പഴയിടം മോഹനൻ നമ്പൂതിരി
മുംബൈക്കാർക്ക് ഓണത്തിനുമുമ്പ് പായസങ്ങളുടെ രുചിഭേദങ്ങൾ നൽകാനാണ് പഴയിടം മോഹനൻ നമ്പൂതിരിയെത്തുന്നത്. രണ്ടുദിവസമായി പത്തോളം പായസങ്ങളുടെ വ്യത്യസ്തരുചികളാണ് പഴയിടം മുംബൈക്കാർക്ക് നൽകുക. മലയാളികളെക്കാൾ മറ്റ് ഭാഷാസമൂഹങ്ങളിൽ കേരളത്തിന്റെ രുചിയെത്തിക്കാനാണ് ഇത്തരം ആഘോഷത്തിലൂടെ സംഘാടകരായ പീപ്പിൾസ് ആർട്ട്സ് സെന്റർ ശ്രമിക്കുന്നത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഈ ആഘോഷപരിപാടികൾ. കേരളവും കടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പഴയിടം മോഹനൻനമ്പൂതിരിയുടെ രുചികളെത്തിയിട്ടുണ്ടെങ്കിലും മുംബൈയിൽ ഇത്തരമൊരു വലിയ പരിപാടി ആദ്യമായാണ്. മുംബൈ യാത്രയുമായി ബന്ധപ്പെട്ട് പഴയിടം മോഹനൻനമ്പൂതിരി സംസാരിക്കുന്നു.
പാചകത്തിലെ വിജയരഹസ്യം
പാചകത്തിൽ രഹസ്യങ്ങളില്ല. ഷഡ് രസങ്ങളുടെ കൂട്ടുകൾ മാത്രമേയുള്ളൂ. അത് കൃത്യമായും തനിമയോടെയും ചെയ്യാനായതാണ് തന്റെ വിജയരഹസ്യമെന്ന് കരുതുന്നു. ശർക്കര മാത്രംചേർത്ത് തയ്യാറാക്കുന്ന പായസങ്ങളിൽ പാൽ ചേർക്കരുത്. എന്നാൽ, തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കുന്ന പായസത്തിൽ അതാകാം. സദ്യയിൽ നെയ്യും മോരും ഒന്നിച്ച് കഴിക്കാനിടയാകരുത്. പരിപ്പ് കഴിക്കുന്നവർ നെയ്യും കഴിക്കാം. പരിപ്പ് വയറ്റിൽ ഉണ്ടാക്കാവുന്ന പ്രശ്നങ്ങൾ നെയ്യ് പരിഹരിക്കും.
പരിപ്പും നെയ്യും ചേർത്തുകഴിക്കുമ്പോൾ നെയ്യിന്റെ കൊഴുപ്പുപ്രശ്നങ്ങളും കാര്യമായി ബാധിക്കില്ല. കാളൻ കഴിക്കുമ്പോൾ ഓലനും കഴിക്കണം. കാളന്റെ പുളിയെ നേർപ്പിക്കാൻ ഓലനുകഴിയും.
.jpg?$p=b6591e7&w=610&q=0.8)
പാചകം ഒരു കല
പാചകം ഒരു കലയാണ്. കണക്കുമായി അടുത്തബന്ധമുള്ള ഒരു മേഖലയാണിത്. പാചകത്തിൽ നമ്മൾ ചേർക്കുന്ന ഓരോ ചേരുവകളുടെ അളവിലും നാം ശ്രദ്ധിക്കണം. അതാണ് മികച്ചൊരു പാചകക്കാരനാക്കുന്നത്. ക്യത്യമായ അളവിൽ ക്യത്യമായ ചേരുവകൾ ചേർത്ത് പാചകംചെയ്താൽ ഏതുകറിയും നന്നാകും. നമ്മൾ ചെയ്യുന്ന ഏതുജോലിയും ആത്മസമർപ്പണത്തോടെ ചെയ്താൽ അതിൽ വിജയിക്കാനാകുമെന്ന് എനിക്ക് ഉറച്ചവിശ്വാസമുണ്ട്. പണ്ടൊക്കെ അവസരങ്ങൾ കുറവാണ്. പാചകമേഖലയിൽ കഴിവുള്ള ഒട്ടേറെപ്പേർ മുമ്പുണ്ടായിരുന്നു. എന്നാൽ, അവസരം കിട്ടിയതുകൊണ്ടുമാത്രമാണ് ഇതുവരെ എത്തിച്ചേരാനായത്. ഭക്ഷണത്തിൽ ചേർക്കുന്ന ചേരുവകളുടെ ക്യത്യമായ അളവും ആത്മസമർപ്പണവും തന്നെയാണ് ഒരു പാചകക്കാരനുവേണ്ട രണ്ട് പ്രധാനപ്പെട്ട കഴിവുകൾ. രുചി ഉറപ്പിക്കാൻ മസാലക്കൂട്ടുകൾ കൊണ്ടുമാത്രം സാധ്യമല്ല. ഉപയോഗിക്കുന്ന പച്ചക്കറികളുടെ ഗുണംവരെ പ്രധാനമാണ്.
