പദ്മ ലക്ഷ്മി | Photo: Instagram
സാമൂഹിക മാധ്യമത്തില്‍ ഏറെ സജീവമാണ് നടിയും മോഡലുമായ പദ്മ ലക്ഷ്മി. പാചക വീഡിയോകള്‍ പങ്കുവെച്ചാണ് അവര്‍ മിക്കപ്പോഴും തന്റെ ആരാധകരുമായി സംവദിക്കാറ്. യു.എസില്‍ സ്ഥിരതാമസമാക്കിയെങ്കിലും വളരെ അപൂര്‍വമായ ഇന്ത്യന്‍ രുചിക്കൂട്ടുകളും അവര്‍ തന്റെ ആരാധകര്‍ക്കുവേണ്ടി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ തന്റെ മുത്തശ്ശി പഠിപ്പിച്ച നാരങ്ങാ അച്ചാറിന്റെ രുചിക്കൂട്ട് അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ രൂപത്തില്‍ പങ്കുവെച്ചിരുന്നു.
ഇക്കുറി ഒരു ക്ലാസിക് വിഭവുമായാണ് പദ്മയുടെ വരവ്. ഏറെ പ്രശസ്തമായ ബി.എൽ.ടി. സാന്ഡ്വിച്ച് തയ്യാറാക്കുന്ന വീഡിയോയും റെസിപ്പിയുമാണ് അവര്‍ പങ്കുവെച്ചിരിക്കുന്നത്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നതെന്ന് അവര്‍ വീഡിയോയിലൂടെ കൃത്യമായി കാണിച്ചു തരുന്നുണ്ട്.
അധികം ബുദ്ധിമുട്ടുകളില്ലാതെ, വളരെ വേഗത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന സാന്‍ഡ് വിച്ച് ആണിത്.
വേനല്‍ക്കാലം തക്കാളി ധാരാളമായി ലഭിക്കുന്ന സമയമാണെന്നും തക്കാളി കിട്ടുന്ന സമയം ബി.എല്‍.ടി.യുടെ സമയമാണെന്നും റെസിപ്പി പങ്കുവെച്ച് അവര്‍ കുറിച്ചു.
പദ്മ ലക്ഷ്മി പങ്കുവെച്ച ബി.എല്‍.ടി. സാന്ഡ്വിച്ച് റെസിപ്പി പരിചയപ്പെടാം.
ആവശ്യമുള്ള സാധനങ്ങള്‍
- ബേക്കണ്‍(ഇറച്ചി)
- തക്കാളി
- ലെറ്റിയൂസ്
- ബ്രെഡ്
- ക്രീമി മയൊണൈസ്
- കടുക്
- തേന്‍
- ഉപ്പ്
- കുരുമുളക്
അടുപ്പില്‍ ഒരു പാന്‍വെച്ച് നന്നായി ചൂടായി കഴിയുമ്പോള്‍ തീ കുറച്ചുവെച്ച് ബേക്കണുകള് ഓരോന്നായി വെച്ച് വേവിച്ചെടുക്കാം. ഇത് ഓവനിലോ മൈക്രോവേവിലോ വേവിച്ചെടുക്കാം.
തക്കാളി വട്ടത്തില്‍ അരിഞ്ഞെടുക്കാം. ഇതിനുമുകളില്‍ സ്വല്പം ഉപ്പും കുരുമുളകും വിതറാം.
തേനും കടുകും ചേര്‍ത്ത് ഇളക്കിയെടുത്ത മിശ്രിതം ബേക്കണിന്റെ മുകളില്‍ അത് വേവിച്ചെടുക്കുമ്പോള്‍ തന്നെ പുരട്ടിക്കൊടുക്കാം.
ശേഷം രണ്ട് ബ്രെഡ് കഷ്ണങ്ങളെടുത്ത് അതിനുള്ളില്‍ മയൊണൈസ് പുരട്ടിയ ശേഷം നേരത്തെ തയ്യാറാക്കിയ കടുക് തേന്‍ മിശ്രിതം ബാക്കിയുള്ളത് കൂടി തേച്ച് പിടിപ്പിക്കാം. ശേഷം അടിയിലെ ബ്രെഡ് കഷ്ണത്തിന് മുകളില്‍ ലെറ്റിയൂസ്, വേവിച്ചെടുത്ത ബേക്കണ്‍, തക്കാളി എന്നിവ വെച്ച് മറ്റൊരു ബ്രെഡ് മുകളില്‍ വെച്ച് കഴിക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..