ലസാനയും കുനാഫയും, ഹെല്‍ത്തി പുട്ടും ടിക്കിടിയും; വെറൈറ്റിയാണിവിടെ ഇഫ്താർ വിരുന്ന്


സിറാജ് കാസിം

കോവിഡ് കാലത്തെത്തിയ റംസാനില്‍ ഫ്‌ളാറ്റിലെ 'ലോക്ഡൗണ്‍' ജീവിതത്തിനിടയിലും രുചിയുടെ സന്തോഷം പങ്കിടുകയാണ് റസീന നൂറുദ്ദീനും സിന്‍ജു സഫീറും.

•  സിൻജു സഫീറും റസീന നൂറുദ്ദീനും വിഭവങ്ങളുമായി| ഫോട്ടോ: സിദ്ദിക്കുൽ അക്ബർ

കൊച്ചി: നിലത്ത് വിരിച്ച നീലപ്പരവതാനിയില്‍ ആ കൂട്ടുകാരികള്‍ രുചിയുടെ അടയാളങ്ങള്‍ ഓരോന്നായി വിളമ്പി. പ്രോണ്‍സ് ഇഡ്ഡലി, ചിയാ മാംഗോ കസ്റ്റാര്‍ഡ്, ബേക്ക്ഡ് ചൈനീസ് സ്പ്രിങ് ചിക്കന്‍ റോള്‍, ചിക്കന്‍ ചട്ണി സമൂസ, മില്‍ക്ക് പുഡ്ഡിങ് തുടങ്ങി വിഭവങ്ങളേറെ. മഗ്രിബ് ബാങ്കൊലി കാതുകളിലേക്കെത്തുന്ന നേരത്ത് പ്രിയപ്പെട്ടവര്‍ക്കൊപ്പമിരുന്ന് നോമ്പ് തുറക്കുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ ആ കൂട്ടുകാരികള്‍ പറഞ്ഞു: അല്‍ഹം ദുലില്ലാ! (സര്‍വ സ്തുതിയും അല്ലാഹുവിന്).

കോവിഡ് കാലത്തെത്തിയ റംസാനില്‍ ഫ്‌ളാറ്റിലെ 'ലോക്ഡൗണ്‍' ജീവിതത്തിനിടയിലും രുചിയുടെ സന്തോഷം പങ്കിടുകയാണ് റസീന നൂറുദ്ദീനും സിന്‍ജു സഫീറും.

ഇടപ്പള്ളിയിലെ ട്രിനിറ്റി ഫ്‌ളാറ്റില്‍ താമസിക്കുന്ന ഇവര്‍ ഇഫ്താറിനായി രുചിയുടെ 'റെസി'ക്കൂട്ടില്‍ ഒരുമിക്കുന്നു.

വ്യത്യസ്തങ്ങളായ അറേബ്യന്‍ വിഭവങ്ങളും മലബാര്‍ വിഭവങ്ങളും തനി നാടന്‍ വിഭവങ്ങളും റെസിക്കൂട്ടിലുണ്ട്.

വ്യത്യസ്തമാം റെസി കിച്ചണ്‍
കണ്ണൂര്‍ സ്വദേശി റെസീന എട്ടു വര്‍ഷം മുമ്പാണ് കൊച്ചിയിലെത്തിയത്. ബിസിനസുകാരനായ ഭര്‍ത്താവ് നൂറുദ്ദീനും മക്കളായ നാസിലും നുഫൈസും ഫാത്തിമ സ്വാഫിയും അടങ്ങുന്ന കുടുംബവുമായി ഫ്‌ളാറ്റില്‍ താമസിക്കുമ്പോഴാണ് റെസീന പാചകലോകത്തേക്ക് സഞ്ചാരം തുടങ്ങിയത്.

''ജോലിക്കും പഠനത്തിനുമായി ഭര്‍ത്താവും മക്കളും പോയിക്കഴിഞ്ഞാല്‍ പകല്‍നേരം ഞാന്‍ ഫ്രീയാണ്. ആ സമയത്ത് വ്യത്യസ്ത വിഭവങ്ങള്‍ പരീക്ഷിച്ചു തുടങ്ങി. എല്ലാം രുചിയുള്ള വിഭവങ്ങളാണെന്ന് ഭര്‍ത്താവും മക്കളും പറഞ്ഞപ്പോള്‍, അതൊക്കെ ഫോണില്‍ പകര്‍ത്തി യു ട്യൂബില്‍ അപ്ലോഡ് ചെയ്തു. 'റെസി കിച്ചണ്‍' എന്ന യു ട്യൂബ് പരിപാടി ഹിറ്റായതോടെ ആത്മവിശ്വാസം കൂടി. ബ്ലൂബെറി ചീസ് കേക്കും ബ്രൗണിയും ഫ്രൂട്സ് സാന്‍ഡ്​വിച്ചും അടക്കമുള്ള സിഗ്‌നേച്ചര്‍ വിഭവങ്ങള്‍ ആളുകള്‍ ഏറ്റെടുത്തതോടെ പുതിയ വിഭവങ്ങളും പരീക്ഷിച്ചു തുടങ്ങി'' - റെസീന പറഞ്ഞു.

