പ്രതീകാത്മക ചിത്രം | Photo: canva.com/
നട്സ് പോലുള്ള ഭക്ഷ്യവസ്തുക്കള്‍ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് ഏറെ ആരോഗ്യപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യം മുതല്‍ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വരെ നട്സ് സഹായിക്കുന്നുണ്ട്. നട്സ് മാത്രമല്ല, ചെറുപയര്‍, കടല തുടങ്ങിയ ധാന്യങ്ങളും വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ കുതിര്‍ത്തെടുത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷനിസ്റ്റ് ജൂഹി കപൂര്‍.
ബദാം
പി.സി.ഒ.ഡി., മുഖക്കുരു പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മികച്ച ഉപാധിയാണ് കുതിര്‍ത്തെടുത്ത ബദാം. തിളങ്ങുന്ന ചര്‍മം സ്വന്തമാക്കുന്നതിനും ഇത് സഹായിക്കുന്നു. 5-6 ബദാം ഒരു രാത്രിമുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ച ശേഷം രാവിലെ കഴിക്കാം. ഇത് ദിവസവും തുടരണം.
ഉണക്കമുന്തിരിയും കുങ്കുമപ്പൂവും
ആര്ത്തവദിനങ്ങളിലുണ്ടാകുന്ന കടുത്ത വയറുവേദനയും ക്രമം തെറ്റിയുള്ള ആര്‍ത്തവവും പരിഹരിക്കുന്നതിന് ഉണക്കമുന്തിരി കുതിര്‍ത്തത് സഹായിക്കുന്നു. ഉണക്കമുന്തിരിക്കൊപ്പം സ്വല്പം കുങ്കുമപ്പൂവ് കൂടി ചേര്‍ത്ത് കഴിക്കുന്നതാണ് ഉത്തമം. 6-8 ഉണക്കമുന്തിരിയും സ്വല്പം കുങ്കുപ്പൂവും ഒരു രാത്രിമുഴുവന്‍ വെള്ളത്തില്‍ ഇട്ടുവയ്ക്കുക. പിറ്റേദിവസം രാവിലെ ഇതെടുത്ത് കഴിക്കാം.
കറുത്ത ഉണക്കമുന്തിരി
മുടികൊഴിച്ചില്‍ പരിഹരിക്കുന്നതിനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് ഉത്തമമാണ്. രാത്രിമുഴുവന്‍ ഇത് വെള്ളത്തിലിട്ട് വെച്ച് കുതിര്‍ത്തശേഷം പിറ്റേദിവസം രാവിലെ കഴിക്കാം.
വാള്‍നട്സ്
രണ്ട് വാള്‍നട്സ് രാത്രിമുഴുവന്‍ സ്വല്പം വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചശേഷം രാവിലെ കഴിക്കുന്നത് മസ്തിഷ്കത്തിന്റെ ശേഷി വര്‍ധിപ്പിക്കുകയും ഏകാഗ്രത വര്‍ധിപ്പിക്കുകയും ചെയ്യും. കുട്ടികള്‍ക്കും ഇത് മികച്ചതാണ്.
ചെറുപയര്‍
രണ്ട് സ്പൂണ്‍ ചെറുപയര്‍ തലേദിവസം രാത്രി വെള്ളത്തില്‍ ഇട്ടുവെച്ചശേഷം രാവിലെ കഴിക്കുന്നത് തലമുടി, പേശി, ചര്‍മം എന്നിവയുടെ ആരോഗ്യത്തിന് മികച്ചതാണ്. കൗമാരപ്രായക്കാര്‍ക്കും സ്ത്രീകള്‍ക്കുമാണ് ഇത് ഏറെ ഗുണം ചെയ്യുക.
അത്തിപ്പഴം
രണ്ട് അത്തപ്പഴം ഉണങ്ങിയത് വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം രാവിലെ കഴിക്കുന്നത് മലബന്ധം തടയുന്നു. ഗര്‍ഭിണികളിലും പ്രായമായവരിലും കണ്ടുവരുന്ന മലബന്ധം സംബന്ധിയായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇത് ഏറെ ഉത്തമമാണ്.
വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം.
1. വെള്ളത്തിലിട്ട് വെക്കുന്നതിന് മുമ്പ് ഇവ നന്നായി കഴുകിയെടുക്കണം.
2. കുടിക്കാന്‍ യോഗ്യമായ ശുദ്ധജലത്തില്‍ വേണം ഇവ കുതിര്‍ത്തുവയ്ക്കാന്‍.
3. രാവിലെ വെള്ളം ഊറ്റി കളഞ്ഞശേഷം കുതിര്‍ത്തെടുത്ത നട്സ് മാത്രം കഴിക്കാം.
4. ചെറുപയര്‍ കുതിര്‍ത്തശേഷം വെള്ളം നീക്കം ചെയ്ത് തുണിയിലോ മറ്റോ കെട്ടിവെച്ചശേഷം മുളപ്പിച്ച് കഴിക്കുന്നത് മികച്ചതാണ്.
(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)
Content Highlights: soaked superfoods, healthy food, healthy diet, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..