വൈ.പി. രാജേഷ് ട്വിറ്ററിൽ പങ്കുവെച്ച ഇൻഡിഗോ എം.ഡി. രാഹുൽ ഭാട്ടിയയുടെ ചിത്രം | Photo: Twitter
എത്രവലുതായാലും എത്രവലിയ പദവിയില്‍ എത്തിയാലും നമ്മളില്‍ പലര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ചില ശീലങ്ങളുണ്ടാകും. അത്തരം ശീലങ്ങള്‍ മറക്കാനും ചെയ്യാനും ആഗ്രഹിക്കാത്തവരായിരിക്കും മിക്കവരും. അത്തരമൊരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം നിറയ്ക്കുന്നത്.
ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ എം.ഡി.യും കോടീശ്വരനുമായ രാഹുല്‍ ഭാട്ടിയയുടെ ഒരു ചിത്രമാണ് ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. വിമാനയാത്രക്കിടെ പാര്‍ലെ-ജി ബിസ്കറ്റ് ചായയില്‍ മുക്കി കഴിക്കുകയാണ് അദ്ദേഹം.
വിമാനത്തിലെ അദ്ദേഹത്തിന്റെ സഹയാത്രികനായ മാധ്യമപ്രവര്ത്തകന് വൈ.പി രാജേഷ് ആണ് ഈ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. 57 ശതമാനം മാര്‍ക്കറ്റ് ഷെയറുമായി ഒരു വിജയകരമായ വിമാനക്കമ്പനി കെട്ടിപ്പടുക്കാന്‍ റിച്ചാര്‍ഡ് ബ്രാന്സണോ വിജയ് മല്ല്യയോ ആകേണ്ടതില്ലെന്ന ക്യാപ്ഷനോടെയാണ് വി.പി. രാജേഷ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. രാഹുല്‍ ഭാട്ടിയയുടെ ലളിത ജീവിതത്തെ പുകഴ്ത്തി നിരവധി പേരാണ് ഈ ചിത്രം റീട്വീറ്റ് ചെയ്തിരിക്കുന്നത്. തലമുറകളായി ഇന്ത്യക്കാരുടെ ഭക്ഷണസംസ്കാരത്തില്‍ ഇടം നേടിയിട്ടുള്ള ബിസ്കറ്റാണ് പാര്‍ലെ-ജി. താരതമ്യേന കുറഞ്ഞ വിലയും ഈ ബിസ്കറ്റിനെ സാധാരണക്കാരന് പ്രിയപ്പെട്ടതാക്കുന്നുണ്ട്.
ലാളിത്യമാണ് ഏറ്റവും വലിയ നേട്ടമെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. പാര്‍ലെ ജി ബിസ്കറ്റിനെയും പുകഴ്ത്തി നിരവധിപേര്‍ കമന്റ് ചെയ്യുന്നുണ്ട്. സ്വന്തം വിമാനത്തില്‍ മിഠായിയും ഭക്ഷണവും ലഭിക്കുമ്പോള്‍ പാര്‍ലെ ജി സ്വന്തം പോക്കറ്റില്‍ സൂക്ഷിക്കുന്ന മാതൃകയാക്കേണ്ടതാണെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
പ്രചോദിപ്പിക്കുന്നതാണ് ഭാട്ടിയയുടെ പ്രവര്‍ത്തിയെന്ന് മറ്റൊരാള്‍ ചിത്രം റീട്വീറ്റ് ചെയ്ത് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..