പദ്മ ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്
ഇന്ത്യക്കകത്തും പുറത്തുമായി ധാരാളം ആരാധകരുള്ള നടിയും മോഡലുമാണ് പദ്മ ലക്ഷ്മി. ഇന്ത്യന്‍ വംശജയായ അവര്‍ മിക്കപ്പോഴും തനത് ഇന്ത്യന്‍ വിഭവങ്ങളുടെ റെസിപ്പി വീഡിയോയുമായി സാമൂഹികമാധ്യമത്തില്‍ എത്താറുണ്ട്. മുത്തശ്ശി പഠിപ്പിച്ച നാരങ്ങാ അച്ചാര്‍ റെസിപ്പിയും തക്കാളി സോസുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഓരോ വിഭവങ്ങള്‍ എപ്രകാരം തയ്യാറാക്കുന്നു എന്നതിന് പുറമെ അവയുടെ ആരോഗ്യഗുണങ്ങളും പദ്മ കൃത്യമായി വീഡിയോയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഒരു സ്‌പെഷ്യല്‍ സാലഡ് റെസിപ്പിയുമായി എത്തിയിരിക്കുകയാണ് താരം. വെള്ളക്കടല-ചീരയില റെസിപ്പിയുടെ വീഡിയോയുമായാണ് പദ്മ ഇത്തവണ എത്തിയിരിക്കുന്നത്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ സാലഡ് എന്ന് വീഡിയോയില്‍ പദ്മ അവകാശപ്പെടുന്നു. പ്രോട്ടീന്‍ കൂടുതലായി അടങ്ങിയ, അതേസമയം കലോറി തീരെ കുറഞ്ഞ സാലഡ് ആണിത്. കുറച്ച് ചേരുവകള്‍ മാത്രമേ ആവശ്യമുള്ളതിനാല്‍ വളരെ വേഗത്തില്‍ തയ്യാറാക്കാന്‍ കഴിയും എന്ന പ്രത്യേകതയുമുണ്ട്. വെജിറ്റേറിയന്‍, വീഗന്‍ ഡയറ്റ് പിന്തുടരുന്നുവര്‍ക്കും ഈ സാലഡ് മികച്ചതാണെന്ന് പദ്മ പറഞ്ഞു.
ആവശ്യമുള്ള സാധനങ്ങള്‍
- വെള്ളക്കടല വെള്ളത്തിലിട്ട് കുതിര്‍ത്ത്, വെള്ളം വാര്‍ന്നത്
- ചീരയില
- ചുവന്ന ബെല്‍പെപ്പര്‍(ചെറുതായി അരിഞ്ഞത്)
- ഉള്ളിത്തണ്ട് -2 ടേബിള്‍ സ്പൂണ്‍
- നാരങ്ങാ നീര് -രണ്ട് വലിയ നാരങ്ങയുടെ നീര്
- ഒലിവ് ഓയില്‍ -ആവശ്യത്തിന്
- കുരുമുളക് -അര ടീസ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
വലിയൊരു ബൗള്‍ എടുത്ത് അതിലേക്ക് നേരത്തെ കുതിര്‍ത്തെടുത്ത വെള്ളക്കടല എടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ റെഡ് ബെല്‍ പെപ്പര്‍ ചേര്‍ക്കുക. ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ഉള്ളിത്തണ്ട് അരിഞ്ഞതും അല്‍പം ഒലീവ് ഓയിലും കൂടി ചേര്‍ക്കുക. ശേഷം നാരങ്ങാ നീരും ചീരയിലയും കൂടി ചേര്‍ത്ത് നന്നായി ഇളക്കിച്ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പുകൂടി ചേര്‍ത്ത് വീണ്ടും ഇളക്കാം. ഇതിലേക്ക് കുരുമുളക് ചെറുതായി ചൂടാക്കി പൊടിച്ചത് കൂടി ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കണം.
വായു കടക്കാത്ത പാത്രത്തില്‍ അടച്ചുവെച്ച ശേഷം ഒരാഴ്ച വരെ ഫ്രിഡ്ജില്‍ കേടാകാതെ സൂക്ഷിക്കാമെന്ന് പദ്മ പറഞ്ഞു. എരിവ് ഇഷ്ടമുള്ളവര്‍ക്ക് അല്‍പം മുളകും ഇതിനൊപ്പം ചേര്‍ക്കാം.
Content Highlights: padma lakshmi shares chickpea spinach salad recipe, weight loss salad recipe, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..