Photo: instagram.com|rameshpisharody|?hl=en
നടനും അവതാരകനും കൊമേഡിയനുമൊക്കെയായ രമേഷ് പിഷാരടിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിരവധി താരങ്ങളാണ് പിഷാരടിക്ക് പിറന്നാൾ ആശംസകൾ പങ്കുവെച്ചത്. ഇപ്പോഴിതാ തനിക്ക് പിറന്നാളിന് ലഭിച്ച കേക്കിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പിഷാരടി. മറ്റാരുമല്ല നടൻ കുഞ്ചാക്കോ ബോബന്റെ പത്നി പ്രിയ കൊടുത്തയച്ച കേക്കിന്റെ ചിത്രമാണ് പിഷാരടി പങ്കുവച്ചത്.
പിഷാരടി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും ജയറാമും അഭിനയിച്ച ചിത്രമായിരുന്നു പഞ്ചവർണ തത്ത. ഈ ആശയത്തോട് ചേർന്നുനിൽക്കും വിധത്തിലുള്ള ഡിസൈനാണ് കേക്കിന്റേത്. തത്തയും ഓന്തുമൊക്കെ നിറഞ്ഞു നിൽക്കുന്ന പ്രകൃതിയോട് ചേർന്നു നിൽക്കുന്ന കേക്കാണത്. മനോഹരമായൊരു ക്യാപ്ഷനും ചിത്രത്തിനൊപ്പം പിഷാരടി നൽകിയിട്ടുണ്ട്.
പിറന്നാളിന് പ്രിയ കുഞ്ചാക്കോ ബോബൻ കൊടുത്തുവിട്ട കേക്ക്. മുറിക്കാനും തിന്നാനും മനസ്സു വരുന്നില്ല- എന്നാണ് പിഷാരടി നൽകിയ ക്യാപ്ഷൻ. പിഷാരടിയുടെ മൃഗസ്നേഹവും പ്രകൃതി സ്നേഹവും കണക്കിലെടുത്താണ് വ്യത്യസ്തമായ കേക്ക് സമ്മാനിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബനും പിഷാരടിക്ക് മനോഹരമായ പിറന്നാളാശംസ കുറിച്ചിരുന്നു. ടെൻഷനടിക്കുമ്പോൾ ആശ്വാസമേകാനുള്ള പാരസെറ്റാമോളാണ് പിഷാരടിയെന്നാണ് കുഞ്ചാക്കോ കുറിച്ചത്.
അടുത്തിടെ നടൻ മമ്മൂട്ടിക്ക് പ്രിയ കുഞ്ചാക്കോ സമ്മാനിച്ച കേക്കും ശ്രദ്ധ നേടിയിരുന്നു. സാധാരണ കണ്ടുശീലിച്ച കേക്കുകളിൽ നിന്ന് വ്യത്യസ്തമായൊരു കേക്കായിരുന്നു അതും. കുഷ്യനുൾപ്പെടെയുള്ള സെറ്റിയിൽ കാലിന്മേൽ കാൽ കയറ്റി വച്ചിരിക്കുന്ന മമ്മൂട്ടിയാണ് കേക്കിലുള്ളത്. സമീപത്തായി താരത്തിന്റെ കുടുംബ ചിത്രങ്ങളും മെഡലുകളുമൊക്കെയുണ്ടായിരുന്നു.
തനിക്കും കുടുംബത്തിനും വഴികാട്ടിയും ഗുരുവും വെളിച്ചവും വലിയേട്ടനുമൊക്കെയായ മമ്മൂക്കയ്ക്ക് പിറന്നാളാശംസകൾ എന്നു കുറിച്ചാണ് ചാക്കോച്ചൻ ഫോട്ടോ പങ്കുവച്ചത്. മധുര എഴുപതിലേക്ക് കടക്കുന്ന താരത്തിന് സമ്മാനിക്കുന്ന കേക്കിന്റെ ആശയം താരത്തിന്റെ വലിയ ആരാധികയായ ഭാര്യ പ്രിയയുടേതാണെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.
Content Highlights: special cake for Ramesh Pisharody by priya kunchacko boban
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..