ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ട ഇടമാണ് ഇന്ത്യ. വൈവിധ്യങ്ങള്‍ നിറഞ്ഞ ഒട്ടേറെ വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്. രാജ്യത്തെ ഓരോ സംസ്ഥാനത്തും അതിന്റേതായ തനത് രുചിക്കൂട്ടുകളും വിഭവങ്ങളും ഉണ്ട്. ഇന്ത്യന്‍ ശൈലിയില്‍ മസാല ചായ ഉണ്ടാക്കിയ വോളിവുഡ് അഭിനേത്രിയും പാട്ടുകാരിയുമായ സെലീന ഗോമസിന്റെ വീഡിയോ ആണ് ഇന്ത്യക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. 

ഇന്ത്യന്‍ വംശജയും എഴുത്തുകാരിയും മോഡലും പാചകവിദഗ്ധയുമായ പദ്മ ലക്ഷ്മിയുടെ നിര്‍ദേശപ്രകാരമാണ് സെലീന മസാല ചായ ഉണ്ടാക്കുന്നത്. സെലീന ഗോമസിന്റെ യൂട്യൂബ് ഫാന്‍ പേജായ സെലേനേറ്റേവ്‌സ് ഫോര്‍ ഗോമെസിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പത്ത് ലക്ഷത്തിലധികം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. പ്രമുഖ ഷെഫുകളുമായി ചേര്‍ന്ന് സെലീന പാചകം ചെയ്യുന്ന സെലീന+ഷെഫ് എന്ന ടെലിവിഷന്‍ ഷോയില്‍ നിന്നുള്ള ഭാഗമാണ് യൂട്യൂബില്‍ ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 

മസാല ചായ കൂടാതെ സെലീന തയ്യാറാക്കിയ ചോറും കൊഞ്ചുകറിയും വീഡിയോയില്‍ കാണാന്‍ കഴിയും. വെള്ളം തിളപ്പിക്കുന്നത് മുതല്‍ ചായപ്പൊടിയും മസാല ചായയുടെ കൂട്ടായ ഇഞ്ചി, ഏലക്ക, ഗ്രാംപൂ എന്നിവയും അവസാനം പാലും പദ്മ ലക്ഷ്മിയുടെ നിര്‍ദേശപ്രകാരം സെലീന ചേര്‍ക്കുന്നത് കാണാന്‍ കഴിയും. 

മസാല ചായ ഉണ്ടാക്കി കഴിഞ്ഞ് ചോറും കൊഞ്ച് കറിയും ഇന്ത്യന്‍ ശൈലിയില്‍ കൈ കൊണ്ട് കഴിക്കാന്‍ പദ്മ ലക്ഷ്മി സെലീനയെ പഠിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം, പദ്മ ലക്ഷ്മിയുടെ മസാല ചായയേക്കാള്‍ സെലീനയുടെ ചായയ്ക്കാണ് ഇന്ത്യന്‍ ലുക്ക് കൂടുതലെന്നും അസ്സൽ ചായയെന്നുമൊക്കെയാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

Content highlights: selena gomez makes masala tea, with help of padma lakshmi