ബീഫില്‍ കുരുമുളക് പൊടിയിട്ടു? അയാള്‍ക്കൊപ്പം സിനിമയില്ല; രുചി വിശേഷങ്ങളുമായി ഏച്ചിക്കാനം


രമ്യ ഹരികുമാര്‍

വടക്കന്‍ മലബാറിന്റെ ആതിഥേയമര്യാദ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന കാസര്‍കോടിന്റെ എഴുത്തുകാരന്‍. സന്തോഷ് ഏച്ചിക്കാനം.

സന്തോഷ് ഏച്ചിക്കാനം വളളക്കടവിൽ | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തും നാടായ നാടൊക്കെ ചുറ്റിക്കറങ്ങിയും വര്‍ഷങ്ങള്‍ക്കു ശേഷം ഒരര്‍ധരാത്രിക്കു വീട്ടില്‍ തിരിച്ചെത്തിയ വൈക്കം മുഹമ്മദ് ബഷീറിനോട് അമ്മ ചോദിച്ചതു നീ വല്ലതും കഴിച്ചോ എന്നായിരുന്നു. എത്ര വൈകി വീട്ടിലെത്തിയാലും ആഹാരം വിളമ്പി കാത്തിരിക്കുന്ന അമ്മയെപ്പോലെ വീട്ടിലെത്തുന്ന സുഹൃത്തുക്കള്‍ക്കു വിഭവങ്ങളൊരുക്കി കാത്തിരിക്കുന്ന സന്തോഷിനെ കൂട്ടുകാര്‍ വിളിക്കുന്നതും അമ്മ എന്നാണ്. വടക്കന്‍ മലബാറിന്റെ ആതിഥേയമര്യാദ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന കാസര്‍കോടിന്റെ എഴുത്തുകാരന്‍. സന്തോഷ് ഏച്ചിക്കാനം.

എത്ര വൈകിയാണു വരുന്നതെങ്കിലും ഞാന്‍ ചോദിക്കും ഭക്ഷണം കഴിച്ചിട്ടുണ്ടോ എന്ന്. അവര്‍ നമ്മളെ ബുദ്ധിമുട്ടിക്കണ്ട എന്നു കരുതി തട്ടുകടയില്‍നിന്നോ മറ്റോ കഴിച്ചോളാം എന്നുപറയും. പക്ഷേ, ഞാൻ പക്ഷേ സമ്മതിക്കില്ല. ഉടൻ തന്നെ പുട്ടുപൊടിയെടുത്തു നനച്ച് അതിലേക്ക് തേങ്ങ ചിരകിയതു ചേര്‍ത്തു പുട്ടെല്ലാം ഉണ്ടാക്കി... ചെറുപയര്‍ മഞ്ഞള്‍പ്പൊടിയിട്ടു വേവിച്ച്, പച്ചമുളകും വെളുത്തുളളിയും തേങ്ങ ചിരകിയതും ചതച്ചു കറിവേപ്പിലയും ചേര്‍ത്തിളക്കി അതിലേക്ക് അല്പം പച്ചവെളിച്ചെണ്ണയും ചേര്‍ത്ത കറിയുണ്ടാക്കി... അതിനു ഭയങ്കരരുചിയാണ്. യാത്ര കഴിഞ്ഞെത്തുന്നവര്‍ക്കു ചൂടോടെ വിളമ്പിക്കൊടുത്തു കഴിപ്പിക്കുമ്പോള്‍ കിട്ടുന്ന ഒരാനന്ദമുണ്ട്.'' ആതിഥേയന്റെ സ്‌നേഹവും കരുതലും ആനന്ദവും സന്തോഷിന്റെ വാക്കുകളിലും കണ്ണുകളിലും ഒരുപോലെ നിറയുന്നു.പന്തിഭോജനം, ബിരിയാണി, ആട്ടം തുടങ്ങിയ ചെറുകഥകളിലൂടെ ഭക്ഷണത്തിന്റെ രാഷ്ട്രീയം പറയുകയും ഒപ്പം ഓരോ വിഭവത്തേയും വാക്കുകളുടെ കൈക്കണക്ക് തെറ്റാതെ വായനക്കാരന്റെ നാവില്‍ വിളമ്പി രുചിയുടെ രസമുകുളങ്ങള്‍ വിടര്‍ത്തിയ എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം. പുനത്തില്‍ കുഞ്ഞബ്ദുളള, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങി സാഹിത്യത്തിലും പാചകത്തിലും തിളങ്ങിയവരുടെ നാടാണ് കേരളം. പക്ഷേ, പ്രിയപ്പെട്ടവര്‍ക്ക് വെച്ചുവിളമ്പി, ഊട്ടാനുളള ഇഷ്ടത്തെ ഹോട്ടല്‍ തുടങ്ങാം എന്ന തീരുമാനത്തിലേക്കെത്തിച്ച സാഹിത്യകാരന്‍ ഒരു പക്ഷേ സന്തോഷ് ഏച്ചിക്കാനം മാത്രമായിരിക്കും. കാക്കനാട് കുന്നുംപുറം റോഡിൽ സിവിൽ സ്റ്റേഷനു സമീപം പണി തുയർത്തിയ ആ ഇഷ്ടത്തിന്റെ പേരാണ് വളളക്കടവ് സീഫുഡ് റെസ്റ്റോ കഫേ.

