ഉള്ളിൽ ബിയർ നിറച്ച ഷൂ | Photo: Twitter
വിചിത്രമായ പലതരം വസ്തുക്കളുടെ ചിത്രങ്ങളും വീഡിയോകളും നമ്മള് സോഷ്യല്‍ മീഡിയയില്‍ ദിവസവും കാണാറുണ്ട്. ഇലയുടെ ആകൃതിയില്‍ നിര്‍മിച്ച ബാഗും സാന്ഡ്വിച്ച് മാതൃകയില്‍ തീര്‍ത്ത ചെരിപ്പുമെല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയെ അമ്പരിപ്പിച്ച ഒന്നാണ്. ഇപ്പോഴിതാ ബിയര്‍ ബ്രാന്‍ഡായ ഹെനിക്കെയ്ന് അവതരിപ്പിച്ച പുതിയ ഷൂ ആണ് സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. ഹെനികിക്സ് എന്നാണ് പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഷൂവിന് നല്‍കിയിരിക്കുന്ന പേര്.
പ്രമുഖ ഷൂ ഡിസൈനര്‍ സ്ഥാപനമായ ഡൊമിനിക് സിയാംബ്രോണുമായി സഹകരിച്ചാണ് ഷൂ പുറത്തിറക്കിയിരിക്കുന്നത്. ഷൂവിന്റെ നിലത്തോട് ചേരുന്ന ഭാഗത്താണ് ബിയര്‍ നിറച്ചിരിക്കുന്നത്. അതേസമയം, ഈ ഷൂ എല്ലാദിവസവും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഹെനിക്കെയ്ന് ട്വീറ്റില്‍ വ്യക്തമാക്കി. വളരെക്കുറച്ച് ഷൂ മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
ബിയര്‍ നിറച്ച ഭാഗം സുതാര്യമായതിനാല്‍ പുറമെനിന്ന് നോക്കുമ്പോള്‍ ഇത് വ്യക്തമായി കാണാന്‍ കഴിയും. ഹെനിക്കെയ്ന്റെ ട്രേഡ്മാര്‍ക്കായ പച്ച, ചുവപ്പ്, വെള്ള നിറങ്ങളിലാണ് ഷൂ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
എന്തായാലും ബിയര്‍ നിറച്ച ഷൂ എന്ന ആശയം ട്വിറ്റര്‍ ഉപയോക്താക്കള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. എങ്ങനെയാണ് ഈ ഷൂ മേടിക്കാന്‍ കഴിയുകയെന്നും ഒരുജോടി ഷൂ വേണമെന്നും നിരവധിപ്പേര്‍ ട്വീറ്റ് ചെയ്തു. രസകരമായ കമന്റുകളും ഹെനിക്കെയ്ന്റെ ട്വീറ്റിന് ലഭിക്കുന്നുണ്ട്. ഒരു സെയ്ല്‍സ് റെപ്രസെന്റേറ്റീവ് എന്ന നിലയില്‍ ഈ ഷൂ നിര്‍ബന്ധമായും വേണമെന്ന് ഒരാള്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..