ലസാനയും കുനാഫയും
ആലപ്പുഴ സ്വദേശി സിന്‍ജു കൊച്ചിയിലെത്തിയത് രണ്ടുവര്‍ഷം മുമ്പാണ്. ഭര്‍ത്താവ് ടി.എം. സഫീറും മക്കളായ മുഹമ്മദ് നവീദും നേഹ സഫീറും അടങ്ങിയ കുടുംബത്തിന്റെ പിന്തുണയാണ് തന്റെ പാചക പരീക്ഷണങ്ങളുടെ ഊര്‍ജമെന്ന് സിന്‍ജു പറയുന്നു. ''റംസാന്‍ കാലമാണ് എന്റെ പാചക പരീക്ഷണങ്ങളുടെ സൂപ്പര്‍ഹിറ്റ് സമയം. ലസാനയും കുനാഫയും റംസാന്‍ കാലത്ത് ഹിറ്റാണ്. ചീസും വെജിറ്റബിള്‍സും ചിക്കനും ചേര്‍ത്ത് ബേക്ക് ചെയ്‌തെടുക്കുന്ന ഇറ്റാലിയന്‍ രീതിയിലുള്ള വിഭവമാണ് 'ലസാന'. ബട്ടറും ക്രീം ചീസും കുനാഫ ഡോയും ചേര്‍ത്തുണ്ടാക്കുന്ന മധുരവിഭവമാണ് 'കുനാഫ'. നോമ്പു തുറക്കാന്‍ മെയിന്‍ കോഴ്സില്‍ മജ്ബൂസും കഫ്സയുമൊക്കെ സ്വാദുള്ള വിഭവങ്ങളാണ്. ബ്രക്കോളിയും ലുക്കിനിയും മഷ്റൂമും കാരറ്റുമൊക്കെ പുഴുങ്ങിയെടുത്ത് ഒലീവ് ഓയിലില്‍ ചിക്കനും ചേര്‍ത്താണ് ഇത്തരം വിഭവങ്ങള്‍ ഉണ്ടാക്കുന്നത്'' - സിന്‍ജു പറഞ്ഞു.

ഹെല്‍ത്തി പുട്ടും ടിക്കിടിയും
ആരോഗ്യ സംരക്ഷണത്തിനുള്ള പരീക്ഷണങ്ങളാണ് റസീനയുടെ സ്‌പെഷ്യാലിറ്റി. ''ചിയാ സീഡും ഗോതമ്പും ചെറിയ ജീരകവും ഓട്സും റാഗിയും ഫ്‌ളാക് സീഡും ചോളവും ചേര്‍ത്ത് പൊടിച്ചുണ്ടാക്കുന്ന പൊടി കൊണ്ടുള്ള പുട്ടാണ് എന്റെ പുതിയ പരീക്ഷണം. വളരെ ഹെല്‍ത്തിയായ വിഭവമാണിത്. പൊടിയില്‍ വെള്ളം ചേര്‍ത്ത് കുഴച്ച് ചപ്പാത്തിയും കുറച്ചുകൂടി വെള്ളം ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കിയാല്‍ ദോശയും ഈ പൊടികൊണ്ട് ഉണ്ടാക്കാം'' - റസീന പറഞ്ഞു.

മറ്റൊരു വിഭവത്തിന്റെ കാര്യമാണ് സിന്‍ജു പറഞ്ഞത്. ''ടിക്കിടിയും മട്ടണുമാണ് എന്റെ സ്‌പെഷ്യല്‍ വിഭവം. അരിപ്പൊടി കുഴച്ച് ചെറിയ ഉണ്ടകളാക്കിയാണ് 'ടിക്കിടി' ഉണ്ടാക്കുന്നത്.

ആവിയില്‍ വേവിക്കുന്നതായതിനാല്‍ എണ്ണയുടെ പ്രശ്‌നമുണ്ടാകില്ല. മട്ടണും ചേര്‍ത്തുള്ള ടിക്കിടിയുടെ രുചി പറഞ്ഞറിയിക്കാനാകില്ല'' - സിന്‍ജു പറഞ്ഞു.