എഴുത്തിലെ സര്‍ഗാത്മകത വളളക്കടവിലെ ഇന്റീരിയറിലും വ്യക്തമാണ്. ഏറ്റവും രുചികരമായ സീ ഫുഡ് വിഭവങ്ങള്‍ വിളമ്പുക എന്ന ആഗ്രഹത്തോടെ തുടങ്ങിവെച്ച വളളക്കടവിലെ ചുവരുകളിലെല്ലാം തീരം തൊടുന്ന തിരമാലകളും ചിപ്പികളും. തീരത്തു കടലിലിറങ്ങാന്‍ കാത്തുകിടക്കുന്ന തോണി. പഴമൊഴികളും ഉദ്ധരണികളും രേഖപ്പെടുത്തിയ തീന്‍മേശ. 'ഭക്ഷണത്തോടുളളതിനേക്കാള്‍ ആത്മാര്‍ഥമായ ഒരു പ്രണയം ' എന്ന ബര്‍ണാഡ് ഷായുടെ ഉദ്ധരണി രേഖപ്പെടുത്തിയ തീന്‍മേശയില്‍ ഊണും അയല മുളകിട്ടതും മെക്‌സിക്കന്‍ റാബിറ്റും കുട്ടനാടന്‍ താറാവും വന്നിറങ്ങി. രുചികള്‍ക്കൊപ്പം കാസര്‍കോട്ടെ ഓര്‍മകളിലേക്കും രുചിക്കഥകളിലേക്കും എഴുത്തുകാരന്‍ കൂടെക്കൂട്ടി.

നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പ്യൂണിന്റെ സഹായിയായിട്ടാണ് പാചകമേഖലയിലേക്കുളള അരങ്ങേറ്റം. അന്നു കുട്ടികള്‍ക്ക് ഉപ്പുമാവാണ് കൊടുത്തിരുന്നത്. പ്യൂണ്‍ ആണു പാചകക്കാരന്‍. നാലാം ക്ലാസുകാരാണു പുളളിയെ സഹായിക്കുക. എല്‍.പി. സ്‌കൂളില്‍ നാലാം ക്ലാസുകാര്‍ സീനിയര്‍ മോസ്റ്റ് ആള്‍ക്കാര്‍ ആണല്ലോ. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ നമ്മള്‍ ആഗ്രഹിക്കുന്നത് എങ്ങനെയെങ്കിലും നാലാം ക്ലാസില്‍ എത്തി പ്യൂണിന്റെ അസിസ്റ്റന്റ് ആവണമെന്നാണ്. മറ്റു കുട്ടികളൊക്കെ നോക്കുമ്പോള്‍ വലിയ ഗമയില്‍ ഉപ്പുമാവെല്ലാം ഇളക്കി, അല്ലറച്ചില്ലറ സഹായങ്ങളൊക്കെ ചെയ്ത് ഇങ്ങനെ നില്‍ക്കും. വീട്ടില്‍നിന്നു ദോശ തന്നുവിടും അതു കൂട്ടുകാര്‍ക്കു പങ്കുവെച്ചിട്ട് ഈ ഉപ്പുമാവ് കഴിക്കാന്‍ ഇരിക്കും. കുട്ടികള്‍ നിരന്നിരുന്നല്ലേ ഭക്ഷണം കഴിക്കുക. അതിനിടയില്‍ ചിലപ്പോള്‍ പെട്ടെന്നൊരു മൂലയില്‍നിന്നു വലിയ ബഹളം കേള്‍ക്കാം. അമ്പടാ അവന് ഒരു പുഴുവിനെ കിട്ടിയിരിക്കുന്നു. അവന്‍ അതുയര്‍ത്തിപ്പിടിച്ച് ഇങ്ങനെ നടക്കും.... അവന്റെ കൂടെ കുറേ കുട്ടികള്‍ കൂടും. പുഴുവിനെ കിട്ടിയ കുട്ടിയാണ് അന്നു താരം. ആ പുഴുവിനെ എനിക്കിപ്പോഴും നല്ല ഓര്‍മയുണ്ട് ഒരു പലസ്തീനി പെണ്ണിനെപ്പോലെ സുന്ദരിയായ പുഴു...!

