പാചകത്തിന്റെ എബിസിഡി അറിയാത്തവര്‍ പോലും അടുക്കളയില്‍ കയറിയ കാലമാണിത്. കുക്കിങ് ടിപ്‌സും പുതിയ റെസിപ്പികളുമൊക്കെ അവരില്‍ പലരും പങ്കുവെക്കുകയും ചെയ്തു. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നതും ഒരു റെസിപ്പിയാണ്. കാഴ്ചയില്‍ തന്നെ മനംകവരുന്ന റെയിന്‍ബോ പ്രിസം കേക്ക് ആണത്. 

പേരുപോലെ തന്നെ മഴവില്‍ നിറത്തിലുള്ള ഒരു സ്ഫടികക്കൂടു പോലെയാണ് ഈ കേക്ക്. ജപ്പാനിലെ റെസ്റ്ററന്റ് ഉടമയായ ഹിറോയ സുനേകാവ ആണ് വ്യത്യസ്തമായ ഈ കേക്കിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഇതിനകം പതിനേഴായിരത്തിനടുത്ത് റീട്വീറ്റുകളും എണ്‍പതിനായിരത്തിനടുത്ത് ലൈക്കുകളുമാണ് സുനേകാവയുടെ റെയിന്‍ബോ കേക്കിനു ലഭിച്ചത്. 

അരമണിക്കൂറിനുള്ളില്‍ അഞ്ചു ചേരുവകള്‍ കൊണ്ട് ഈ കിടിലന്‍ കേക്ക് തയ്യാറാക്കാം. 

ചേരുവകള്‍

വെള്ളം, പാല്‍, പഞ്ചസാര, ഫ്രൂട്ട് ജ്യൂസ്, അഗാര്‍ പൗഡര്‍

തയ്യാറാക്കുന്ന വിധം

നാല് ഗ്രാം അഗാര്‍ പൗഡര്‍ 150 മില്ലി വെള്ളത്തില്‍ ചേര്‍ക്കുക. ഇതിലേക്ക് 60 ഗ്രാം പഞ്ചസാര ചേര്‍ത്ത് തിളക്കുന്നതു വരെ ചൂടാക്കുക. ശേഷം 300 മില്ലി പാല്‍ ചേര്‍ക്കാം. ചേരുവകളെല്ലാം നന്നായി മിക്‌സ് ആയിക്കഴിയുമ്പോള്‍ ഒന്നു കട്ടിയാവാന്‍ അല്‍പസമയം ഫ്രിഡ്ജില്‍ വെക്കുക, ഇതാണ് കേക്കിന്റെ ബേസ്. ഇനി മറ്റൊരു പാത്രത്തില്‍ ഇതേപോലെ ആവര്‍ത്തിക്കുക. ഇക്കുറി പാലിനു പകരം മുന്നൂറു മില്ലി വെള്ളവും ഫ്രൂട്ട് ജ്യൂസും ചേര്‍ക്കാം. തയ്യാറായിക്കഴിഞ്ഞാല് ഫ്രിഡ്ജിലേക്കു വെക്കാം. എത്ര നിറങ്ങള്‍ വേണമെന്നത് നിങ്ങളുടെ ഇഷ്ടമാണ്. വ്യത്യസ്ത നിറങ്ങളിലുള്ള ജ്യൂസുകള്‍ ഉപയോഗിച്ചാല്‍ ഭംഗിയേറും. ഓരോ തവണയും ഇപ്രകാരം ഉണ്ടാക്കി ഫ്രിഡ്ജിലേക്ക് വെക്കുക. ഇനി ഇവ പുറത്തേക്കെടുത്ത് ക്യൂബ് രൂപത്തില്‍ മുറിച്ചെടുത്ത് ആദ്യം തയ്യാറാക്കിവച്ച ബേസിനു മുകളില്‍ വെക്കാം. ഇതു നന്നായി ചേര്‍ന്നു കഴിയുമ്പോള്‍ ആവശ്യത്തിനനുസരിച്ച് മുറിച്ച് ഉപയോഗിക്കാം.

Content Highlights: rainbow prism cake recipe