കൊറോണ മഹാമാരിയില്‍ ജോലി നഷ്ടപ്പെട്ടവര്‍ ലോകമെങ്ങും ധാരാളമുണ്ട്. ഒരു ദിവസം രണ്ട് ലക്ഷം കൊറോണക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. ബിസിനസുകള്‍ തകര്‍ന്നവരും ജോലി നഷ്ടപ്പെട്ടവരും കൂടി വരുമ്പോള്‍ അതില്‍ ചിലരൊക്കെ അതിജീവനത്തിന്റെ വഴിയിലാണ്. തന്റെ ജോലി നഷ്ടമായപ്പോള്‍ സ്വന്തമായി ബിസിനസ് തുടങ്ങിയ ഒരു യുവതിയുടെ ജീവിതമാണ് അതിനൊരു ഉദാഹരണം.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ഇന്ദു എന്ന സ്ത്രീയാണ് താന്‍ പുതുതായി തുടങ്ങുന്ന ബിസിനസിന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. തന്റെ ജോലി നഷ്ടമായതോടെ ഇന്ദു ദ ധാബ എന്നൊരു ഉച്ചഭക്ഷണം വില്‍ക്കുന്ന സംരംഭത്തിനാണ് ഇന്ദു തുടക്കം കുറിച്ചത്. ആവശ്യത്തിന് വിഭവങ്ങളടങ്ങിയ ഒരു പ്ലേറ്റ് മീല്‍സിന് 30 രൂപ മാത്രമാണ് ഇന്ദു ഈടാക്കുന്നത്. 

തന്റെ ഫോളോവേഴ്‌സിനോട് തനിക്ക് ആശംസകള്‍ നേരാനാണ് ഇന്ദു ആവശ്യപ്പെടുന്നത്‌. തന്റെ ജോലി നഷ്ടമായി, എങ്കിലും ഒരു പുതിയ പദ്ധതിക്ക് തുടക്കമിടുകയാണ് എന്നും അവര്‍ കുറിക്കുന്നു. ഒപ്പം ചോറ്, ചപ്പാത്തി. റയിത്ത, രാജ്മ കറി, കുറച്ച് സവാള എന്നിവ വിളമ്പിയ പ്ലേറ്റിന്റെ ചിത്രവും ഇന്ദു പങ്കുവച്ചു. 

നാല്‍പതിനായരത്തിലധികം പേരാണ് ഇന്ദുവിന്റെ പോസ്റ്റിന് ലൈക്കുകള്‍ നല്‍കിയത്. നിരവധിപ്പേര്‍ അവര്‍ക്ക് വിജയാശംസകളും നേര്‍ന്നു. കാണ്‍പൂര്‍ മേഖലയില്‍ ചെറിയ വിലയ്ക്ക് നല്ല ഭക്ഷണം വീടുകളില്‍ എത്തിച്ച് നല്‍കാനുള്ള മാര്‍ഗങ്ങളും താന്‍ നോക്കുന്നുണ്ടെന്ന് മറ്റൊരു പോസ്റ്റില്‍ ഇന്ദു കുറിക്കുന്നു.

Content Highlights: Pandemic Job Loss Prompts UP Woman to Open Her Dhaba, Earns Support from Social media