തലച്ചോര്‍ പുകയുന്ന എരിവാണ് കാസര്‍കോട്ട്

കാസര്‍കോട്ട് മസാല കൂടുതലാണ്. ആന്ധ്ര സംസ്‌കാരമാണ് അവിടെ. വിജയനഗര സാമ്രാജ്യ കാലഘട്ടത്തില്‍ യുദ്ധം ചെയ്യാന്‍ വന്നവരിലൂടെ രൂപപ്പെട്ട സംസ്‌കാരം. തേങ്ങ ചുട്ടരച്ചാണ് ചിക്കന്‍ കറി ഉണ്ടാക്കുക. അപാരരുചിയാണ്. ഇന്ത്യയിലേതു സമ്പന്നമായ ഭക്ഷണസംസ്‌കാരമാണ്. അതുപോലൊന്നു ലോകത്തെവിടെയുമില്ല. ഓരോ സംസ്ഥാനത്തും ഓരോ ഭക്ഷണമല്ലേ. അതും ഒരു സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ എത്ര വ്യത്യസ്തമാണ്....! ഇത്രയും വ്യത്യസ്തരായ ജനവിഭാഗങ്ങളുളള രാജ്യം വേറെയില്ലല്ലോ. അവര്‍ക്ക് ഉണ്ടാകുന്ന ഭക്ഷണസംസ്‌കാരവും വേറെത്തന്നെയാണ്.

കഥയെഴുത്തിനും പാചകത്തിനും ഒരേ താളം

ചെറുകഥ എഴുതുന്നതു പോലെത്തന്നെയാണ് പാചകവും. ഓരോ കറിയിലും ഓരോ ചേരുവകള്‍ ചേര്‍ക്കുന്നതു പോലെയാണു ഭാഷയില്‍ വാക്കുകള്‍ ചേര്‍ക്കുന്നത്. എഴുതുമ്പോള്‍ ഉളള കൈക്കണക്ക് പാചകത്തിലുമുണ്ട്. അതിനൊരു താളമുണ്ട്. ആ താളം പാചകവുമായി ബന്ധപ്പെട്ടതു കൊണ്ടായിരിക്കാം ഞാന്‍ പാചകത്തേയും ഇഷ്ടപ്പെടുന്നത്. അതിഥികളെ സല്‍ക്കരിക്കുക എന്നത് വടക്കരുടെ ഒരു സംസ്‌കാരമാണ്. വീട്ടില്‍ കയറിവരുന്ന ആളോട് ആദ്യം ചോദിക്കുക ഭക്ഷണം കഴിച്ചോ എന്നാണ്.

വന്‍ലാഭം ഉണ്ടാക്കണം എന്നു കരുതിയല്ല, ആളുകള്‍ക്കു നല്ല ഭക്ഷണം കൊടുക്കണം എന്ന ആഗ്രഹത്തിലാണ് ഹോട്ടല്‍ ആരംഭിക്കുന്നത്. ഇന്നത്തെ കാലത്തു വളരെ മോശം ഭക്ഷണമല്ലേ പലയിടത്തും കിട്ടുന്നത്. ചേരുവകളിലെല്ലാം മായം ചേര്‍ന്നിട്ടുണ്ട്. പാചകം അറിയുകയും 24 മണിക്കൂര്‍ അവിടെത്തന്നെ ചെലവഴിക്കാന്‍ സാധിക്കുകയും ചെയ്യുന്നൊരാളാണു യഥാര്‍ഥത്തില്‍ ഹോട്ടല്‍ തുടങ്ങേണ്ട ഒരാള്‍. അങ്ങനെ ചെയ്യുന്നൊരാള്‍ക്കേ പിടിച്ചുനില്‍ക്കാന്‍ പറ്റൂ. ഇത് ഏറ്റവും റിസ്‌ക്കുളള ഒരു മേഖലയാണ്. 100% റിസ്‌ക്കും 50% ലാഭവുമാണ് ഹോട്ടല്‍. അതാണ് ഞാൻ അതിനിട്ടിരിക്കുന്ന ക്യാപ്ഷന്‍. പക്ഷേ, നമ്മൾ വിളമ്പി ക്കൊടുത്ത ഭക്ഷണം കഴിച്ച് എഴുന്നേറ്റു പോകുമ്പോൾ ഒരാൾ എണ്ണിത്തരുന്ന സംതൃപ്തമായ ചിരിക്ക് കാശിനേക്കാൾ വിലയുണ്ട്. അതൊരു സ്പെയർ പാർട്ട്സ് കട തുടങ്ങിയാൽ കിട്ടില്ല.

