ഇന്ത്യന്‍ ശൈലിയിലുള്ള ഭക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത വിഭവങ്ങളിലൊന്നാണ് ചട്‌നി. ദോശ മുതലുള്ള പ്രഭാതഭക്ഷണങ്ങളിലും ഊണിലും വരെ നമ്മള്‍ വിവിധ തരത്തിലുള്ള ചട്‌നി ഉണ്ടാക്കാറുണ്ട്. ഇന്ത്യന്‍ വംശജയും അമേരിക്കന്‍ മോഡലും ടെലിവിഷന്‍ അവതാരകയുമായ പദ്മ ലക്ഷ്മി തയ്യാറാക്കിയ ക്രാന്‍ബെറി ചട്‌നി പരിചയപ്പെടാം. 
തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പദ്മ ചട്‌നി ഉണ്ടാക്കുന്ന വീഡിയോ പങ്കുവെച്ചത്. 

താങ്ക്‌സ്‌ഗിവിങ് ഭക്ഷണമായാണ് പദ്മ ചട്‌നി തയ്യാറാക്കിയിരിക്കുന്നത്. താങ്ക്‌സ്‌ഗിവിങ്  മേശയില്‍ എരിവും പുളിയുമൊക്കെ അടങ്ങിയ എന്തെങ്കിലും വിഭവം വേണമെന്ന് പദ്മ പറഞ്ഞു. തന്റെ ആന്റിയായ ബാലയില്‍നിന്നാണ് ഈ ചട്‌നി ഉണ്ടാക്കാന്‍ പഠിച്ചതെന്ന് അവര്‍ പറഞ്ഞു. ഈ ചട്‌നിക്ക് തനത് ഇന്ത്യന്‍ രുചിയാണ് ഉള്ളതെന്നും പദ്മ ഉറപ്പുനല്‍കുന്നു. 

24 ഔണ്‍സ്(600 ഗ്രാം) ക്രാന്‍ബെറിയാണ് പദ്മ ചട്‌നി തയ്യാറാക്കാന്‍ എടുത്തത്. കടുകെണ്ണ, കശ്മീരി മുളക് പൊടി, കാല്‍ ടീസ്പൂണ്‍ ഉലുവ, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ കായം എന്നിവയാണ് ചട്‌നിയില്‍ ചേര്‍ത്തിരിക്കുന്നത്. സ്വാദനുസരിച്ച് ഉപ്പും പഞ്ചസാരയും ഒപ്പം വെള്ളവും ചേര്‍ക്കാം.

നല്ല വലുപ്പമുള്ള ഒരു പാത്രമെടുത്ത് അടുപ്പില്‍ വെച്ച് നന്നായി ചൂടാക്കുക. പാത്രം നന്നായി ചൂടായി കഴിയുമ്പോള്‍ ഇതിലേക്ക് കടുകെണ്ണ ഒഴിക്കുക. ശേഷം ക്രാന്‍ബെറി ഇതിലേക്ക് ചേര്‍ക്കുക. നന്നായി വഴറ്റുക. ചെറുതീയില്‍ ക്രാന്‍ബെറി വേവിച്ചെടുക്കുക. പാത്രം മൂടിവെച്ച് ഇത് നന്നായി വേവുന്നതുവരെ കാത്തിരിക്കാം.

ഇടയ്ക്ക് പാത്രത്തിന്റെ അടിയില്‍ പിടിച്ചുപോകാതെ ഇളക്കിക്കൊടുക്കാം. ഇതിലേക്ക് ഉപ്പ് ആവശ്യത്തിന് ചേര്‍ത്തുകൊടുക്കാം. നന്നായി ഇളക്കിച്ചേര്‍ത്തശേഷം പഞ്ചസാര ആവശ്യമെങ്കില്‍ ചേര്‍ത്ത് കൊടുക്കാം. ഇതും നന്നായി ഇളക്കിച്ചേര്‍ക്കുക. ശേഷം കശ്മീരി മുളക് പൊടി ചേര്‍ത്തുകൊടുക്കാം. ചട്‌നി പാത്രത്തിന്റെ അടിയില്‍ പിടിക്കുന്നുണ്ടെന്ന് തോന്നുകയാണെങ്കില്‍ ഒരു കപ്പ് വെള്ളം ഒഴിച്ചുകൊടുക്കാം. അതിനുശേഷം 20 മിനിറ്റ് നേരം ഇത് ചെറുതീയില്‍ വേവിച്ചെടുക്കാം.

ഉലുവ നന്നായി വറുത്തശേഷം പൊടിച്ച് ചട്‌നിയില്‍ ചേര്‍ക്കാം. ഒപ്പം സ്വല്‍പം കായവും മഞ്ഞള്‍പൊടിയും ചേര്‍ക്കാം. 

Content highlights: Padma lakshmi shares indian style caranberry chutney, Food recipe, Thanksgiving meal