പരിചിതരായ ആളുകളുമായി ദിവസവും നാം ഇടപഴകേണ്ടി വരാറുണ്ട്. അവരെയൊന്നും പലപ്പോഴും ആരും ഒാർക്കാറില്ല. എന്നാൽ ചില ആളുകൾ നമ്മുടെ മനസ്സിൽ എപ്പോഴും നിലനിൽക്കും. അവരുടെ സംസാരവും പെരുമാറ്റവും ഒക്കെയായിരിക്കും ഇതിന് കാരണം. അത്തരത്തിൽ ഒരു അനുഭവം ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ് ബെം​ഗളുരു സ്വദേശിയായ ധർമേഷ് എന്ന ഈ യുവാവ്. 

ബെം​ഗളുരുവിലെ കോറമം​ഗല ഭാ​ഗത്തുള്ള ഒരു മലയാളി ചായക്കടക്കാരനെക്കുറിച്ചാണ് ധർമേഷ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ധർമേഷിന്റെ അപ്പാർട്ട്മെന്റിന് അടുത്തായിട്ടാണ് ഈ ചായക്കട.  2015 മുതൽ ദിവസവും ആ ചായക്കടയിൽ നിന്ന് ഒരു ചായ കുടിക്കൽ ധർമേഷിന് പതിവായിരുന്നു. എന്നും അവിടെയെത്തുമ്പോൾ തനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് ​ഗുഡ്മോണിങ് പറഞ്ഞ് ചായ നൽകുന്നത് ആ ചായക്കടക്കാരന്റെ പതിവായിരുന്നു. വേറെ ഒന്നും അവർ തമ്മിൽ സംസാരിച്ചിരുന്നില്ല. പക്ഷേ, തനിക്ക് ആ ചായക്കടയുമായി ഒരു ആത്മബന്ധം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

കോറമം​ഗല ഭാ​ഗത്ത് പലതവണ താമസ സ്ഥലം മാറിയെങ്കിലും ആ ചായക്കട സന്ദർശനം ധർമേഷ് മുടക്കിയിരുന്നില്ല.

കഴിഞ്ഞ ദിവസം അവസാനമായി ആ ചായക്കടയിൽ നിന്നും ഒരു ചായ കുടിച്ചു. ആ ചായക്കട ഇന്ന് അടയ്ക്കുകയാണ്, എന്നന്നേക്കുമായി- ധർമേഷ് ട്വിറ്ററിൽ കുറിച്ചു. ഭാവിയിലും അദ്ദേഹവുമായി സൗഹൃദം കാത്തുസൂക്ഷിക്കുമെന്നും ധർമേഷ് പറയുന്നു. 

Content Highlights: Story of a bangalore mans special bond with chaiwala impresses the internet, Food