ശരീരത്തിന്റെ രൂപഭംഗി മെച്ചപ്പെടുത്താന്‍ വ്യായാമം ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. വര്‍ക്ക്ഔട്ട് ചെയ്യാന്‍ ശരീരത്തിന് ധാരാളം ഊര്‍ജം ആവശ്യമുണ്ട്. ഇത് കൃത്യമായ അളവില്‍ കിട്ടിയില്ലെങ്കില്‍ മസിലില്‍ നിന്ന് പ്രോട്ടീന്‍ എടുത്തു ശരീരം ഊര്‍ജം ഉണ്ടാക്കും. ഇത് ശരീര ഭംഗി നഷ്ടപ്പെടുന്നതിനു കാരണമാകും. ഊര്‍ജം നല്‍കുന്ന ഭക്ഷണത്തോടൊപ്പം ധാരാളം പ്രോട്ടീനും അകത്തു ചെന്നില്ലെങ്കില്‍ മസിലുകളുടെ വലിപ്പം വര്‍ധിപ്പിക്കാന്‍ ശരീരത്തിന് സാധിക്കില്ല. വ്യായാമശേഷം കഴിക്കുന്ന ഭക്ഷണം പ്ലാന്‍ ചെയ്യുന്നത് ഇത് രണ്ടും മനസ്സില്‍ വെച്ചായിരിക്കണം. അല്‍പം പ്ലാന്‍ ചെയ്താല്‍ ചെലവേറിയ പ്രോട്ടീന്‍ ഷേക്കുകള്‍ കുറയ്ക്കാനോ ഒഴിവാക്കാനോ സാധിക്കും .
പാല്‍,തൈര്,യോഗര്‍ട്ട്
പാലും കൊഴുപ്പു നീക്കം ചെയ്ത പാല്‍ ഉല്‍പ്പന്നങ്ങളും ഊര്‍ജ്ജത്തിന്റെയും പ്രോട്ടീന്റെയും സമൃദ്ധമായ സ്രോതസ്സുകളാണ് . ദഹിക്കാനും ആഗിരണം ചെയ്യാനും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാത്തതിനാല്‍ ഇവ പോസ്റ്റ് വര്‍ക്കൗട്ട് ഡ്രിങ്ക് ആയി ഉപയോഗിക്കാം. ഇവയില്‍ അമിതമായി പഞ്ചസാര കലക്കി എംപ്റ്റി കാലറി കൂട്ടാതെ നോക്കണം. രുചി മെച്ചപ്പെടുത്താന്‍ പഴങ്ങള്‍ ചേര്‍ക്കുന്നതില്‍ തെറ്റില്ല. വിവിധ തരം സ്മൂത്തികള്‍/ഷേക്കുകള്‍ ആയോ വേണമെങ്കില്‍ അല്‍പ്പം പ്രോട്ടീന്‍ പൗഡര്‍ ചേര്‍ത്തോ കഴിക്കാം .
പയറുവര്‍ഗ്ഗങ്ങള്‍
കടല , ചെറുപയര്‍ തുടങ്ങിയ പയറുവര്‍ഗ്ഗങ്ങള്‍ മുളപ്പിച്ചോ വേവിച്ചോ സ്വാദിഷ്ഠമായ പോസ്റ്റ് വര്‍ക്കൗട്ട് സ്നാക്സ് ഉണ്ടാക്കാവുന്നതാണ്. ഒരു ഉദാഹരണമാണ് കടല പുളിപ്പിച്ച് അരച്ച് ഉണ്ടാക്കുന്ന ഹമുസ്. ആവശ്യത്തിന് കാലറി കൂടി ലഭിക്കാന്‍ ഗോതമ്പ് കൊണ്ടു നിര്‍മ്മിച്ച പീറ്റ ബ്രെഡ്ഡുമായി ചേര്‍ത്ത് ഇതു കഴിക്കാം.
നിലക്കടല , ബദാം, കശുവണ്ടി
ഇവയെല്ലാം ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ ഉള്ളവയും വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നവയുമാണ്. ഉയര്‍ന്ന അളവില്‍ കാലറി അടങ്ങിയിരിക്കുന്നു. ഇവ കഴിക്കുമ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കണം. നിലക്കടലയില്‍ നിന്ന് നിര്‍മ്മിക്കുന്ന പീനട്ട് ബട്ടര്‍ ചേര്‍ത്ത പലഹാരങ്ങളും കഴിക്കാമെങ്കിലും ഉപ്പും കൊഴുപ്പും അമിതമായി അകത്തു ചെല്ലുന്നതില്‍ ശ്രദ്ധ വേണം .
മുട്ട,കോഴി,മീന്‍
പെട്ടെന്നു പ്രോട്ടീന്‍ അകത്തെത്തിക്കാന്‍ പറ്റിയ ഭക്ഷണങ്ങളാണ് മുട്ട, കോഴി, മീന്‍ എന്നിവ. കോഴിമുട്ട പുഴുങ്ങി വെള്ള മാത്രംകഴിക്കാം. മാംസങ്ങളും മീനും
വേവിച്ചു കഴിക്കുന്നതാണ് നല്ലത്. ഇവയുടെകൂടെ ഏതാനും പഴങ്ങളോ പാനീയങ്ങളോ കഴിച്ചാല്‍ പെട്ടെന്നുള്ള കാലറിയുടെ ആവശ്യം പരിഹരിക്കാം. പൂര്‍ണ ആരോഗ്യവാന്മാര്‍ക്ക് ഇത്തരം ഭക്ഷണങ്ങള്‍ പരീക്ഷിക്കാമെങ്കിലും പ്രമേഹം, രക്താതിമര്‍ദ്ദം, അമിത കൊളസ്ട്രോള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ഭക്ഷണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടണം.
കടപ്പാട്: ഡോ. അരുണ്‍ മംഗലത്ത്, സര്‍ജറി വിഭാഗം, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട്
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: post workout food എല്ലാവരും വ്യായാമം ചെയ്യണോ?