ലോകമെമ്പാടും ആരാധകരുള്ള ടർക്കിഷ് ഷെഫ് നുസ്രെത് ​ഗോക്ചെയ്ക്ക് ആരാധകർ ഏറെയാണ്. കക്ഷിയുടെ പ്രത്യേകരീതിയിലുള്ള ഇറച്ചി മുറിക്കലിനും ഉപ്പു വിതറലിനുമൊക്കെ സെലിബ്രിറ്റികൾ വരെ ആരാധകരായുണ്ട്. ലോകത്തിന്റെ പലയിടങ്ങളിലും റെസ്റ്ററന്റുകളും നുസ്രെതിനുണ്ട്. ഇപ്പോഴിതാ നുസ്രെതിന്റെ ഇം​ഗ്ലണ്ടിലെ റസ്റ്ററന്റ് ആണ് വാർത്തകളിൽ നിറയുന്നത്. സം​ഗതി പക്ഷേ അമിതവില ഈടാക്കുന്നതിന്റെ പേരിലാണെന്നു മാത്രം. 

റെസ്റ്ററന്റിൽ നിന്നുള്ള ബില്ല് സഹിതം ഒരാൾ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. താൻ വാങ്ങിച്ച ഭക്ഷണത്തിന്റെ വില കേട്ട് ഞെട്ടിയ യുവാവാണ് സം​ഗതി പങ്കുവച്ചത്. മൊത്തം 1812 പൗണ്ട് അഥവാ രണ്ടുലക്ഷത്തിനടുത്ത് രൂപയാണ് പല സാധനങ്ങൾക്കായി ഇയാൾക്ക് ചെലവായത്. ഓരോ സാധനങ്ങളുടേയും പ്രത്യേകം വിലയും ബില്ലിൽ കാണാം. 

ഒരു കോളയുടെ വില തൊള്ളായിരമാണ്. സ്റ്റീക്കിന്റെ വില അറുപത്തിമൂവായിരം. ​ഗോൾഡൻ ബർ​ഗറിന് പതിനായിരവും നുസ്രെത് സാലഡിന് രണ്ടായിരവും പ്രോൺസ് റോളിന് ആറായിരം രൂപയുമൊക്കെയാണ് വില.

ഒരു ഭക്ഷണത്തിനു വേണ്ടി ഇത്ര പൈസ കൊടുക്കുന്നതിലും ഭേദം ആ പണം അവധിക്കാലത്തിനു വേണ്ടി ചെലവഴിക്കുന്നതാണെന്നാണ് ചിത്രത്തിന് കീഴെ പലരും കമന്റ് ചെയ്യുന്നത്. ഇതെന്താ സ്വർണം കൊണ്ടുണ്ടാക്കിയ സ്റ്റീക് ആണോ എന്നും ചോദിക്കുന്നവരുണ്ട്.

ലണ്ടനിലേതുകൂടാതെ അങ്കാര, ഇസ്താംബുൾ, മിയാമി, ന്യൂയോർക്ക്, ബോസ്റ്റൺ, ഡാളസ്, ബെവെർലി ഹിൽസ്, അബുദാബി, ദുബായ് തുടങ്ങിയ ഇടങ്ങളിലും നുസ്രെതിന് റെസ്റ്ററന്റുകളുണ്ട്. 

2017ൽ നുസ്രെത് പങ്കുവച്ചൊരു വീ‍ഡിയോ ആണ് സമൂഹമാധ്യമത്തിൽ കക്ഷിക്ക് ഏറെ പ്രചാരം നൽകിയത്. ഇറച്ചി പ്രത്യേകരീതിയിൽ മുറിച്ച് ഉപ്പു വിതറുന്നതിന്റെ വീ‍‍ഡിയോ ആയിരുന്നു അത്. 

നിരവധി ബോളിവുഡ് ഹോളിവു‍ഡ് താരങ്ങളും നുസ്രെതിന്റെ റെസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പങ്കുവെക്കാറുണ്ട്. ഫുട്ബോൾ താരങ്ങളായ മെസ്സിയും മറഡോണയുമൊക്കെ നുസ്രെതിന്റെ റെസ്റ്ററന്റിൽ നിന്നുള്ള വീഡിയോകൾ പങ്കുവച്ചിരുന്നു. 

Content Highlights: Salt Bae's New London Restaurant Pricing goes viral