ഫോട്ടോ സിദ്ദിക്കുല്‍ അക്ബര്‍

കാസര്‍കോട് കുറേ ഭാഷകള്‍ ഉളള സ്ഥലമാണെന്നറിയാമല്ലോ. അതുപോലെ ഒരുപാടു സംസ്‌കാരങ്ങളും കൂടിച്ചേര്‍ന്ന ഇടമാണ്. ആ വൈവിധ്യം ഭക്ഷണത്തിലുമുണ്ട്. കേരളത്തില്‍ ഒറോട്ടി എന്ന വിഭവം കിട്ടുന്ന രണ്ടു സ്ഥലങ്ങള്‍ ഒന്ന് കാസര്‍കോടും മറ്റൊന്ന് തിരുവനന്തപുരവുമാണ്. ഒറോട്ടി ശരിക്കു പറഞ്ഞാല്‍ കര്‍ണാടക ഭക്ഷണമാണ്. പണ്ട് അതിഥികള്‍ വീട്ടില്‍ വരുമ്പോള്‍ ഒറോട്ടിയുണ്ടാക്കും. പഴയകാലത്തു കിണറില്‍നിന്നു വെളളം കോരാനായി മണ്‍കുടമാണ് ഉപയോഗിച്ചിരുന്നത്. അതിന്റെ മുകള്‍ ഭാഗം പൊട്ടിച്ചുകളഞ്ഞിട്ട് അതിലാണു പാചകം. വിറകടുപ്പില്‍ വെക്കുന്ന ഈ പാത്രത്തിലേക്ക് അരിയും തേങ്ങയും ഉപ്പും ചേര്‍ത്ത് അരച്ചെടുത്ത മാവു കോരിയൊഴിക്കും. അരി കൊണ്ടുള്ള തന്തൂരി റൊട്ടിപോലുളള ഒന്ന്. അതും ചിക്കന്‍കറിയുമാണ് കോമ്പിനേഷൻ. ഈ ഒറോട്ടി മുറിച്ചെടുത്ത് ചിക്കന്‍ കറിയിലിടണം. പിറ്റേന്നു രാവിലെയാണ് അതു കഴിക്കാനെടുക്കുക. അന്നു നാടന്‍കോഴിയാണ്. രാവിലെ അതിലേക്കു കറിയെല്ലാം നന്നായി പിടിച്ചിട്ടുണ്ടാകും. ഭയങ്കരരുചിയാണ്. പറയുമ്പോള്‍തന്നെ വായില്‍ വെളളം വരുന്നു. പക്ഷേ, ആ രുചിവൈവിധ്യങ്ങളെല്ലാം ഹോട്ടലുകളില്‍ എത്തിക്കാന്‍ കാസര്‍കോടിനു കഴിഞ്ഞിട്ടില്ല. ഞാനതു ചെയ്യാന്‍വേണ്ടി നിന്നതാണ്, പക്ഷേ, നമ്മുടെ മനസ്സറിയുന്ന അത്തരം പാചകക്കാരനെ കൂടെ കിട്ടണ്ടേ. വ്‌ളാദിമിര്‍ പുതിനേക്കാളും വലിയ ഏകാധിപതികളാണ് ഓരോ കുക്കും. നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ കണ്ണു കൊണ്ട് നിറയൊഴിച്ച് അവർ ബാഗും തൂക്കി ഒറ്റ പോക്കു പോകും.

മീന്‍ അല്‍ഫാമോ, അതെന്തോന്ന്?

