന്‍സ് റൈസിനുള്ള ചേരുവകള്‍

1. ബസുമതി റൈസ് 500 ഗ്രാം

2. വേവിച്ച കിഡ്‌നി ബീന്‍സ് 100ഗ്രാം

3. ബട്ടര്‍ 50 ഗ്രാം

4. ബേ ലീവ്‌സ് ഒരെണ്ണം

5. വെളുത്തുള്ളി 20ഗ്രാം

6. ഇഞ്ചി 20ഗ്രാം

7. സ്പ്രിങ് ഒനിയന്‍ 30 ഗ്രാം

8. സവാള 70 ഗ്രാം

9. ചതച്ച വറ്റല്‍മുളക് 10 ഗ്രാം

10. തേങ്ങാപ്പാല്‍ 300 മില്ലി

11. വെള്ളം 700 മില്ലി

ഉണ്ടാക്കുന്ന വിധം

റൈസ് പാന്‍ ചൂടാക്കിയശേഷം ബട്ടര്‍, ബേ ലീഫ്, വെളുത്തുള്ളി, ഇഞ്ചി, സ്പ്രിങ് ഒനിയന്‍, സവാള, എന്നിവ ചേര്‍ത്ത് വഴറ്റുക, അതിനുശേഷം വെള്ളവും തേങ്ങാപ്പാലും ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് കുതിര്‍ന്ന ബസ്മതി റൈസ്, ചതച്ച വറ്റല്‍ മുളക്, കിഡ്‌നി ബീന്‍സ്, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി വറ്റിച്ചെടുക്കുക.

Content Highlights: story of chef santhosh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


mathrubhumi

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented