കേരളത്തില്‍ തെങ്ങുപോലെ മുക്കിലും മൂലയിലും കാണപ്പെടുന്ന ഒന്നാണ് 'പപ്പായ'. വീട്ടുവളപ്പില്‍ പ്രത്യേകിച്ച് പരിചരണം ഒന്നുമില്ലെങ്കില്‍ കൂടി നന്നായി വളരുന്ന ഒന്നാണ് പപ്പായ. ശരീരത്തിലെ സാധാരണ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ വിറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയുടെയെല്ലാം കലവറയാണ് പപ്പായ. പപ്പായയുടെ പഴം മാത്രമല്ല, ഇലയും കുരുവും എല്ലാം തന്നെ ഉപയോഗപ്രദമാണ്. വെറുതെയല്ല ക്രിസ്റ്റഫര്‍ കൊളംബസ് നൂറുകണക്കിന് വര്‍ഷം മുന്‍പേ പപ്പായയെ 'മാലാഖമാരുടെ ഫലം' എന്നു വിളിച്ചത്. 

ഉഷ്ണമേഖലകളില്‍ വളരുന്ന ഒന്നാണ് പപ്പായ. മെക്‌സിക്കോ ആണ് ഇതിന്റെ ജന്മദേശം. പോര്‍ച്ചുഗീസ് സഞ്ചാരികള്‍ വഴിയാണ് പപ്പായ ഇന്ത്യയില്‍ എത്തുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ പപ്പായ ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. 

വര്‍ഷത്തില്‍ 5.5 മില്യണ്‍ ടണ്‍ പപ്പായ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യപ്പെടുന്ന നാലാമത് സ്ഥാനത്തുള്ള ഫലമാണ് പപ്പായ (വാഴപ്പഴം, ഓറഞ്ച്, മാമ്പഴം തുടങ്ങിയ ലോകത്തിലെ ഏറ്റവും സാധാരണമായ ഉത്പന്നങ്ങളില്‍ മറ്റു മൂന്നിനങ്ങള്‍). ജനപ്രീതിയും വര്‍ധിച്ച ഡിമാന്‍ഡും കാരണം, വികസ്വര സമ്പദ്ഘടനകളിലേക്ക് പപ്പായ കയറ്റുമതി വളരെ പ്രധാനമായിരിക്കുന്നു.
ഈ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലും പപ്പായയ്ക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടുണ്ട്. 'ഡെങ്കിപ്പനി' കാരണം രക്തത്തിലെ 'പ്ലേറ്റ്ലെറ്റു'കളുടെ തോത് കുറഞ്ഞവര്‍ക്ക് അത് ഉയര്‍ത്താന്‍ പപ്പായ സഹായിക്കും എന്നുള്ള അറിവാണ് ഇതിനു പിന്നിലെ രഹസ്യം. 

പപ്പായയുടെ ഉപയോഗങ്ങള്‍
കണ്ണുകളുടെ ആരോഗ്യത്തിന്: വിറ്റാമിന്‍ 'എ' സമ്പുഷ്ടമാണ് പപ്പായ. മാത്രമല്ല ബീറ്റ-കരോട്ടിന്‍, ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍, ക്രിപ്‌റ്റോക്‌സാന്തിന്‍ തുടങ്ങിയ ഫ്‌ളാവനോയ്ഡുകളും അടങ്ങിയിരിക്കുന്നു. ഇവ കണ്ണുകളുടെ ആരോഗ്യത്തിന് വളരെ വേണ്ടതാണ്. 
പപ്പായ കഴിക്കുന്നതു വഴി മക്ലാര്‍ ഡിജിന്‍േറഷന്‍ തടയാന്‍ ഒരു പരിധിവരെ കഴിയും.

ഹൃദയത്തിന്റെ ആരോഗ്യത്തിന് 
ഉയര്‍ന്ന കൊളസ്‌ട്രോള്‍ കൊണ്ട് ഉണ്ടാകുന്ന പ്രധാനമായ രണ്ട് അവസ്ഥകളാണ് -പക്ഷാഘാതവും ഹൃദയാഘാതവും. പപ്പായയില്‍ അടങ്ങിയിട്ടുള്ള നാരുകളും നിരോക്‌സീകാരികളും രക്തധമനികളില്‍ കൊളസ്‌ട്രോള്‍ അടിയുന്നതിനെ പ്രതിരോധിക്കും.
 