വളളക്കടവിലെ സ്‌പെഷല്‍ മീന്‍ അല്‍ഫാമാണ്. മീന്‍കൊതി തന്നെയാണ് ഇത്തരമൊരു വേറിട്ട പരീക്ഷണത്തിന് പ്രേരിപ്പിച്ചത്. കുട്ടിക്കാലത്ത് മീനുമായി മുക്കുവസ്ത്രീകള്‍ വീട്ടിലേക്കു വരും. അന്ന് ആകെ രണ്ടു ബസേ പ്രദേശത്തുളളൂ. നഗരത്തിന്റെ കഥകളുമായാണ് അവര്‍ ഗ്രാമത്തില്‍ വന്നിറങ്ങുക. ചില കുടുംബവുമായി നല്ല ആത്മബന്ധമായിരുന്നു ഇവര്‍ക്ക്. വീട്ടില്‍ വന്ന് മീനെല്ലാം വെട്ടിത്തന്ന് കഥകള്‍ പറഞ്ഞ്, ചിലപ്പോള്‍ കറിവെച്ചുതന്ന് പുറത്തെ നെല്ലിടിക്കുന്ന ചായ്പില്‍ അന്തിയുറങ്ങിയാണ് മടങ്ങുക. അന്നു തുടങ്ങിയതാണ് മീനുകളുമായിട്ടുള്ള ആത്മബന്ധം.

നല്ല മീന്‍വിഭവങ്ങള്‍ വിളമ്പണം എന്ന ആഗ്രഹത്തില്‍നിന്നാണ് വളളക്കടവ് തുടങ്ങുന്നത്. മീന്‍ അല്‍ഫാം ആയിരുന്നു സ്‌പെഷ്യല്‍. ചിക്കന്‍ അല്‍ഫാം ആസ്വദിക്കുന്ന നാം ഒട്ടും പരീക്ഷണങ്ങള്‍ക്ക് മുതിരാത്ത രുചിയാണ് മീന്‍ അല്‍ഫാമിന്റേത്. പക്ഷേ, മീന്‍ അല്‍ഫാമിന്റെ വെറൈറ്റി അറിയുന്ന ഷെഫുമാര്‍ ഇല്ല. ഒടുവില്‍ ചിക്കന്‍ അല്‍ഫാം അറിയുന്ന ആളെ കിട്ടി. അവന്റെ കൂടെ ഇരുന്ന് മാരിനേഷന്‍ പറഞ്ഞുകൊടുത്തു ചെയ്യിച്ചു. തുടക്കത്തില്‍ പാളിപ്പോയിട്ടുണ്ട്. പക്ഷേ, ചെയ്തു ചെയ്തു നന്നായി. മാംഗ്ലൂര്‍ ഫിഷ് മസാലയുണ്ട്. അതിനു പ്രത്യേക രുചിയാണ്. അതിന്റേതായ പരീക്ഷണങ്ങള്‍ നടത്തി. അങ്ങനെയാണു നമ്മുടെ സിഗ്നേച്ചര്‍ രുചിയിലുളള സാധനങ്ങള്‍ ഉണ്ടാക്കിയെടുത്തത്. ശരിക്കു പറഞ്ഞാല്‍ മീന്‍ മാരിനേറ്റ് ചെയ്ത് ഒരു ദിവസം പഴകണം, മസാല നന്നായി പിടിക്കണം. എങ്കിലേ അതിന്റെ രുചി വരൂ.

