-
ലോക്ഡൗണ്‍ മിക്ക ആളുകളെയും അടുക്കളയില്‍ എത്തിച്ച കാലമായിരുന്നു ഇത്. പ്രത്യേകിച്ചും താരങ്ങളെ. കരിഷ്മ കപൂറിന്റെ ചോക്ലേറ്റ് കേക്ക് പരീക്ഷണവും, ദീപിക പദുക്കോണിന്റെ തായ് കുക്കിങും, സെയ്ഫ് അലി ഖാന്റെ മട്ടണ്‍ ബിരിയാണിയുമൊക്കെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത സമയം. ഇപ്പോള്‍ വീഗന്‍ സൂപ്പ് റസിപ്പിയുമായി സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത് സാമന്തയാണ്.
ലൈഫ്സ്റ്റൈല്‍ എക്സ്പേര്‍ട്ടും ന്യുട്രീഷനിസ്റ്റുമായ ശ്രീദേവി ജസ്തിയാണ് സാമന്തയുടെ വീഗന്‍ സൂപ്പ് റസിപ്പി പങ്കുവച്ചിരിക്കുന്നത്. ഒരു കോംപ്രമൈസുമില്ലാതെ നല്ല പോഷകഗുണമുള്ള ഭക്ഷണം കഴിക്കാനും പാകം ചെയ്യാനുമുള്ള സാമന്തയുടെ താല്പര്യം എന്നെ അത്ഭുതപ്പെടുത്തുന്നുവെന്നാണ് ശ്രീദേവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'ആരോഗ്യം നല്കുന്ന ഭക്ഷണം അതിന്റെ റസിപ്പികള്, ടിപ്പുകള്‍ ഇവയൊക്കെ എല്ലാവര്ക്കും ഷെയര്‍ ചെയ്യണമെന്നാണ് ആഗ്രഹം. അതും ഒരു വിട്ടുവീഴ്ചയുമില്ലാതെ. നമുക്കും മറ്റുള്ളവര്‍ക്കുമായി രുചികരമായ ഭക്ഷണമുണ്ടാക്കുന്നത് ഒരു വലിയ കഴിവാണ്. ഈ കോവിഡ് കാലമാണ് അതിന് തെളിവ്. നമ്മുടെ വീട്ടില്‍ തന്നെയുള്ള പച്ചക്കറികള്‍ ഉപയോഗിച്ച് സാമന്ത തയ്യാറാക്കിയ റസിപ്പിയാണ് ഞാന്‍ പങ്കുവയ്ക്കുന്നത്. ആരോഗ്യത്തിന് വളരെ യോചിച്ച എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വീഗന്‍ സൂപ്പാണ് ഇത്.' ശ്രീദേവി റസിപ്പിയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നു.
ചേരുവകള്‍
- ചീര, ചെറുതായി അരിഞ്ഞത്- രണ്ട് കപ്പ്
- ബ്രഹ്മി, ചെറുതായി അരിഞ്ഞത്- ഒരു കപ്പ്
- ക്യാരറ്റ്, കഷണങ്ങളാക്കിയത്- അര കപ്പ്
- തക്കാളി- ഒന്ന്
- തേങ്ങാപ്പാല്‍- നാല് കപ്പ്
- വെള്ളം- രണ്ട് കപ്പ്
- തൈം- രണ്ട് തണ്ട്
- ലെമണ്‍ഗ്രാസ്- കുറച്ച് ചതച്ച ശേഷം അരിഞ്ഞത്
- കാന്താരിമുളക്- മൂന്നെണ്ണം
- ഇഞ്ചി- ഒരു ടീസ്പൂണ്‍
- വെളുത്തുള്ളി- രണ്ടെണ്ണം
- തുളസിയില- ആറെണ്ണം
- മല്ലിയില- ഒരു പിടി, അരിഞ്ഞത്
- ഉപ്പ്, കുരുമുളക്പൊടി- പാകത്തിന്
തേങ്ങാപ്പാലില്‍ ലെമണ്‍ഗ്രാസ് ചതച്ചത് ചേര്‍ത്ത് തിളപ്പിക്കുക. നല്ല മണം വന്നു തുടങ്ങുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും തൈമും ചേര്‍ക്കാം. ഇനി ചെറുതീയില്‍ വീണ്ടും തിളപ്പിക്കാം. ഇതിലേക്ക് കഷണങ്ങളാക്കിയ തക്കാളി, ക്യാരറ്റ്, ഉപ്പ്, കുരുമുളക് പൊടി എന്നിവയും ചേര്‍ത്ത് രണ്ട് മിനിറ്റ് വേവിക്കുക. ഇനി പാകത്തിന് വെള്ളം ചേര്‍ക്കാം. ക്യാരറ്റ് പകുതി വെന്താല്‍ കാന്താകരി മുളക് ചേര്‍ക്കാം. ഇനി ഒരു മിനിറ്റ് കഴിഞ്ഞാല്‍ ബാക്കി തേങ്ങാപ്പാല്‍ കൂടി ചേര്‍ക്കാം. ഇനി തുളസിയിലയും ചേര്‍ത്ത് പത്ത് മിനിറ്റ് വേവിക്കാം. ഉപ്പും കുരുമുളക് പാകത്തിനാണോ എന്ന് നോക്കണം. ക്യാരറ്റ് നന്നായി വേവുകയും ബാക്കി ഇലകള്‍ ആവശ്യത്തിന് മാത്രം വേവുകയും ചെയ്താല്‍ തീ കെടുത്താം. മല്ലിയില കൊണ്ട് അലങ്കരിച്ച ചൂടോടെ കുടിക്കാം.
Content Highlights: Samantha Akkineni made nutritious, plant-based soup
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..