യാദൃച്ഛികം
പാചകം എന്ന ഈ മേഖലയിൽ വന്നിട്ട് മൂന്നുപതിറ്റാണ്ടിലധികമായി. പാചകക്കാരനാകാൻ ആഗ്രഹിച്ച ഒരാളായിരുന്നില്ല ഞാൻ. യാദൃച്ഛികമായാണ് ഈ മേഖലയിലേക്കെത്തുന്നത്. കോട്ടയം കുറിച്ചിത്താനം ശ്രീകൃഷ്ണക്ഷേത്രത്തിൽ ഇടയ്ക്ക് നാമജപമുണ്ടാകും. അപ്പോൾ ഭക്തർക്ക് ഭക്ഷണം തയ്യാറാക്കാൻ ക്ഷേത്രത്തിലെ ശാന്തി നിർബന്ധിച്ചു. കറികളൊക്കെ ഉണ്ടാക്കിയപ്പോൾ നല്ല രുചിയെന്ന് നാട്ടുകാർ അഭിപ്രായം പറഞ്ഞു. അതായിരുന്നു പാചകത്തിലേക്കുള്ള തുടക്കം. അന്ന് അമ്പതോളംപേർക്കാണ് ഭക്ഷണമുണ്ടാക്കിയത്.
സ്കൂൾകലോത്സവങ്ങൾ
കോട്ടയം ജില്ലാ സ്കൂൾകലോത്സവത്തിലാണ് ആദ്യം പങ്കാളിയായത്. പിന്നീട് പത്തിലധികം സംസ്ഥാന കലോത്സവങ്ങളടക്കം അമ്പതിലധികം കലോത്സവങ്ങൾക്കും രണ്ട് ദേശീയമീറ്റുകൾക്കും ഭക്ഷണമൊരുക്കിയിട്ടുണ്ട്. എല്ലാകാലവും എന്റെ രുചിക്കൂട്ടിന് നന്ദിപറഞ്ഞിട്ടുള്ളവർ ഏറെയാണ്. 2013-ലെ മലപ്പുറം കലോത്സവം മറക്കാനാവാത്ത അനുഭവമാണ്. കുട്ടികൾ ഉൾപ്പെടെ അമ്പതിനായിരത്തിലധികം ആളുകൾക്ക് ഭക്ഷണം നൽകിയിട്ടുണ്ട്. നാടിന്റെ ഉത്സവംപോലെയാണ് ആ കലോത്സവം ആഘോഷിക്കപ്പെട്ടത്. 30,000 ലിറ്റർ സാമ്പാർ ഉണ്ടാക്കി. കോഴിക്കോട് കലോത്സവം തുടങ്ങിയശേഷവും തിരക്കൊഴിയാത്ത ഇടം ഊട്ടുപുരയാണ്. കലോത്സവത്തിന്റെ ഊട്ടുപുരയിൽ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരെത്തി ഭക്ഷണം കഴിച്ചതും അദ്ദേഹവുമായി ഇടപഴകാനായതും വലിയ അനുഭവമാണ്.
വിദേശരാജ്യങ്ങൾ
2008 മുതൽ ഓണക്കാലത്ത് വിദേശരാജ്യങ്ങളിൽ ഭക്ഷണം ഉണ്ടാക്കുന്നത് പതിവാണ്. അമേരിക്കമുതൽ ഓസ്ട്രേലിയവരെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പോയിട്ടുണ്ട്. ബഹ്റൈൻ കേരളസമാജത്തിന്റെ ഓണാഘോഷത്തിനാണ് അയ്യായിരം മുതൽ ആറായിരം പേർക്കുവരെ ഭക്ഷണം വിളമ്പിയത്. കഴിഞ്ഞ പത്തുവർഷത്തിലധികമായി വിദേശയാത്ര തുടരുകയാണ്. ഈ വർഷവും ഓണത്തിന് വിദേശരാജ്യത്താണ്. വിദേശരാജ്യങ്ങളിൽ ചില പച്ചക്കറികൾ ലഭിക്കില്ല. ഓസ്ട്രേലിയയിൽ ചേന, അമേരിക്കയിൽ വെള്ളരിക്ക എന്നിവ കിട്ടാൻ പ്രയാസമാണ്. എങ്കിലും രുചിയിൽ ഒരുവ്യത്യാസവും വരുത്താതെ ഭക്ഷണം ലഭ്യമാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..