അൽഫാമിൽ രുചിയുടെ കാര്യത്തിൽ കാളാഞ്ചി വെല്ലാൻ മറ്റൊരു മീനില്ല. പക്ഷേ, അത് പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് നല്ല വൃത്തിയായി വേണം കൈകാര്യം ചെയ്യാന്‍. മീന്‍ അല്‍ഫാമിന് വലിയ കാളാഞ്ചി, അമുര്‍, യേരി തുടങ്ങിയ വലിയമീനുകള്‍ തന്നെ വേണം. അതനുസരിച്ച് വിലയും കൂടും. ശരാശരിഒരു അല്‍ഫാമിന് 300 - മുതൽ 500 വരെ വില വരും. ചിലത് ആയിരത്തിനു മുകളിലും. പക്ഷേ മൂന്നുനാലു പേർക്ക് വയറു നിറയെ കഴിക്കാം. മീൻ കഴിക്കുമ്പോൾ മീൻ തന്നെ കഴിക്കണം. എന്നാലേ അതിന്റെ യഥാർത്ഥ രുചിയുടെ രഹസ്യങ്ങളിലേക്ക് നമ്മൾ എത്തൂ. ആ ശീലം ഭൂരിപക്ഷം പേർക്കും ഇല്ല. ഫിഷ് അൽഫാംസാധാരണക്കാര്‍ക്കു താങ്ങാന്‍ പറ്റില്ല. അതുകൊണ്ട് സീ ഫുഡില്‍ തുടങ്ങിയെങ്കിലും ഇന്നു മീനിനോടൊപ്പം രുചിയുടെ വൈവിധ്യങ്ങള്‍ വളളക്കടവില്‍ ലഭിക്കുന്നുണ്ട്. ഊണിനു മറ്റു ഹോട്ടലുകളെ അപേക്ഷിച്ച് ഇവിടെ വിലക്കുറവാണ്. 50 രൂപയ്ക്കു നല്ല ഒന്നാന്തരം വെജിറ്റേറിയന്‍ ഊണ് വളളക്കടവില്‍ ലഭിക്കും. മീന്‍കറിയും പൊരിച്ചതും അവിയലും തോരനും ചമ്മന്തിയും സാമ്പാറും പുളിശ്ശേരിയും കൂട്ടിയുളള ഊണിന് വെറും100 രൂപയാണ്. 'ആളുകൾ സന്തോഷത്തോടെ കഴിക്കട്ടെ.' സന്തോഷ് ചിരിച്ചു.

ഫോട്ടോ:സിദ്ദിക്കുല്‍ അക്ബര്‍

ബീഫില്‍ കുരുമുളക് പൊടിയോ? അയാള്‍ക്കൊപ്പം സിനിമയില്ല

ഒരു സിനിമിയ്ക്കു വേണ്ടി സ്‌ക്രിപ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഫ്‌ളാറ്റില്‍ ഇരുന്നാണ് എഴുത്ത്. സംവിധായകനും കൂടെയുണ്ട്. പുളളിക്ക് ഒരു ദിവസം ബീഫ് ഉണ്ടാക്കണം എന്നുപറഞ്ഞ് അതുമായി വന്നു. ഞാനുണ്ടാക്കാം എന്നുപറഞ്ഞപ്പോള്‍ പുളളിക്കുതന്നെ പാചകം ചെയ്യണമെന്നായി. പക്ഷേ, കുറച്ചുകഴിഞ്ഞപ്പോള്‍ എന്നോടുതന്നെ പാചകം ചെയ്‌തോളൂ എന്നായി. ഞാന്‍ ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചു. ഞാന്‍ പാചകം ചെയ്യുമ്പോള്‍ അടുക്കളയിലേക്കു വരരുത്. ചിലരുണ്ട്. നമ്മള്‍ പാചകം ചെയ്യുമ്പോള്‍ സഹായിക്കാന്‍ കൂടും. ചിലരു സഹാനുഭൂതികൊണ്ടു സഹായിക്കാന്‍ വരും. നമ്മുടെ കണ്ണു തെറ്റിയാല്‍ കുറച്ച് എണ്ണയെടുത്ത് ഒഴിക്കും. അല്ലെങ്കിൽ ഉപ്പ്. എനിക്കതിഷ്ടമല്ല . അങ്ങനെ ഞാന്‍ ബീഫ് ഉണ്ടാക്കാന്‍ തുടങ്ങി. എന്തോ എടുക്കാന്‍ മാറിയ സമയത്ത് അയാള്‍ കയറി അതില്‍ കുറേ കുരുമുളക് പൊടി വിതറി. ഇനിഇയാളുമായി സിനിമ ചെയ്താല്‍ ശരിയാവില്ലെന്ന് എനിക്ക് അപ്പോള്‍തന്നെ തോന്നി. ഞാന്‍ പ്രൊഡ്യൂസറോട് കാര്യം പറഞ്ഞു. ബീഫില്‍ കുരുമുളകിട്ട ഇയാള്‍ ഞാനെഴുതുന്ന തിരക്കഥയില്‍ എന്തൊക്കെ വാരിഇടും. ആ സിനിമ പിന്നെ ആര്‍ക്കെങ്കിലും രുചിക്കുമോ? ചില ആള്‍ക്കാരുടെ സ്വഭാവം കുക്കിങ്ങിലൂടെ മനസ്സിലാക്കാന്‍ പറ്റും.