പപ്പയിന്‍: പച്ച പപ്പായയുടെ തൊലിയില്‍ നിന്ന് ഊറിവരുന്ന വെള്ള ദ്രാവകമാണ് 'പപ്പയിന്‍'. രണ്ടര-മൂന്ന് മാസം പ്രായമായ കായകളില്‍ നിന്നാണ് കറ ശേഖരിക്കുന്നത്. പപ്പയിന്‍ എന്ന 'പ്രോട്ടിയസ് എന്‍സൈം' കൊണ്ട് സമൃദ്ധമാണ്. മാംസ ഉത്പന്നങ്ങള്‍ പാചകം ചെയ്യുമ്പോള്‍ മയപ്പെടുത്താന്‍ ഇതിന്റെ പച്ചക്കായ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പപ്പായ പഴുക്കുമ്പോള്‍ പപ്പയിന്‍ രാസമാറ്റം സംഭവിച്ച് ഇല്ലാതാകുന്നു. ദഹന സംബന്ധിയായ അസ്വസ്ഥതകള്‍ക്ക് പരിഹാരമായി പപ്പയിന്‍ അടങ്ങിയ ഔഷധങ്ങള്‍ ധാരാളമായി വിപണിയിലുണ്ട്. 
ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള പപ്പായയില്‍ വളരെ കുറഞ്ഞ  കലോറി  മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇത് വിശപ്പ് നിയന്ത്രിക്കുന്നതിനും ദഹനത്തിനും സഹായകമാവുന്നു. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പയിന്‍ എന്‍സൈമിന് കട്ടിയുള്ള പ്രോട്ടീന്‍ നാരുകളെപ്പോലും തകര്‍ക്കാന്‍ കഴിവുള്ളതിനാല്‍ ദഹനപ്രക്രിയ എളുപ്പമാകുന്നു.

പച്ചക്കായയില്‍ കാണപ്പെടുന്ന വെള്ള നിറത്തിലുള്ള കറയിലാണ് പപ്പയിന്‍ കൂടുതലായുള്ളത്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന 'പാപ്പെയിന്‍', 'കൈമോ പാപ്പെയിന്‍' തുടങ്ങിയ എന്‍സൈമുകള്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവ മൂലം ഉണ്ടാകുന്ന കോശജ്വലനം കുറയ്ക്കാന്‍ സഹായിക്കും.

അര്‍ബുദത്തെ പ്രതിരോധിക്കാന്‍ 
പപ്പായ ഉപയോഗിക്കുന്നത് ചില കാന്‍സറുകള്‍ക്കെതിരേ ഫലപ്രദമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ട്യൂമറുകളുടെ വളര്‍ച്ചയെക്കുറിച്ച് പഠിച്ചപ്പോള്‍ പപ്പായ ഉപയോഗിക്കുന്നത് അവയുടെ വളര്‍ച്ച മന്ദഗതിയിലാക്കുകയും ചെയ്തു എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. 
പപ്പയിന്‍ അനേകം മരുന്നുകളില്‍ ഉപയോഗപ്പെടുത്തുന്നു. പപ്പായയില്‍ കരോട്ടിന്‍, ബീറ്റ കരോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാലാണ് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. ധാരാളം ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടവുമാണ് പപ്പായ.

സൗന്ദര്യ സംരക്ഷണത്തിന്
പപ്പായയില്‍, വൈറ്റമിന്‍ 'ഇ', 'എ', 'സി' തുടങ്ങിയവയും ബീറ്റാ കരോട്ടിന്‍ പോലെയുള്ള നിരോക്‌സീകാരികളും അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റു ലക്ഷണങ്ങളെയും പ്രതിരോധിക്കും. പപ്പായയുടെ ഒരു ചെറിയ കഷണം ഏതാനും മിനിറ്റ് സമയം മുഖത്ത് ഉരസിയ ശേഷം കഴുകിക്കളയുക. ഇത് ചര്‍മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കും. പപ്പായയില്‍ കാണപ്പെടുന്ന പപ്പയിന്‍ ചര്‍മത്തിന്റെ അഴുക്കുകള്‍ നീക്കംചെയ്ത് മൃദുത്വം സംരക്ഷിക്കാന്‍ സഹായിക്കുന്നു. 

