ക്ഷണം ഒരുക്കുന്നതു മാത്രമല്ല, അതു വിളമ്പുന്നതും ഒരു കലയായി കരുതുന്നവരുണ്ട്. ഐസ്‌ക്രീം ദോശയും ചോക്ലേറ്റ് നിറച്ച ദോശയും എന്തിനധികം പറക്കും ദോശ വരെ അടുത്തിടെ വൈറലായിരുന്നു. ഇപ്പോഴിതാ അതിനെയെല്ലാം വെല്ലുന്നൊരു ദോശ വീഡിയോ ആണ് വൈറലാകുന്നത്. സംഗതി രജനീകാന്ത് സ്‌റ്റൈല്‍ ദോശയാണ്. 

മുംബൈയില്‍ നിന്നാണ് വ്യത്യസ്തമായ വീഡിയോ പുറത്തുവന്നിരിക്കുന്നത്. മുത്തു ദോശാ കോര്‍ണറിന്റെ ഉടമ മുത്തുവാണ് രജനീകാന്ത് സ്‌റ്റൈലില്‍ ദോശ ചുടുകയും വിളമ്പുകയും ചെയ്യുന്നത്. രജനീകാന്തിന്റെ കടുത്ത ആരാധകനായ മുത്തു ദോശ ഒരുക്കുമ്പോഴും രജനിയുടെ ചടുലത പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. 

മസാല ദോശകള്‍ക്ക് പേരുകേട്ടയിടമാണ് മുത്തു ദോശ കോര്‍ണര്‍. മുത്തു ദോശയ്ക്കുള്ള മാവ് പരത്തുന്നതും വെണ്ണയും പച്ചക്കറികളും മസാലയുമുള്‍പ്പെടെയുള്ളവ നിറയ്ക്കുന്നതും ശേഷം മുറിച്ചെടുത്ത് പാത്രങ്ങളിലാക്കി ഭക്ഷണപ്രേമികള്‍ക്ക് മുന്നിലേക്ക് നീട്ടുന്നതുമെല്ലാം ഒരു കലയാണ്. മിനിറ്റുകള്‍ക്കുള്ളിലാണ് കക്ഷി ഇതെല്ലാം ചെയ്യുന്നത് എന്നതാണ് പ്രത്യേകത. 

സ്ട്രീറ്റ് ഫുഡ് റെസിപീസ് എന്ന ഫേസ്ബുക് ഗ്രൂപ്പിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഇതിനകം ഒന്നര മില്യണോളം ലൈക്കുകളാണ്, ഒന്നരലക്ഷത്തോളം ഷെയറുകളുമാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. ഇത്ര സ്‌റ്റൈലിഷായി ദോശ ഉണ്ടാക്കുന്നത് കണ്ടിട്ടില്ലെന്നും പാചകം എന്നത് കലയാണെന്ന് ഓര്‍മിപ്പിക്കുന്ന വീഡിയോ എന്നുമൊക്കെ പോകുന്നു കമന്റുകള്‍. 

Content Highlights: Rajnikanth-Style Dosa By A Mumbai Food Stall Goes Viral