രു നേരത്തെ അന്നത്തിനായി നെട്ടോട്ടമോടുന്നവരാണ് നമ്മളില്‍ പലരും. വിശപ്പ് മാറ്റാന്‍ കഷ്ടപെടുന്നതിനിടെയായിരിക്കും ചിലപ്പോള്‍ രോഗങ്ങള്‍ പടിപടിയായി എത്തുക. ചിലര്‍ ദുഃഖങ്ങള്‍ ഉള്ളിലൊളിപ്പിച്ച് ആരോടും വിഷമങ്ങളൊന്നും പങ്കുവയ്ക്കാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകും. മറ്റു ചിലര്‍ സമൂഹത്തിന്റെ സഹായം കൊണ്ട് കടന്നുപോകും. സമൂഹം ഇനിയും അറിയാത്ത, കഷ്ടപ്പാടുകളും ദുരിതങ്ങളും കൂട്ടായിട്ടുള്ള ഒട്ടേറെപ്പേര്‍ ഇനിയുമുണ്ട്. കണ്ണുനിറയിക്കുന്ന അനുഭവങ്ങളായിരിക്കുമവരുടേത്.

അത്തരമൊരാളുടെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. യൂട്യൂബറായ ടെഡ് കുന്‍ചോക്കാണ് വീഡിയോ പങ്കുവച്ചത്. ഒരു മലഞ്ചെരുവിലേക്ക് യാത്രപോയതായിരുന്നു കുന്‍ചോക്. വഴിയരികില്‍ പഴങ്ങള്‍ വില്‍ക്കുന്നയാളെ കണ്ട് വണ്ടി നിര്‍ത്തുന്നതോടെയാണ് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ തുടക്കം. 

ഭിന്നശേഷിക്കാരാനായ അനു എന്ന യുവാവാണ് വഴിയരികിലിരുന്ന ഓറഞ്ച് വില്‍ക്കുന്നത്. എങ്ങനെയുണ്ട് ബിസിനസെന്നും എന്തുകൊണ്ടാണ് പഴങ്ങള്‍ വില്‍ക്കുന്നതെന്നും യൂട്യൂബര്‍ ചോദിച്ചറിഞ്ഞു. സുഖമില്ലാത്ത അമ്മയെ പരിചരിക്കുന്നതിനുവേണ്ടിയാണ് താന്‍ പഴങ്ങള്‍ വില്‍ക്കുന്നതെന്നും കോവിഡ് കാരണം ആരും വരാത്തതിനാല്‍ പഴങ്ങള്‍ വിറ്റുപോകുന്നില്ലെന്നും അനു വ്യക്തമാക്കി.

ബുദ്ധിമുട്ടുകളേറെയുണ്ടെങ്കിലും നിഷ്‌കളങ്കമായ പുഞ്ചിരിയോടെയാണ് അനു യൂട്യൂബറോട് തന്‍റെ സങ്കടരങ്ങള്‍ പങ്കുവയ്ക്കുന്നത്. തന്റെ ഓറഞ്ച് മുഴുവന്‍ വാങ്ങാന്‍ കഴിയുമോയെന്ന് അനു യൂട്യൂബറോട് ചോദിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. പഴങ്ങള്‍ മുഴുവന്‍ വാങ്ങിയ യൂട്യൂബര്‍ അധികം പണവും അനുവിന് നല്‍കി. പണം നൽകിയപ്പോൾ അനുവിന്റെ മുഖത്ത് തെളിയുന്ന സന്തോഷം ആരുടെയും മനസ്സിലുടക്കും. യൂട്യൂബർ നൽകിയ പണം അനു തലയിൽ തൊട്ട് വന്ദിക്കുന്നതും വീഡിയോയിൽ കാണാം. അധികം പണം നൽകിയപ്പോൾ നന്ദിയോടെ കൈകൾ കൂപ്പുന്ന അനുവിനെ കാണുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞുപോകുമെന്ന് വീഡിയോ കണ്ട പലരും കമന്റ് ചെയ്തു. അവസാനം അനുവിനെ കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെച്ചിട്ടാണ് യൂട്യൂബർ മടങ്ങിയത്.

13 ലക്ഷത്തിലധികം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. യൂട്യൂബറിന്റെ സഹായമനസ്‌കതയെ അഭിനന്ദിച്ച് നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റു ചെയ്തു. 'ഇത് എന്റെ ഹൃദയം തൊട്ടു. എനിക്ക് ഒന്നും പറയാന്‍ പറ്റാതെ ആയി പോയി. അപരിചിതരായ ആളുകള്‍ ഇനിയും അദ്ദേഹത്തെ സഹായിക്കട്ടെ. അദ്ദേഹത്തിന് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാതിരിക്കട്ടെ'-ഒരാള്‍ കമന്റു ചെയ്തു.

Content highlights: specially abled man sells fruits for sick mother internet is touched by his story