picറണാകുളം ഐലൻഡിലെ താത്‌കാലിക കൂടാരത്തിലാണ് റൺവീർ ബ്രാറിനെ കണ്ടത്... ലോകം മുഴുവൻ ആരാധകരുള്ള റൺവീർ ഒരു സാധാരണ ഷെഫിനെപ്പോലെ ഓടിനടന്ന് വിഭവങ്ങൾ പാകപ്പെടുത്തുകയാണ്... അനേകം ടി.വി. ഷോകളിൽ രുചിയുടെ പെരുന്നാളൊരുക്കിയ താരം. തിരക്കിനിടയിൽ റൺവീർ ഹായ് പറഞ്ഞു.‘‘നിങ്ങൾ മലയാളികൾക്ക് സ്പൈസിയായ ഭക്ഷണമാണ് ഇഷ്ടം... പലപ്പോഴും ഭക്ഷണത്തിന്റെ തനതു രുചിക്കു മേലെയാകും കറിക്കൂട്ടുകളുടെ രുചി...’’

തന്റെ തനതു ശൈലിയിൽ തയ്യാറാക്കിയ കബാബുകളുടെയും ജ്യൂസുകളുടെയും വിപുലമായ ലോകമാണ് റൺവീർ മലയാളികൾക്കായി ഒരുക്കിവെച്ചത്. ഐലൻഡിലെ സാമുദ്രിക കൺവെൻഷൻ സെന്ററിൽ മെഴ്സിഡസ് ബെൻസ് സംഘടിപ്പിച്ച ലക്‌സ്‌ ഡ്രൈവ് പരിപാടിയിലാണ് റൺവീർ അവതരിച്ചത്.

 1995-ൽ പതിനാറാമത്തെ വയസ്സിൽ രുചിക്കൂട്ടുകളുടെ ലോകം തിരഞ്ഞ് ലക്നോവിലെ തെരുവിലേക്കിറങ്ങിയ റൺവീർ ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ പഞ്ചനക്ഷത്ര ഹോട്ടലിലെ എക്സിക്യൂട്ടീവ് ഷെഫായി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ചെറുപ്രായത്തിൽ ഈ പദവിയിലെത്തുന്ന ആദ്യവ്യക്തിയാണ് റൺവീർ. ഗോവയിൽ സീഫുഡ് റസ്റ്റോറന്റ് സ്ഥാപിച്ചാണ് ഭക്ഷണലോകത്ത് ചുവടുവെച്ചത്.  കുറച്ചുകാലം യു.എസിലെ വിഖ്യാത ഹോട്ടലുകളിൽ ജോലിചെയ്ത റൺവീർ തിരിച്ചെത്തിയത് ലോകം ശ്രദ്ധിക്കുന്ന ഷെഫായിട്ടാണ്. ഹോളിവുഡിലെ പ്രമുഖ താരങ്ങളുടെ പ്രിയപ്പെട്ട പാചകരുചികൾ അന്നു ബ്രാറിന്റെ പേരിലായിരുന്നു.

ഡൽഹിയിൽ രാഷ്ട്രപതി ഭവനിലും പ്രധാനമന്ത്രിയുടെ ഓഫീസിലും ഒന്നിലേറെ തവണ വിരുന്നൊരുക്കിയ റൺവീർ ജനകീയനായത് ടി.വി. ഷോകളിലൂടെയാണ്. ബ്രേക്‌ഫാസ്റ്റ് എക്സ്‌പ്രസ്, സ്നാക് അറ്റാക്ക്‌, രൺവീർസ് കഫെ...  തുടങ്ങിയവയൊക്കെ റേറ്റിങ്ങിൽ ഏറെ മുന്നിലെത്തിയ ഷോകളാണ്. മാസ്റ്റർഷെഫ് ഇന്ത്യ അടക്കം ഒട്ടേറെ ഷോകളിൽ വിധികർത്താവായും റൺവീർ അവതരിച്ചു. ഇന്ത്യ കണ്ട ഏറ്റവും മികച്ച 50 ഷെഫുമാരുടെ ലിസ്റ്റിൽ ഇടംപിടിച്ച റൺവീറിനെ തേടി നിരവധി രാജ്യാന്തര അംഗീകാരങ്ങളും എത്തി. 

 ഓരോ നാടിനും തനതായ രുചിക്കൂട്ടുകളുണ്ട്. അത് അവിടത്തെ സംസ്കാരം, കൃഷി, കാലാവസ്ഥ തുടങ്ങിയവയൊക്കെയുമായി ബന്ധപ്പെട്ടതാണ്. ‘‘ജലാശയങ്ങൾ ഏറെയുള്ളതിനാലാണ് കേരളത്തിന്റെ തനതു ഭക്ഷണത്തിൽ മത്സ്യം പ്രധാനമായത്... തണുപ്പേറെയുള്ള സ്ഥലങ്ങളിൽ മാംസ ഭക്ഷണത്തിന് പ്രാധാന്യമുണ്ടാകും. എന്തു ഭക്ഷണമാണെങ്കിലും അതിൽ നമ്മുടെ രുചിയുടെ സ്പർശം തിരിച്ചറിയപ്പെടുക എന്നതാണ് പ്രധാനം.’’ ഓരോ നാടും യാത്രയും രുചിയുടെ പുതുലോകങ്ങളിലേക്കാണ് തന്നെ നയിക്കുന്നതെന്നും റൺവീർ പറയുന്നു.