പോച്ച്ഡ് മുട്ട
ശൈത്യകാലം പടിവാതിലെത്തുമ്പോഴേക്കും പിന്നെ പലവിധം തയ്യാറെടുപ്പുകളാണ്. ഫാനുകള്ക്കും എ.സി.കള്‍ക്കും വിശ്രമം നല്കി ജാക്കറ്റുകളും കട്ടിയുള്ള പുതപ്പുകളും പുറത്തെടുത്ത് സര്‍വസജ്ജമാകും. ശരീരത്തെ ഊഷ്മളമായി നിലനിര്‍ത്താനും പ്രവര്‍ത്തനക്ഷമത ഉയര്‍ത്താനും അതിനൊപ്പം ഉത്തരേന്ത്യക്കാര്‍ ഭക്ഷണക്രമങ്ങളിലും സാരമായ മാറ്റങ്ങള്‍ വരുത്താറുണ്ട്. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മുട്ടയോളംപോന്ന മറ്റൊരു ഭക്ഷ്യവസ്തു ഇല്ലെന്നുതന്നെ പറയാം. പുഴുങ്ങിയ മുട്ട, ഓംലെറ്റ് എന്നീ പരമ്പരാഗത വിഭവങ്ങള്‍ക്കുപുറമേ വഴിയോരക്കച്ചവടക്കാര്‍ സ്വന്തംനിലയ്ക്ക് 'ഗവേഷണം നടത്തി' വിജയിച്ച പോച്ച്ഡ് മുട്ടയുടെ വൈവിധ്യമാണ് ഇപ്പോള്‍ നഗരത്തിലെ സംസാരവിഷയം. വെള്ളം ചൂടായി നേരിയ തിളവരുമ്പോള്‍ മുട്ട അതിലേക്ക് പൊട്ടിച്ചൊഴിച്ചാണ് സാധാരണ നിലയില്‍ പോച്ച്ഡ് മുട്ടകള്‍ തയ്യാറാക്കുന്നതെങ്കില്‍ ഉത്തരേന്ത്യയില്‍ ഈ വിഭവത്തിന് വെള്ളമേ വേണ്ട! നമ്മുടെ നാടന്‍ ഉണ്ണിയപ്പച്ചട്ടിക്ക് സമാനമായി ചെറിയ കുഴികളുള്ള പാത്രമാണ് പോച്ച്ഡ് മുട്ടകള്‍ പാകംചെയ്യാന്‍ ഉപയോഗിക്കുന്നത്. കനലില്‍വെച്ച് നന്നായി ചൂടായ പാത്രത്തിലെ എല്ലാ കുഴികളിലും കടുകെണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ മുറിച്ചിടുക.
ഇവയുടെ പച്ചമണം മാറുമ്പോള്‍ ചെറുതായി അരിഞ്ഞ സവാള മുറിച്ചിട്ട് വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവയും ചേര്‍ത്ത് കരിഞ്ഞുപോകാതെ ഇളക്കണം. ഇനി ഓരോ കുഴിയിലേക്കും രണ്ടു മുട്ടവീതം പൊട്ടിച്ചൊഴിക്കണം. എന്നിട്ട് മുകളില്‍ വീണ്ടും കുറച്ച് സവാളയും പച്ചമുളകും വിതറി ഉപ്പും ചേര്‍ക്കുക. അടിഭാഗം വെന്തുവരുമ്പോള്‍ ചാട്ട് മസാല വിതറി മറിച്ചിടുക. മറിച്ചിടുമ്പോള്‍ മുട്ടയുടെ മഞ്ഞക്കരു പൊട്ടാതെ ശ്രദ്ധിക്കണം.
മറിച്ചിട്ട് ഉടനെ മുഴുവന്‍ വെന്തുപോകാതെ അല്പം മല്ലിയില ചേര്‍ത്ത് പാത്രത്തിലേക്ക് മാറ്റാം. ചൂടോടെ തക്കാളി സോസോ മല്ലിയില ചട്ണിയോ ചേര്‍ത്താണ് ഡല്‍ഹി എഡിഷന് പോച്ച്ഡ് മുട്ട കഴിക്കേണ്ടത്. 40 രൂപ മുതലാണ് വില.
ഓള്‍ഡ് ഡല്‍ഹിയിലെ ചില കടകളിലും മണ്ഡി ഹൗസ് പ്രദേശത്തെ ചില വഴിയോരക്കടകളിലും ഇത് ലഭ്യമാണ്.
Content Highlights: poched egg recipe, healthy food, delhi delicacy, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..