100% റിസ്‌ക്, 100% സംതൃപ്തി

ഹോട്ടല്‍ ബിസിനസ് എന്നുപറഞ്ഞാല്‍ ആദ്യത്തെ മൂന്നു മാസം നഷ്ടം. രണ്ടാം ഘട്ടത്തില്‍ ലാഭവും നഷ്ടവുമില്ല. പിന്നെയാണു ലാഭം കിട്ടിത്തുടങ്ങുക. വെല്ലുവിളികള്‍ ഏറെയാണ്. വൃത്തി വളരെ പ്രധാനപ്പെട്ട ഘടകമാണ്. അയല്‍ സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ക്ക് അത് അത്രയില്ല. മറ്റൊന്നു നമ്മുടെ ഹോട്ടലില്‍ ജോലിക്കു വന്നുതുടങ്ങുന്ന അന്നു മുതല്‍ അവര്‍ വേറെ ജോലി നോക്കിത്തുടങ്ങും. സര്‍ക്കാര്‍ ജോലി കിട്ടിയിട്ടു വേണം ലീവെടുക്കാന്‍ എന്നു ശ്രീനിവാസന്‍ സിനിമയില്‍ പറയുന്നതുപോലെ ഇവര്‍ വരുന്നതു വേറെ ജോലി നോക്കാനാണ്. 24 മണിക്കൂറും വേറെ ജോലി നോക്കിക്കൊണ്ടിരിക്കും. ഏതു സമയത്തു വേണമെങ്കിലും അവര്‍ പോകാം. യാതൊരു തരത്തിലുളള പ്രതിജ്ഞാബദ്ധതയും അവര്‍ക്കില്ല. മക്കളെ സ്‌നേഹിക്കുന്നതിലും കൂടുതല്‍ ഞാനവരെ സ്‌നേഹിച്ചുകാണും. പക്ഷേ അവര്‍ നില്‍ക്കില്ല. പോകും. രണ്ടു വര്‍ഷം കഴിഞ്ഞ് നാട്ടിലേക്കു പരമാവധി സമ്പാദിച്ചു മടങ്ങാന്‍ എത്തുന്നവരാണ് അവര്‍.

ഭക്ഷ്യവിഷബാധ വളരെയധികം ശ്രദ്ധിക്കേണ്ട മറ്റൊരു ഘടകമാണ്. പഴകിയ സാധനങ്ങള്‍ ഉണ്ടാകരുത്. സാധനങ്ങള്‍ കേടാകാതെ കൊണ്ടുപോകാന്‍ സാധിക്കണം. നമ്മുടെ മേല്‍നോട്ടമില്ലെങ്കില്‍ അതൊന്നും ശരിക്കു നടക്കില്ല. എത്തുന്നത് വ്യത്യസ്ത രീതിയിലുളള ഉപഭോക്താക്കളാണ്. ഒരാള്‍ക്ക് ഉപ്പു കൂടുതലാണെങ്കില്‍ മറ്റൊരാള്‍ക്കു കുറവായിരിക്കും. ഇതെല്ലാം നോക്കിക്കഴിഞ്ഞാല്‍ ഉറങ്ങുന്ന സമയത്തുപോലും ടെന്‍ഷനാണ്. ഇഷ്ടമുണ്ടായിട്ടു കാര്യമില്ല. അതില്‍ അത്രമാത്രം ഇന്‍വോള്‍വ് ചെയ്യുന്ന ആളായിരിക്കണം. 100 ശതമാനം റിസ്‌കാണ്. എന്നാല്‍ ഏറ്റവും തൃപ്തി തരുന്നതും.

സയ്യിദ് സി.പി.ഹാഷിം തങ്ങള്‍, നിയാസ്, ഗൗതം എന്നിവര്‍ക്കൊപ്പം സന്തോഷ് ഏച്ചിക്കാനം

ഹോട്ടല്‍ ബിസിനസില്‍ പെരുമാറ്റം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഏറ്റവും അടിസ്ഥാനമായി മനുഷ്യനു വേണ്ട ഒന്നാണു ഭക്ഷണം. നല്ല ഭക്ഷണം വിളമ്പണമെന്നു വിചാരിച്ചുതന്നെ പാചകം ചെയ്യണം. അപ്പോള്‍ പകുതി നന്നാവും. ആതിഥേയത്വം വഹിക്കുക എന്നു പറഞ്ഞാല്‍ അതൊരു നല്ല അനുഭവമല്ലേ? കഴിക്കുമ്പോള്‍ കൂടെനിന്നു സംസാരിച്ച് ഉപഭോക്താക്കളുമായി നല്ല ബന്ധം ഉണ്ടാക്കണം. ഒരാള്‍ ഭക്ഷണം കഴിച്ചു വയറും മനസ്സും നിറഞ്ഞ് ഇറങ്ങിപ്പോകുമ്പോള്‍ ലഭിക്കുന്ന സന്തോഷം ചെറുതല്ലല്ലോ. ഞാന്‍ എവിടെപ്പോയി ഭക്ഷണം കഴിച്ചാലും ഇഷ്ടപ്പെട്ടാല്‍ അടുക്കളയില്‍ കയറി ഷെഫിനെ കണ്ട് അഭിനന്ദിച്ചിട്ടേ പോകൂ. അങ്ങനെ പരിചയപ്പെട്ട് അടുത്ത സുഹൃത്തായി മാറിയ ഷെഫുമാര്‍ ഉണ്ട്.

