ഇനിമുതല്‍ താനും കുടുംബവും സമ്പൂര്‍ണ സസ്യാഹാരികളാകുകയാണെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍.
കൊറോണ ലോക്ഡൗണ്‍ കാലത്ത് ഫിറ്റ്‌നെസും ഡയറ്റും ഭക്ഷണവും എല്ലാമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകള്‍ താരം പങ്കുവച്ചിരുന്നു. ആരോഗ്യകരമായ പലതരം ഭക്ഷണം പാകം ചെയ്യുന്ന വിധം, ഫിറ്റ്‌നെസ്സ് ടിപ്പുകള്‍ എന്നിവയെല്ലാം നല്‍കി ആരാധകരെ കൈയ്യിലെടുക്കാന്‍ താരം മറന്നില്ല. ഇപ്പോഴിതാ പുതിയ ആരോഗ്യ വിശേഷവുമായി എത്തിയിരിക്കുന്നു.
45 കാരിയായ ശില്‍പയും മകന്‍ വിയാനും പച്ചക്കറി കൃഷികള്‍ക്കിടയിലൂടെ നടക്കുന്നതും പച്ചക്കറികള്‍ ശേഖരിക്കുന്നതുമായ വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ മകനും ശില്‍പയും പച്ചക്കറികൾ രുചിച്ചു നോക്കുന്നതും കാണാം.
വീഡിയോയുടെ ദൈർഘ്യമേറിയ ക്യാപ്ഷനിലാണ് ഇനി മുതൽ സ്യഭക്ഷണം ശീലമാക്കുകയാണെന്ന വിവരം താരം നല്‍കുന്നത്. 'വെജിറ്റേറിയനിസം ഞങ്ങള്‍ പൂര്‍ണമായി സ്വീകരിക്കുകയാണ്.' ഇത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ശില്‍പ കുറിക്കുന്നു. കർണാടകത്തിലെ മംഗലാപുരം സ്വദേശിയായ നടിയും കുടുംബവും മത്സ്യം സ്ഥിരമായി കഴിക്കുന്നവരായിരുന്നു. പതിയെ സസ്യഭക്ഷണത്തിലേക്ക് ചുവടുമാറുന്നതിന്റെ ഭാഗമായി നിരവധി വെജിറ്റേറിയന്‍ റസീപ്പികളും ശില്‍പ ആരാധകരുമായി പങ്കുവച്ചിരുന്നു.
പ്രകൃതിയോടുള്ള തന്റെ ഉത്തരവാദിത്തത്തെ പറ്റിയും താരം കുറിക്കുന്നുണ്ട്. ഒപ്പം വെജിറ്റേറിയനാകുന്നതിന്റെ ഗുണങ്ങളെ പറ്റിയും. ഹൃദ്രോഗങ്ങള്‍, പ്രമേഹം, അമിതവണ്ണം, മറ്റ് ജീവിതശൈലീ രോഗങ്ങള്‍.. ഇവയില്‍ നിന്നെല്ലാം രക്ഷനേടാന്‍ ഈ ഡയറ്റ് സഹായിക്കും.'ശില്‍പ ഷെട്ടി പറയുന്നു.
Content Highlights: Shilpa Shetty turns fully vegetarian for saving family health