ഒരു ചെറിയ പപ്പായയില്‍ 152 ഗ്രാം കാണാവുന്നത്. 
കലോറി: 59 
കാര്‍ബോഹൈഡ്രേറ്റ്: 15 ഗ്രാം
നാരുകള്‍: 3 ഗ്രാം
പ്രോട്ടീന്‍:1  ഗ്രാം
വിറ്റാമിന്‍ സി:  157%

ആര്‍.ഡി.ഐ ( Reference Daily Intake- പ്രതിദിനം നിര്‍ദ്ദേശിച്ചിട്ടുള്ള അളവ്) 
വിറ്റാമിന്‍ എ: 33 % 
ആര്‍.ഡി.ഐ ഫോളേറ്റ്
(വിറ്റാമിന്‍ ബി 9 %)
14 % ആര്‍.ഡി.ഐ പൊട്ടാസിയം: 11 % ആര്‍.ഡി.ഐ 
ചെറിയ തോതില്‍ കാല്‍സ്യം മഗ്‌നീഷ്യം, വിറ്റാമിന്‍ ബി 1,ബി 3,ബി 5,ഇ,കെ എന്നിവയും

തലമുടിയുടെ സംരക്ഷണം 
പപ്പായയില്‍ അടങ്ങിയിട്ടുള്ള ധാതുക്കള്‍, എന്‍സൈമുകള്‍, വൈറ്റമിനുകള്‍ തലമുടി ശക്തിയോടെ വളരുന്നതിനു സഹായിക്കും. മിക്ക ഹെയര്‍ കെയര്‍ ഉത്പന്നങ്ങളിലും പപ്പായ ചേരുവയാകുന്നതിന്റെ കാരണമിതാണ്. തലയോട്ടിയില്‍ പപ്പായ പുരട്ടുന്നത് താരനെതിരേ ഫലപ്രദമാണ്.

വളരെ ഔഷധമൂല്യമുള്ള ഒരു ഫലമാണ് പപ്പായ എന്നിരുന്നാലും ചില സാഹചര്യങ്ങളില്‍ പപ്പായ കഴിക്കുന്നത് നല്ലതിനേക്കാള്‍ ഏറെ ദോഷം ചെയ്യും. ഉദാഹരണത്തിന്, ഗര്‍ഭകാലത്ത് പപ്പായ കഴിക്കുന്നത് നല്ലതല്ല. പപ്പായ ഒരു 'ചൂടുള്ള' ഫലമായാണ് കണക്കാക്കപ്പെടുന്നത്. അസംസ്‌കൃതവും അര്‍ധവളര്‍ച്ചയ്ക്ക് വിധേയമായതുമായ പപ്പായകളില്‍ അടങ്ങിയിരിക്കുന്ന 'ലാറ്റെക്‌സ്' ഗര്‍ഭാശയത്തിലെ സങ്കോചങ്ങള്‍ക്ക് ഇടയാക്കും. ഗര്‍ഭിണിയാണെങ്കില്‍ പപ്പായ കഴിക്കുന്നത് ഒഴിവാക്കാന്‍ പറയുന്നത് ഇതുകൊണ്ടാണ്.

രക്തസമ്മര്‍ദത്തിന് മരുന്നു കഴിക്കുന്നവര്‍ പപ്പായ കഴിച്ചാല്‍ ബി.പി. വല്ലാതെ താഴാന്‍ സാധ്യതയുമുണ്ട്. അതിനാല്‍, തീര്‍ച്ചയായും നിങ്ങളുടെ ഡോക്ടറോട് ചോദിച്ചതിനു ശേഷം മാത്രം ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Content Highlights: pappaya and its benefits