വീണ്ടും മഴ. ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ വരാനിരിക്കുന്ന പല വിപത്തുകളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും. ജലജന്യരോഗങ്ങള്‍ ഏറ്റവും കൂടുതല്‍ പിടിപെടുന്ന സമയമാണ് മഴക്കാലം. 

അതുകൊണ്ടുതന്നെ വെള്ളത്തിന്റെ കാര്യം നന്നായി ശ്രദ്ധിക്കണം. ചൂടാക്കിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ. ഭക്ഷണം ഉണ്ടാക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും നന്നായി ശ്രദ്ധിക്കണം, പുറത്തു നിന്നും ഭക്ഷണം വാങ്ങിക്കഴിക്കുമ്പോള്‍ പ്രത്യേകിച്ചും. 

റോഡരികുകളിലെ തട്ടുകടകളില്‍ പലഹാരങ്ങള്‍ ഒരുപാടുണ്ടാവും... അതൊന്നും കണ്ട് വായില്‍ വെള്ളം നിറയ്ക്കാന്‍ നില്‍ക്കണ്ട. തല്‍ക്കാലം റോഡരുകളിലെ പലഹാരങ്ങള്‍ പാടേ വേണ്ടെന്നു വയ്ക്കാം. ഇനി കൊതി അത്രയ്ക്കങ്ങോട്ട് സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇനി പറയുന്ന പലഹാരങ്ങളെങ്കിലും ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ നല്ലത്. 

ഐസ് മിട്ടായി 
കടപ്പുറങ്ങളിലൊക്കെ ലഭിക്കുന്ന ഐസ് ഉരതിയും ഉന്തുവണ്ടികളിലാക്കി വീടുകളിലൊക്കെ കൊണ്ടുവന്നു വില്‍ക്കുന്ന ഐസ് മിട്ടായിയും സിപ് അപ്പും ഒക്കെ നിര്‍ബന്ധമായും ഒഴിവാക്കപ്പെടേണ്ടതാണ്. മഴക്കാലത്ത് മാത്രമല്ല വേനല്‍ക്കാലത്തും ഇവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധതയില്‍ ഒരു ഗ്യാരണ്ടിയും പറയാനില്ല. 

Pani puriപാനീപൂരി 
പാനീപൂരിയ്ക്കായുള്ള പൂരി ഉണ്ടാക്കുന്ന വെള്ളത്തെക്കാളും നമ്മളെ ഭയപ്പെടുത്തുന്നത് ഇംലി പാനി എന്നു പറയപ്പെടുന്ന അതിലെ പാനിയാണ്, പൂരിയില്‍ മസാല നിറച്ച ശേഷം ഒഴിച്ചു തരുന്ന പൊടിമസാലകള്‍ കലക്കിയ വെള്ളം. പാനീപൂരി കഴിക്കുമ്പോള്‍ നമ്മളെക്കൊണ്ട് രണ്ടാമതൊന്ന് ചിന്തിപ്പിക്കുന്നത് ഈ മസാലവെള്ളമാണ്. 

മസാലകള്‍ കലക്കിയ വെള്ളമായതുകൊണ്ട് തന്നെ ഈ വെള്ളത്തിന്റെ യഥാര്‍ത്ഥ മണമോ നിറമോ നമുക്കറിയാന്‍ കഴിയില്ല. എന്തു വിശ്വസിച്ചാണ് പിന്നെ നിങ്ങള്‍ ഇത് വാങ്ങിക്കഴിക്കുന്നത്. കലക്കവെള്ളത്തിലോ മലിനജലത്തിലോ കലക്കി തന്നാലും കഴിക്കുക തന്നെ. വയറിളക്കവും ഛര്‍ദ്ദിയും വന്ന് ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോഴായിരിക്കും പിന്നീട് ഇതിനെക്കുറിച്ച് ആലോചിക്കാനുള്ള സമയം കിട്ടുന്നത്. 

തണ്ണിമത്തന്‍ വെള്ളം 
മഴയായതിനാല്‍ അധികം വെള്ളം ദാഹം ഉണ്ടാവില്ല എന്നുള്ളതാണ് ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു മാര്‍ഗം. എന്നാലും ഗ്ലാസില്‍ നിറച്ചുവച്ചിരിക്കുന്ന തണ്ണിമത്തന്‍ ജ്യൂസ് കാണുമ്പോള്‍ മനസ് ഒന്നു ചാഞ്ചാടും. കുട്ടികള്‍ക്കാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. 

ആ ആഗ്രഹത്തെ മുളയിലേ നുള്ളിക്കളയുന്നതാണ് അതിനെത്തുടര്‍ന്ന് വരുന്ന വയറിളക്കവും ഛര്‍ദ്ദിയും മൂലമുള്ള ആശുപത്രിവാസത്തേക്കാള്‍ ഏറെ നല്ലത്. തണ്ണിമത്തന്‍ മാത്രമല്ല, വിശ്വാസമില്ലാത്ത കടകളില്‍ നിന്നും ജ്യൂസ് ഐറ്റംസ് കഴിക്കുന്നത് പാടേ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. 

watermelonImage Courtecy: pixabay