നോൺ വെജിറ്റേറിയനും വെജിറ്റേറിയനുമല്ല എ​​​ഗിറ്റേറിയനാണെന്ന് അഭിമാനത്തോടെ പറയുന്നവരുണ്ട്. മുട്ട എന്നാൽ വികാരമാണവർക്ക്. ഓംലെറ്റും ബുൾസൈയുമൊക്കെ മുന്നിൽ വന്നാൽ പറയുകയേ വേണ്ട. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും ഒരു മുട്ടയുടെ വീഡിയോ ആണ്. സം​ഗതി പോച്ഡ് എ​ഗ്​ ഉണ്ടാക്കിയതിന്റെ വീഡിയോ ആണ്.

മുട്ട പൊട്ടിച്ച് തിളക്കുന്ന വെള്ളത്തിൽ വച്ചു വേവിച്ചെടുക്കുന്ന രീതിയാണിത്. എണ്ണ ഉപയോ​ഗിക്കേണ്ടെന്നതും ആരോ​ഗ്യപ്രദമാണെന്നതും ഈ റെസിപ്പിയുടെ താൽപര്യം കൂട്ടുന്നു. ഇത്തരത്തിൽ പോച്ഡ് എ​ഗ് ഉണ്ടാക്കിയ ഒരു കക്ഷി പക്ഷേ കുരുമുളക് പൊടി വിതറിയപ്പോൾ അൽപം കൂടിപ്പോയി. ഇതു നീക്കം ചെയ്യാൻ ഉപയോ​ഗിച്ച മാർ​ഗമാണ് വൈറലാവുന്നത്.

പോച്ഡ് എ​ഗിനു മുകളിൽ വിതറിയ കൂടുതലായുള്ള കുരുമുളകുപൊടി നീക്കം ചെയ്യാൻ വാക്വം ക്ലീനറാണ് കക്ഷി ഉപയോ​ഗിക്കുന്നത്. തുടക്കത്തിൽ വിദ​ഗ്ധമായി നീക്കം ചെയ്യുന്നുണ്ടെങ്കിലും അവസാനമായപ്പോഴേക്കും മുട്ടയുൾപ്പെടെ പാത്രത്തിൽ നിന്നും അപ്രത്യക്ഷമാവുകയാണുണ്ടായത്. 

ട്വിറ്ററിൽ പങ്കുവച്ച വീഡിയോ ഇതിനകം ഏഴുമില്യണിൽപ്പരം പേരാണ് കണ്ടുകഴിഞ്ഞത്. ഒന്നരലക്ഷത്തോളം കമന്റുകളും നാലരലക്ഷത്തോളം ലൈക്കുകളും ലഭിച്ചു. ഒരു കഷ്ണം തക്കാളിയോ വെള്ളരിക്കയോ ഉപയോ​ഗിച്ച് അധികമായുണ്ടായിരുന്ന കുരുമുളകുപൊടിയെ നീക്കം ചെയ്യാമായിരുന്നല്ലോ എന്നും വാക്വം ക്ലീനറിന്റെ അ​ഗ്രഭാ​ഗത്ത് ഒരു നെറ്റ് വച്ചാൽ മുട്ട പോവില്ലായിരുന്നു എന്നൊക്കെ പോകുന്നു കമന്റുകൾ.

Content Highlights: Someone used a vacuum cleaner to remove extra pepper from poached egg