പിസ, ബര്‍ഗര്‍, എണ്ണയില്‍ വറുത്തെടുക്കുന്ന ചിപ്‌സ് എന്നിവ ഇന്നത്തെ നമ്മുടെ ഭക്ഷണരീതിയുടെ ഭാഗമാണ്. ഇവ അധികമായി കഴിച്ചാല്‍ ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് നമുക്കറിയാം. സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ശരീരഭാരം കൂടല്‍, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗാവസ്ഥയ്ക്കു കാരണമാകുമെന്നും നേരത്തെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, സംസ്‌കരിച്ച ഭക്ഷണം അമിതമായി കഴിക്കുന്നത് ഓര്‍മശക്തിയെ ബാധിക്കുമെന്ന കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം.

പ്രായമായ എലികളില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ബ്രെയിന്‍, ബിഹേവിയര്‍, ഇമ്യൂണിറ്റി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു. 
സംസ്‌കരിച്ച ഭക്ഷണം നാലാഴ്ചയോളം എലികള്‍ക്കു നല്‍കിയപ്പോള്‍ അവരുടെ തലച്ചോറില്‍ നീര്‍വീക്കമുണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞു. ഇത് എലികളില്‍ ഓര്‍മക്കുറവുമായി ബന്ധപ്പെട്ട പെരുമാറ്റരീതിയുണ്ടാക്കിയതായി കണ്ടെത്തി. ഒമേഗ 3 ഫാറ്റി ആസിഡായ ഡി.എച്ച്.എ. അടങ്ങിയ സംസ്‌കരിച്ച ഭക്ഷണം നല്‍കിയപ്പോള്‍ ഇതില്‍ കുറവ് വന്നതായും കണ്ടെത്താന്‍ കഴിഞ്ഞു.

അതേസമയം, പ്രായം കുറഞ്ഞ എലികളില്‍ സംസ്‌കരിച്ച ഭക്ഷണം കാര്യമായ മാറ്റങ്ങളുണ്ടാക്കിയില്ലെന്ന് പഠനം വ്യക്തമാക്കുന്നു. 
ഈ കണ്ടെത്തലുകള്‍ ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെന്ന് ഓഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബിഹേവിയറല്‍ മെഡിസിന്‍ റിസേര്‍ച്ചിലെ ഗവേഷകനും അസിസ്റ്റന്റ് പൊഫസറുമായ റൂത്ത് ബാരിയെന്റോസ് പറഞ്ഞു. സംസ്‌കരിച്ച ഭക്ഷണം ശീലമാക്കുന്നത് പ്രായമായവരില്‍ വളരെ വേഗത്തില്‍ ഓര്‍മക്കുറവ് സംഭവിക്കാന്‍ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ചിലപ്പോള്‍ അല്‍ഷിമേഴ്‌സിലേക്ക് വരെ എത്തിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ ഭക്ഷണശൈലിയില്‍ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കുറയ്‌ക്കേണ്ടതിലേക്കാണ് കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നതെന്നും ഡി.എച്ച്.എ. അടങ്ങിയ സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നത് പ്രായമായവരില്‍ ഓര്‍മക്കുറവ് തടയുകയോ അല്ലെങ്കില്‍ അതിന്റെ ഓര്‍മക്കുറവ് പതുക്കെയാക്കുകയോ ചെയ്യുമെന്ന് ഡോ. റൂത്ത് പറഞ്ഞു.

Content highlights: pizza chips and other processed foods may affect your memory study reveals