എഴുത്തും സിനിമയുമായി തിരക്കുകളില്‍ മുങ്ങിയതോടെ നടത്തിപ്പ് മറ്റു മൂന്നു പേര്‍ക്ക് കൈമാറിയിരിക്കുകയാണ് സന്തോഷ്. ഡോ. നിസാം റഹ്‌മാനും സയ്യിദ് സി.പി. ഹാഷിം തങ്ങളും നിയാസുമാണ് ഇന്ന് വളളക്കടവിനെ മുന്നോട്ടു നയിക്കുന്നത്. ഒപ്പം എല്ലാം നോക്കിനടത്തുന്നതിനായി ഗൗതം എന്ന സുഹൃത്തുമുണ്ട്. വളളക്കടവിനെ ഒന്നുകൂടി വിപുലപ്പെടുത്താനുളള തീരുമാനത്തിലാണ് ഇവര്‍.

സ്രാവിനെ പ്രണയിക്കുന്ന ശശിധരന്‍ മാഷ്

അപാര കുക്കാണ് എന്‍. ശശിധരന്‍ മാഷ്. അദ്ദേഹം ഉണ്ടാക്കുന്ന മീന്‍കറിയുടെ അത്രയും രുചിയുളള മീന്‍കറി ജീവിതത്തില്‍ ഞാന്‍ വേറെ കഴിച്ചിട്ടില്ല. എഴുത്തുകാരിലെ ഉഗ്രന്‍ കുക്കായിട്ട് എനിക്കു തോന്നിയിട്ടുളളത് അദ്ദേഹത്തെയാണ്. ചില ആളുകള്‍ക്കു കൈപ്പുണ്യം എന്നുപറയുന്ന സാധനമുണ്ട്. മറഡോണയ്ക്കു പന്തു കിട്ടുന്നതു പോലെയാണ്. ആ പന്തുമായുളള അയാളുടെ ഇടപഴകലിന്റെ സൗന്ദര്യമില്ലേ, അതുപോലെയാണ്. ഒരു രചയിതാവ് ഭാഷയെടുത്തു കളിക്കുമ്പോള്‍ അയാള്‍ അതിലൂടെ ഉണ്ടാക്കുന്നതു വേറെയൊരു ലോകമായിരിക്കും. അതുപോലെയാണ് ശശിധരന്‍ മാഷിന്റെ പാചകവും.

മാഷ് ചെയ്യുന്നതുകണ്ടു ഞാന്‍ ഉണ്ടാക്കി നോക്കിയിട്ടുണ്ട് പക്ഷേ, നമ്മളത് ഉണ്ടാക്കിയാല്‍ അദ്ദേഹം ഉണ്ടാക്കുന്ന രുചി വരില്ല. മീന്‍ മാര്‍ക്കറ്റില്‍ പോയി പ്രണയത്തോടുകൂടി മീനെ നോക്കിനില്‍ക്കുന്നതാണു മാഷിന്് ഏറ്റവും ഇഷ്ടം. കാമുകിയേക്കാള്‍ പ്രണയത്തോടെയാണ് മാഷ് സ്രാവിനെ നോക്കിനില്‍ക്കുക. പച്ചക്കറിക്കടയില്‍ പോയി ഇതുപോലെ അതിന്റെ ഭംഗി ആസ്വദിച്ചു നില്‍ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. പച്ചക്കറിയെല്ലാം അടുക്കിവെച്ചതു കാണാന്‍ ഒരു പെയ്ന്റിങ് പോലെ മനോഹരമായിരിക്കും. അത് നോക്കിനില്‍ക്കാന്‍ എനിക്കും ഇഷ്ടമാണ്.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: santhosh echikkanam food, hotel business, fish Alfaham


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented