കൊറോണ വൈറസ് മൂലം നടപ്പിലാക്കിയ സാമൂഹ്യ അകലവും ലോക്ഡൗണുമെല്ലാം ജനങ്ങളുടെ സാധാരണ ജീവിതത്തെ താറുമാറാക്കിയ സമയമാണ് ഇത്. സാമൂഹ്യ അകലം പാലിക്കേണ്ടതുകൊണ്ട് മിക്ക റെസ്റ്റൊറന്റുകളും ഒരു ടേബിളില്‍ ഒരാള്‍ മാത്രം എന്ന രീതിയിലാണ് ഭക്ഷണം നല്‍കുന്നത്. ഇത്തരത്തില്‍ ഒറ്റക്കിരുന്ന് ഭക്ഷണം കഴിക്കാന്‍ മടിയുള്ളവര്‍ക്ക് സന്തോഷ വാര്‍ത്തയാണ് തായ്ലന്‍ഡിലെ മെയ്‌സണ്‍ സൈഗന്‍ എന്ന റെസ്‌റ്റൊറന്റ് നല്‍കുന്നത്. കൂട്ടിന് എതിരേയുള്ള കസേരയില്‍ ഒരു പാണ്ടയെയാണ് അവര്‍ തരിക. ജീവനുള്ളതല്ല പാവയാണെന്ന് മാത്രം. 

കൊറോണ മഹാമാരിക്ക് ശേഷം ഹോട്ടലുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. ബിസിനസിലേയ്ക്ക് തിരിച്ചെത്തിയപ്പോള്‍ കടുത്ത നിയന്ത്രണങ്ങൾ കാരണം ആളുകളുടെ വരവ് കുറഞ്ഞുവെന്നാണ് ഹോട്ടലുടമ പറയുന്നത്.

'കസ്റ്റമേഴ്‌സ് ഒറ്റയ്ക്ക് ഒരു ടേബിളില്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ തനിക്ക് വിഷമം തോന്നി. അവര്‍ക്ക് കൂട്ടിന് ആരെയെങ്കിലും നല്‍കിയാലോ എന്നായി ചിന്ത. അങ്ങനെയാണ് എല്ലാ ടേബിളിലും എതിരെയുള്ള കസേരയില്‍ പാണ്ടയെ വച്ചത്.' ഉടമയായ നാച്ച്വറ്റ് റോഡ്ചന്ദനപന്ത്കുല്‍ പറയുന്നു. 

ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചവരും ഇതൊരു നല്ല തീരുമാനമെന്നാണ് പറയുന്നത്. 'മാസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങി ആദ്യമായി ഭക്ഷണം കഴിക്കുമ്പോള്‍ കൂട്ടിന് ആരെങ്കിലുമുള്ളത് സന്തോഷമാണ്. ഈ പാവകള്‍ ഒറ്റക്കാണെന്ന തോന്നല്‍ ഇല്ലാതാക്കി.' കസ്റ്റമേഴ്‌സില്‍ ഒരാള്‍ തന്റെ അനുഭവം പങ്കുവച്ചു.

Content Highlights: Pandas give company to people eating alone at this restaurant