കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ഇലയിട്ട് കൂണ്‍ ബിരിയാണി കഴിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള കുക്കിങ് യൂട്യൂബ് ചാനലായ വില്ലേജ് കുക്കിങ് ചാനലില്‍ അതിഥിയായി എത്തിയതാണ് രാഹുല്‍ ഗാന്ധി. പാചക സംഘം ബിരിയാണി ഒരുക്കിയപ്പോള്‍ അതിനൊപ്പം കഴിക്കാനുള്ള സാലഡ് രാഹുലിന്റെ വക. പിന്നെ കൂണ്‍ ബിരിയാണി രുചിച്ച് തമിഴില്‍ നല്ലായിറുക്ക് എന്ന് അഭിനന്ദനവും.
വില്ലേജ് കുക്കിങ് ചാനലിന്റെ വിഡിയോ താന്‍ കണ്ടിട്ടുണ്ടെന്നും ഇത്തവണ ഭക്ഷണം ഉണ്ടാക്കുന്ന സംഘത്തില്‍ തന്നെയും കൂട്ടണമെന്ന് രാഹുല്‍ ടീമിനോട് ആവശ്യപ്പെടുകയായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നുണ്ട്. തമിഴ് സ്‌റ്റൈലില്‍ വെങ്കായം, തൈര്, കല്ലുപ്പ് എന്നിങ്ങനെ ഓരോ ചേരുവയും രാഹുല്‍ കാഴ്ചക്കാര്‍ക്കു വേണ്ടി വിശദീകരിക്കുന്നുണ്ട്.
പിന്നീട് നിലത്തു വിരിച്ച പായിലിരുന്ന് ഭക്ഷണം കഴിക്കുന്നതും ചാനല്‍ ടീമുമായി സംസാരിക്കുന്നതും കാണാം. വിദേശത്തുപോയി ഭക്ഷണമുണ്ടാക്കുന്ന ഷോ ചെയ്യണമെന്ന ആഗ്രഹവും അവര്‍ രാഹുല്‍ ഗാന്ധിയുമായി പങ്കുവച്ചു. അതിനുള്ള സഹായങ്ങള്‍ നല്‍കാമെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ മറുപടി. തമിഴ് രുചിയിലുള്ള ഭക്ഷണം ഏറെ ആസ്വദിച്ചതായും രാഹുല്‍ പറയുന്നു.
പുതുക്കോട്ടൈ ജില്ലയിലെ ചിന്നവീരമംഗലമെന്ന ഗ്രാമത്തിലെ വി സുബ്രഹ്‌മണ്യന്‍, വി മുരുകേശന്‍, വി അയ്യനാര്‍, ജി തമിഴ്‌സെല്‍വന്‍, ടി മുത്തുമാണിക്കം എന്നീ അഞ്ച് സഹോദരങ്ങളും അവരുടെ മുത്തച്ഛന്‍ എം. പെരിയതമ്പിയുമാണ് വില്ലേജ് കുക്കിങ് ചാനലിന് പിന്നില്‍.
Content Highlights: Rahul Gandhi Join In Village Cooking TN's popular 'Village Cooking Channel Mushroom Biryani