വിശന്നാല്‍ ചിലപ്പോള്‍ നമ്മളൊക്കെ ഭ്രാന്തന്മാരാകും. വിശപ്പേറുമ്പോള്‍ ചിലര്‍ അകാരണമായി ദേഷ്യപ്പെടും. ചില സന്ദര്‍ഭങ്ങളില്‍ അത് നിയന്ത്രിക്കാന്‍ പറ്റാതെയുമാകും. ഇത്തരമൊരു സംഭവമാണ് സാമൂഹികമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കല്യാണത്തിന് സമയത്തിന് ഭക്ഷണം വിളമ്പാത്തത്തിന് ഫോട്ടോഗ്രഫര്‍ വധുവരന്മാരുടെ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തതാണ് സംഭവം. 

സാമൂഹികമാധ്യമമായ റെഡ്ഡിറ്റിലാണ് ഫോട്ടോഗ്രഫര്‍ തന്നെ തന്റെ അനുഭവം വിവരിച്ചത്. താന്‍ ഔദ്യോഗിക വെഡ്ഡിങ് ഫോട്ടോഗ്രഫറല്ലെന്നും സുഹൃത്തായ വരന്‍ തന്നെ നിര്‍ബന്ധിച്ചതുകൊണ്ടാണ് വളരെ കുറഞ്ഞ വേതനത്തിന് ഫോട്ടോ എടുക്കാന്‍ പോയതെന്ന് അയാള്‍ പറഞ്ഞു.

'പത്തുമണിക്കൂറോളമായിരുന്നു കല്യാണച്ചടങ്ങ്. രാവിലെ 11 മണിക്ക് തുടങ്ങിയ വിവാഹച്ചടങ്ങുകള്‍ രാത്രി ഏഴരയോടെയാണ് അവസാനിച്ചത്. അഞ്ചുമണിക്കാണ് ഭക്ഷണം വിളമ്പിയത്. എന്നാല്‍, ആ സമയത്ത് വരന്‍ തന്നെ ഭക്ഷണം കഴിക്കാന്‍ അനുവദിച്ചില്ലെന്നും ഫോട്ടോ എടുക്കുന്നത് തുടരാനും പറഞ്ഞു. വിവാഹച്ചടങ്ങ് നടന്നത് പഴയൊരു ഹാളിലാണ്. അവിടെ എയര്‍ കണ്ടീഷന്‍ ഇല്ലാത്തതിനാല്‍ അപാരമായ ചൂടാണ് അനുഭവപ്പെട്ടത്. കടുത്ത ചൂടുമൂലവും വിശ്രമമില്ലാതെയുള്ള ജോലിമൂലവും ആകെ തളര്‍ന്ന് പോയിരുന്നു.  ഇതില്‍ പ്രകോപിതനായാണ് ഫോട്ടോ ഡിലീറ്റ് ചെയ്തതത്-ഫോട്ടോഗ്രഫര്‍ വിവരിച്ചു. 
 
'ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമായി 20 മിനിറ്റ് ഇടവേള നല്‍കണമെന്ന് വരനോട് ഞാന്‍ അപേക്ഷിച്ചു. സമീപത്ത് ബാറുകളൊന്നും തുറന്നിരുന്നില്ല. കുടിക്കാന്‍ വെള്ളം പോലും ലഭിച്ചില്ല. കയ്യില്‍ കരുതിയിരുന്ന രണ്ട് കുപ്പി വെള്ളവും ഇതിനോടകം തീര്‍ന്നുപോയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നോട് ഒന്നുകില്‍ ഫോട്ടോഗ്രഫറായി തുടരാനും അല്ലെങ്കില്‍ നല്‍കാമെന്നേറ്റ പണം വാങ്ങാതെ മടങ്ങാനുമായിരുന്നു സുഹൃത്ത് പറഞ്ഞത്. അങ്ങനെയെങ്കില്‍ താന്‍ വിവാഹത്തിനെടുത്ത ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുമെന്ന് പറഞ്ഞു. സുഹൃത്ത് സമ്മതിച്ചു. അയാളുടെ മുമ്പില്‍ വെച്ച് ഞാന്‍ ഫോട്ടോകള്‍ മുഴുവന്‍ ഡിലീറ്റ് ചെയ്തു.-ഫോട്ടോഗ്രഫര്‍ പറഞ്ഞു. 

ഇപ്പോള്‍ ദമ്പതികള്‍ ഹണിമൂണ്‍ ട്രിപ്പിലാണെന്നും, സാമൂഹികമാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും ഫോട്ടോഗ്രഫര്‍ പറഞ്ഞു. വിവാഹഫോട്ടോകള്‍ പങ്കുവെയ്ക്കാത്തത് എന്താണെന്ന് ചോദിച്ച് നിരവധി പേര്‍ അവരോട് സാമൂഹിക മാധ്യമങ്ങളില്‍ ചോദിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ഫോട്ടോഗ്രഫറുടെ കുറിപ്പ് നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഏകദേശം 28,000 പേര്‍ പോസ്റ്റ് ലൈക്ക് ചെയ്യുകയും 2600 പേര്‍ കമന്റ് ചെയ്യുകയും ചെയ്തു. ഫോട്ടോഗ്രഫറെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എടുത്തത് ശരിയായ തീരുമാനമാണെന്നും ഭക്ഷണവും വെള്ളവും ഏതൊരു ഫോട്ടോഗ്രഫര്‍ക്കുമുള്ള അടിസ്ഥാനപരമായ ആവശ്യമാണെന്നും ഒട്ടേറെ പേര്‍ പറഞ്ഞു. വരനുമായുള്ള സുഹൃത്ബന്ധം തുടരണമോയെന്ന കാര്യം ഒന്നുകൂടി ആലോചിക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

Content highlights: served no food at wedding hangry photographer deletes couples pics