രിസ്ഥിതിയെ കാര്‍ന്നു തിന്നുന്ന വില്ലനാണ് പ്ലാസ്റ്റിക്ക്. നിത്യജീവിതത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തുന്ന പ്ലാസ്റ്റിക്കിനെ നിര്‍മാര്‍ജനം ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.  അതിനിടെ ഓരോ ആഴ്ചയും ഏകദേശം അഞ്ച്‌ ഗ്രാം അഥവാ ഒരു ക്രെഡിറ്റ് കാര്‍ഡിനത്രയും പ്ലാസ്റ്റിക് മനുഷ്യ ശരീരത്തിനകത്തേക്ക് ചെല്ലുന്നുണ്ടെന്നാണ്‌  പുതിയ കണ്ടെത്തല്‍.

ഓസ്ട്രേലിയയിലെ ന്യൂ  കാസ്റ്റില്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ഡബ്ല്യൂ ഡബ്ല്യൂ എഫ് ഇന്റര്‍നാഷണലിന്റെ അംഗീകാരം ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ടാണ് ഇത്. 

കുടിവെള്ളത്തിലൂടെയാണ് പ്രധാനമായും മനുഷ്യനിലേക്ക് പ്ലാസ്റ്റിക്ക് എത്തുന്നത്. ജലസ്രോതസ്സുകളിലേക്ക് പ്ലാസ്റ്റിക്ക് മാലിന്യം എത്തുന്നതുവഴി കുടിവെള്ളത്തിലും പ്ലാസ്റ്റിക്ക് തരികള്‍ ചേര്‍ന്നു പോകുന്നു.

ഷെല്‍ ഫിഷ് ഇനത്തില്‍പ്പെട്ടവ ഭക്ഷിക്കുന്നതും  പ്ലാസ്റ്റിക്ക് ശരീരത്തിലേക്ക് എത്തിക്കുന്നു. അവയുടെ ദഹനേന്ദ്രിയ വ്യവസ്ഥയില്‍ എത്തപ്പെട്ട പ്ലാസ്റ്റിക്കിന്റെ അംശം മനുഷ്യരുടെ ഉള്ളിലേക്കും എത്തുമെന്നും പഠനം  സൂചിപ്പിക്കുന്നു. 

ശരാശരി 1769 പ്ലാസ്റ്റിക് തരികളാണ് ഒരാഴ്ച കുടിവെള്ളത്തിലൂടെ മനുഷന്റെ ഉള്ളിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട് . 52 പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 

Content Highlights: Plastic consuming by humans