റസീനയും സിന്‍ജുവും പരിചയപ്പെടുത്തുന്ന ചില സ്‌പെഷ്യല്‍ വിഭവങ്ങള്‍

പ്രോണ്‍സ് ഇഡലി

ആവശ്യമായ ചേരുവകള്‍

• ജീരകശാല അരി - ഒരു കപ്പ്
• തേങ്ങാപ്പാല്‍- മുക്കാല്‍ കപ്പ്
• ചെമ്മീന്‍- അര കിലോ
• മല്ലിയില - കാല്‍ കപ്പ്
• കറിവേപ്പില - ആവശ്യത്തിനു
• സവാള- മൂന്നെണ്ണം
• ഇഞ്ചി - അര ടീസ്പൂണ്‍
• പച്ചമുളക് - അഞ്ചെണ്ണം
• വെളുത്തുള്ളി - അര ടീസ്പൂണ്‍
• ഉപ്പ് - ആവശ്യത്തിന്
• ഓയില്‍ - രണ്ടു ടീസ്പൂണ്‍
• കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
• ഗരം മസാല- അര ടീസ്പൂണ്‍
• മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ജീരകശാല അരി ഒരു മണിക്കൂര്‍ കുതിര്‍ത്തു വെച്ച ശേഷം ഒട്ടും വെള്ളം ചേര്‍ക്കാതെ തേങ്ങാപ്പാലില്‍ അരച്ചെടുക്കുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് ഓയില്‍ ഒഴിക്കുക. പൊടിയായി അരിഞ്ഞ സവാളയും പച്ചമുളകും കറിവേപ്പിലയും നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പൊടിയായി അരിഞ്ഞു ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും മഞ്ഞള്‍പ്പൊടി, കുരുമുളകു പൊടി, ഗരംമസാല എന്നിവയും ചേര്‍ക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ ചെമ്മീന്‍ ചേര്‍ക്കുക. കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത് നന്നായി മിക്‌സാക്കി എടുക്കുക. അതിനുശേഷം ഇഡ്ഡലിത്തട്ടില്‍ കുറച്ചു മാവ് ഒഴിക്കുക. ഉണ്ടാക്കി വെച്ച മസാല ഇടുക. അതിന്റെ മുകളില്‍ വീണ്ടും കുറച്ചു മാവ് ഒഴിക്കുക. അങ്ങനെ ഓരോന്നായി ഇഡ്ഡലി ഉണ്ടാക്കുന്നതു പോലെ ആവിയില്‍ പുഴുങ്ങിയെടുക്കുക.

ചിക്കന്‍ ചട്നി സമൂസ

ആവശ്യമായ ചേരുവകള്‍
• ചിക്കന്‍ (എല്ലില്ലാതെ) - അര കിലോ
• സവാള - രണ്ടെണ്ണം
• പച്ചമുളക് - ആറെണ്ണം
• ഉപ്പ് - ആവശ്യത്തിന്
• തേങ്ങ - രണ്ടു കപ്പ്
• കറിവേപ്പില- ആവശ്യത്തിന്
• മല്ലിയില - അര കപ്പ്
• പച്ചമാങ്ങ - ഒരെണ്ണം

ഉണ്ടാക്കുന്ന വിധം

ചിക്കന്‍ ഉപ്പിട്ട് വേവിച്ചെടുത്ത ശേഷം പൊടിച്ചെടുക്കുക. മിക്‌സിയില്‍ സവാള, തേങ്ങ, പച്ചമുളക്, കറിവേപ്പില, മല്ലിയില, ഉപ്പ് എന്നിവ ഒരുമിച്ച് അടിച്ച് ചട്നി പരുവത്തിലാക്കുക. പൊടിച്ചുവെച്ച ചിക്കനുമായി യോജിപ്പിക്കുക. സമൂസ ഷീറ്റില്‍ കോണ്‍ ആയി മടക്കി എണ്ണയില്‍ വറുത്തു കോരുക.

ചിയാ മാംഗോ കസ്റ്റാര്‍ഡ് പുഡിങ്

ആവശ്യമായ ചേരുവകള്‍
• ചിയാ സീഡ് - മൂന്നു ടേബിള്‍ സ്പൂണ്‍
• പാല്‍ - ഒന്നര കപ്പ്
• മുട്ടയുടെ മഞ്ഞക്കരു - മൂന്നെണ്ണം
• കണ്ടെന്‍സ്ഡ് മില്‍ക്ക് - അര കപ്പ്
• വാനില - ഒരു ടീസ്പൂണ്‍
• മാങ്ങ -രണ്ടെണ്ണം

ഉണ്ടാക്കുന്ന വിധം

മുട്ടയുടെ മഞ്ഞക്കരു, പാല്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, വാനില എസന്‍സ് എന്നിവയെല്ലാം ഒരുമിച്ച് മിക്‌സ് ചെയ്ത ശേഷം ഒരു പാനില്‍ ഒഴിച്ചുകൊടുക്കുക. ചെറിയ തീയില്‍ നന്നായി മിക്‌സ് ആക്കി കുറുക്കിയെടുക്കുക. ഈ കൂട്ടിലേക്ക് ചിയാ സീഡ് ഇട്ട് മിക്‌സ് ആക്കുക. പിന്നീട് സെറ്റു ചെയ്യുന്ന പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുക. അതിന്റെ മുകളിലേക്ക് ചെറുതായി മുറിച്ച മാങ്ങ ഇടുക.

Content Highlights: Raseena noorudheen and sinju safeer

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented